''എഡിറ്റ് ചെയ്യാത്ത പൂർണദൃശ്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുന്നത്. ഏത് അന്വേഷണവുമായി സഹകരിക്കാം'', ടിവി 9 ഭാരത് വർഷ് എക്സിക്യൂട്ടീവ് എഡിറ്റർ രാഹുൽ ചൗധുരി. 

മുംബൈ: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരായ ഒളിക്യാമറാ ദൃശ്യങ്ങൾ എഡിറ്റ് ചെയ്യാതെ പൂർണരൂപത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി ടിവി 9 ഭാരത് വർഷിന്‍റെ എക്സിക്യൂട്ടീവ് എഡിറ്റർ രാഹുൽ ചൗധരി. ഏത് അന്വേഷണവുമായും സഹകരിക്കാമെന്നും ചാനലിന് ഗൂഢലക്ഷ്യങ്ങളില്ലെന്നും രാഹുൽ ചൗധരി വ്യക്തമാക്കി.

ദില്ലിയിൽ നിന്ന് വന്ന മാധ്യമപ്രവർത്തകർ എന്ന പേരിലാണ് സമീപിച്ചതെന്ന എം കെ രാഘവന്‍റെ വാദം തെറ്റാണെന്നും ചാനൽ വ്യക്തമാക്കി. കൺസൾട്ടൻസി സ്ഥാപനമെന്ന നിലയിലാണ് രാഘവനെ സമീപിച്ചത്. അത് വീഡിയോയിൽത്തന്നെ വ്യക്തമാണെന്നും രാഹുൽ ചൗധരി പറ‌ഞ്ഞു. 

കേരളാ പൊലീസിൽ നിന്ന് ഇതുവരെ ആരും വിളിച്ചിട്ടില്ല. വിളിച്ചാൽ സഹകരിക്കും. ഞങ്ങളുടെ അന്വേഷണത്തിന് പിന്നിൽ ഒരു പാർട്ടിയുമില്ല. സിപിഎം ആണെന്ന വാദം അടിസ്ഥാനരഹിതമാണ്. സ്റ്റിംഗ് ഓപ്പറേഷനിൽ ബിജെപി, കോൺഗ്രസ്, ആം ആദ്മി എന്നീ പാർട്ടികളിൽ നിന്നുള്ള എംപിമാരുണ്ടായിരുന്നു. ഇത് തന്നെ, വസ്തുനിഷ്ഠവും നിഷ്‍പക്ഷവുമായ അന്വേഷണമാണെന്ന് തെളിയിക്കുന്നതാണെന്ന് രാഹുൽ ചൗധരി വ്യക്തമാക്കി. 

തെരഞ്ഞെടുപ്പിന് മുന്നോടിയായി ചാനൽ പ്ലാൻ ചെയ്ത അണ്ടർ കവർ ഓപ്പറേഷനാണിത്. സത്യം പുറത്തുവരണം എന്നത് മാത്രമായിരുന്നു അജണ്ട. ഞങ്ങളുടെ സ്റ്റിംഗ് ഓപ്പറേഷൻ സത്യസന്ധമാണെന്ന് ഏത് ഏജൻസിക്ക് മുന്നിലും തെളിയിക്കാം. നിയമനടപടികൾ നേരിടാനും ഒരുക്കമാണെന്നും രാഹുൽ ചൗധരി പറ‌‌ഞ്ഞു.

രാഘവന്‍റെ ശബ്ദം ഡബ്ബ് ചെയ്ത് കയറ്റിയെന്ന വാദവും ചാനൽ എക്സിക്യൂട്ടീവ് എഡിറ്റർ തള്ളി. ''വീഡിയോയിൽത്തന്നെ രാഘവൻ സംസാരിക്കുന്നത് വ്യക്തമാണ്. ആ ഓഡിയോയിൽ ഡബ്ബ് ചെയ്തെന്ന ആരോപണം പരിശോധിക്കട്ടെ. ഏത് പരിശോധനയുമായും സഹകരിക്കും.'', രാഹുൽ ചൗധരി വ്യക്തമാക്കി. 

എന്തുകൊണ്ട് രാഘവൻ?

കേരളത്തിൽ 19 എംപിമാരുണ്ടായിട്ടും എന്തിനാണ് എം കെ രാഘവനെത്തന്നെ തെര‌ഞ്ഞെടുത്തതെന്നാണ് ‍ന്യൂസ് അവർ അവതാരകൻ വിനു വി ജോൺ ചോദിച്ചത്. കേരളത്തിൽ വേറെ ആരെയെങ്കിലും സ്റ്റിംഗ് ഓപ്പറേഷന് വേണ്ടി സമീപിച്ചിരുന്നോ എന്ന ചോദ്യത്തിന് രാഹുൽ ചൗധരി നൽകിയ മറുപടി ഇങ്ങനെയാണ്:

''കേരളത്തിൽ നിന്ന് ആദ്യം ഞങ്ങൾ സമീപിച്ചത് എം കെ രാഘവനെയാണ്. ഒരു സ്ഥലമിടപാടിൽ സഹായിച്ചാൽ പണം തരാമെന്ന് ഞങ്ങൾ വാഗ്‍ദാനം ചെയ്തു. കാണാമെന്ന് രാഘവൻ ഉടനടി സമ്മതിച്ചു. നേരത്തേ തന്നെ ഈ പണം നൽകുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഉടനെ പണം നൽകാമെന്ന് പറഞ്ഞപ്പോൾ നേരിട്ട് കാണാമെന്ന് സമ്മതിച്ചു.''

ഇതിലെന്തെങ്കിലും ഫോളോ അപ്പ് നടത്തിയിരുന്നോ എന്നും വിനു വി ജോൺ ചോദിച്ചിരുന്നു. ഫോളോ അപ്പുണ്ടായിരുന്നില്ലെന്നും, നേരിട്ട് കണ്ടപ്പോൾ പണം നൽകാമെന്ന് പറഞ്ഞത് അംഗീകരിച്ചത് തന്നെ വാർത്തയാക്കിയെന്നും രാഹുൽ ചൗധരി പറയുന്നു.