ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിലെ മുഖ്യമന്ത്രിയുടെ രഹസ്യ ഡയറി ആദായ നികുതി വകുപ്പ് പിടിച്ചെടുത്തുവെന്ന വിവരം മാധ്യമ പ്രവര്‍ത്തക സ്വാതി ചതുര്‍വേദിയാണ് ആദ്യം ട്വീറ്റ് ചെയ്തത്. പിന്നാലെ കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാംഗം ഗോവിന്ദരാജിന്റെ വസതിയില്‍ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയുടെ വിവരങ്ങളുമായി ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ മറുപടി ട്വീറ്റെത്തി.
ബംഗളുരു: 'ബിജെപി ഡയറി'യും 'കോണ്‍ഗ്രസ് ഡയറി'യുമാണ് ട്വിറ്ററിലെ തെരഞ്ഞെടുപ്പ് സംവാദങ്ങളില്‍ ഇപ്പോള്‍ ചൂടേറിയ വിഷയങ്ങളിലൊന്ന്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിലെ മുഖ്യമന്ത്രിയുടെ രഹസ്യ ഡയറി ആദായ നികുതി വകുപ്പ് പിടിച്ചെടുത്തുവെന്ന വിവരം മാധ്യമ പ്രവര്‍ത്തക സ്വാതി ചതുര്‍വേദിയാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഇപ്പോഴത്തെ ഒരു കേന്ദ്ര മന്ത്രിക്ക് 150 കോടി രൂപ കൈമാറിയതിന്റെ വിവരങ്ങള്‍ ആ ഡയറിയിലുണ്ടായിരുന്നുവെന്നും മുഖം രക്ഷിക്കാനായി കേന്ദ്ര മന്ത്രി സ്ഫോടനാത്മകമായ വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ എല്ലാ വഴികളും നോക്കുകയാണെന്നും സ്വാതിയുടെ ട്വീറ്റില്‍ ആരോപിക്കുന്നു.
ഇതിന് പിന്നാലെ കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാംഗം ഗോവിന്ദരാജിന്റെ വസതിയില്‍ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയുടെ വിവരങ്ങളുമായി ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ മറുപടി ട്വീറ്റെത്തി. 2017ലെ കര്‍ണാടകയിലെ സ്റ്റീല്‍ മേല്‍പ്പാലം അഴിമതി ആരോപണമായിരുന്നു അദ്ദേഹത്തിന്റെ ആയുധം. ഗോവിന്ദരാജിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ സംസ്ഥാനത്തിനകത്തുള്ള നേതാക്കള്‍ക്കൊപ്പം ദില്ലിയിലെ മുതിര്‍ന്ന നേതാക്കളുടെയും പേരുണ്ടായിരുന്നെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ചുരുക്കപ്പേരുകളില്‍ എഐസിസി, എപി, എം വോറ, ഡിജിഎസ്, എസ് ജി ഓഫീസ്, ആര്‍ ജി ഓഫീസ് എന്നിങ്ങനെ ഡയറിയിലുണ്ടായിരുന്നത്. ഇത് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയും മോത്തിലാല്‍ വോറ, ദിഗ്വിജയ് സിങ്, സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഓഫീസ് എന്നിവയൊക്കെയായിരുന്നുവെന്നാണ് ആരോപണം.
ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ തന്റെ കൈയക്ഷരമല്ല അതെന്നായിരുന്നു ഗോവിന്ദരാജ് പറഞ്ഞത്. ആരോപണം കോണ്‍ഗ്രസും നിഷേധിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. അഴിമതിക്കഥകള്‍ പുറത്തുവന്നതോടെ സ്റ്റീല്‍ മേല്‍പ്പാലം പദ്ധതി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉപേക്ഷിച്ചുവെന്നും ഡയറിക്ക് പിന്നില്‍ രാഹുല്‍ ഗാന്ധിയുടെ പ്രിയങ്കരനായ ഡികെ ശിവകുമാറാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് എതിരായി കാര്യങ്ങള്‍ തിരിയുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ എപ്പോഴും ചില പ്രത്യേക മാധ്യമ പ്രവര്‍ത്തകര്‍ മറ്റൊരു നുണയുമായി എത്തുമെന്നും അദ്ദേഹം ആരോപിച്ചു.
