മണ്ഡലത്തിൽ യുഡിഎഫും ബിജെപിയും ചെയ്ത കള്ളവോട്ടുകളുടെ കണക്കെടുക്കാൻ പ്രാദേശിക ഘടകങ്ങൾക്ക് ഇടതു മുന്നണി നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് സിപിഎം നീക്കം.
കാസർകോട്: കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് ആരോപണവുമായി എൽഡിഎഫും രംഗത്ത്. യുഡിഎഫിന്‍റെ ശക്തി കേന്ദ്രമായ ഉദുമയിൽ തെരഞ്ഞെടുപ്പ് ദിവസം വിദേശത്തായിരുന്നവരുടെ പേരിൽ വ്യാപകമായി കള്ളവോട്ട് രേഖപ്പെടുത്തിയെന്നാണ് സിപിഎം ആരോപണം.
ഉദുമ നിയോജക മണ്ഡലത്തിലെ 126 ആം ബൂത്തിലെ 313 ആം വോട്ടർ അബൂബക്കർ സിദ്ദീഖ്, 315 ആം വോട്ടർ ഉമ്മർ ഫാറൂഖ്, 1091 ആം വോട്ടർ ഫവാദ്, 1100 ആം വോട്ടർ സുഹൈൽ 1168 ഇംതിയാസ് എന്നിവർ നിലവിൽ വിദേശത്താണുള്ളത്.
എന്നാൽ വോട്ടെടുപ്പ് ദിവസം നാട്ടിൽ ഇല്ലാത്ത ഇവരുടെ പേരിൽ യുഡിഎഫ് കള്ള വോട്ട് രേഖപ്പെടുത്തിയെന്നാണ് സിപിഎം ആരോപണം. 125 ആം ബൂത്തിൽ വോട്ടർ പട്ടികയിൽ നിന്നും തള്ളിയ രണ്ട് പേരുടെ പേരിൽ വോട്ട് രേഖപ്പെടുത്തിയതായും പരാതിയുണ്ട്.
മണ്ഡലത്തിൽ യുഡിഎഫും ബിജെപിയും ചെയ്ത കള്ളവോട്ടുകളുടെ കണക്കെടുക്കാൻ പ്രാദേശിക ഘടകങ്ങൾക്ക് ഇടതു മുന്നണി നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് സിപിഎം നീക്കം.
കാസർകോട് മണ്ഡലത്തിൽ 110 ബൂത്തുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇവിടങ്ങളിൽ വീണ്ടും വോട്ടിംഗ് നടത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന് പിറകെയാണ് ആരോപണവുമായി എൽഡിഎഫും രംഗത്തെത്തുന്നത്.