മലപ്പുറം: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ആവേശകരമായ തീരുമാനമാനമെന്ന് മലപ്പുറം യുഡിഎഫ് സ്ഥാനാ‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി. ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുൽ ഗാന്ധി ജനങ്ങളുടെ ആഗഹം മാനിച്ചുവെന്നും നഷ്ടപ്പെട്ടുപോയ സമയം തിരിച്ച് പിടിക്കാൻ ഒരു പ്രയാസവുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം അനിശ്ചിതമായി തുടരുന്നതില്‍ മുസ്ലീം ലീഗ് അതൃപ്തി അറിയിച്ചിരുന്നു . വയനാട് മണ്ഡലത്തെ സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് നേരിട്ട് സന്ദേശവുമയച്ചിരുന്നു. തീരുമാനം വേഗമുണ്ടായാല്‍ നല്ലതെന്ന് എഐസിസി, കെപിസിസി നേതൃത്വങ്ങളെ അറിയിച്ചതായും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

ഇപ്പോൾ തന്നെ സ്ഥാനാര്‍ത്ഥിത്വം വളരെ വൈകിയെന്ന വികാരമാണ് കോൺഗ്രസ് നേതാക്കൾക്കും പ്രവര്‍ത്തകര്‍ക്കും യുഡിഎഫ് നേതൃത്വത്തിന് ആകെയും ഉണ്ടായിരുന്നത്. വലിയ മനോവിഷമമുണ്ടെന്നും തീരുമാനം വൈകരുതെന്നും ഇന്ന് രാവിലെയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിക്കുകയും ചെയ്തിരുന്നു. 

രാഹുൽ വരുന്നെന്ന അഭ്യൂഹം ഉയര്‍ന്നതോടെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ന്നിരുന്നു. വൈകിയെങ്കിലും പ്രഖ്യാപനം വന്നതിൽ വലിയ ആവേശമാണ് ഇപ്പോൾ കോൺഗ്രസ് യുഡിഎഫ് വൃത്തങ്ങൾ പങ്കുവയ്ക്കുന്നത്. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തിൽ ഗുണം ചെയ്യില്ലെന്ന വിമര്‍ശനം ഇടത് പക്ഷം പങ്കുവച്ചിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ചാണ് വയനാട്ടിൽ തന്നെ മത്സരിക്കാൻ രാഹുൽ ഗാന്ധി തീരുമാനം എടുത്തത്.