തിരുവനന്തപുരം: കേരളത്തിൽ 20 ൽ 19 ഇടത്തുംമിന്നുന്ന ജയം സ്വന്തമാക്കി  യുഡിഎഫ് . വയനാട്ടിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് രാഹുൽ ഗാന്ധിയുടെ ജയം. നാലു ലക്ഷത്തിന് മുകളിലാണ് രാഹുലിന്‍റെ ഭൂരിപക്ഷം. രണ്ട് ലക്ഷത്തി അറുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം നേടി പി കെ കുഞ്ഞാലിക്കുട്ടിയും റെക്കോർഡ് മറികടന്നു. ആകെ ഒൻപതിടത്ത് യുഡിഎഫ് സ്ഥാനാർഥികളുടെ ലീഡ് ഒരു ലക്ഷം കവിഞ്ഞു. ആലപ്പുഴയിൽ മാത്രമാണ് എൽഡിഎഫ് വിജയിച്ചത്.

ഇടതിന് ഉറച്ച ജയ പ്രതീക്ഷയുണ്ടായിരുന്ന പാലക്കാടും കാസർകോടും ആറ്റിങ്ങലും ആലത്തൂരും എൽഡിഎഫിനെ കൈവിട്ടു. ബിജെപിക്ക് ഇത്തവണയുംഅക്കൗണ്ട് തുറക്കാനായില്ല. തിരുവനന്തപുരത്ത് മാത്രമാണ് ബിജെപി രണ്ടാമതെത്തിയത്. പത്തനംതിട്ടയിലും തൃശൂരിലും ബിജെപി സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തായി. 

ട്വന്‍റി ട്വന്‍റിയെന്ന് പ്രചാരണ വേളയില്‍ അവകാശപ്പെട്ടുവെങ്കിലും നേതൃത്വം പോലും പ്രതീക്ഷിക്കാത്ത വിജയമാണ് സംസ്ഥാനത്ത് യുഡിഎഫിന് കിട്ടിയത്. ലോകസഭയിലെ യുഡിഎഫിന്‍റെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നാണ് ഇത്തവണത്തേത്. മോദിയുടെ തുടര്‍ ഭരണംആഗ്രഹിക്കാത്ത കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകള്‍ കൂട്ടത്തോടെ ലഭിച്ചതാണ് യുഡിഎഫിന്‍റെ മിന്നും ജയത്തിന്‍റെ പ്രധാനകാരണം. ഒപ്പം ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് തോല്‍വി ആഗ്രഹിച്ച വലിയ വിഭാഗം ഹൈന്ദവ വോട്ടുകളും യുഡിഎഫിലേക്ക് പോയന്നാണ് വിലയിരുത്തല്‍. ഇതോടെ കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളില്‍ 119 ഇടത്തും ലീഡ് നേടാന്‍ യുഡിഎഫിനായി.

ഭാവി പ്രധാനമന്ത്രിയെന്ന വിശേഷണത്തോടെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മസ്തരിക്കാനെത്തിയത് മലബാറിലടക്കം യുഡിഎഫിന് വന്‍ നേട്ടമാണ് സമ്മാനിച്ചത്. മത ന്യൂന പക്ഷങ്ങളുടെ പൂര്‍ണ്ണ പിന്തുണ നേടാന്‍ രാഹുല്‍ നയിക്കുന്ന യുഡിഎഫിനായി. കാസര്‍കോ‍ടും പാലക്കാടുമടക്കമുള്ള സീറ്റുകളിലെ മികച്ച വിജയത്തിന് ഇത് വഴിയൊരുക്കി. ഇടതു മുന്നണിക്ക് മുന്‍ തെരഞ്ഞടുപ്പുകളില്‍ കിട്ടിയിരുന്ന മുസ്ലീം വോട്ടുകളില്‍ വലിയൊരു ശതമാനം നഷ്ടമായി. ഒപ്പം പിണറായി വിരുദ്ധ ശബരിമല വോട്ടുകളുടെ പ്രധാന പങ്ക് യുഡിഎഫിലേക്ക് നീങ്ങിയതോടെ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും വന്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. 

ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ച തിരുവനന്തപുരം , പത്തനം തിട്ട, തൃശൂര്‍ എന്നിവടങ്ങളില്‍ മികച്ച വിജയം നേടിയതും രാഷ്ട്രീയമായി യുഡിഎഫിന് നേട്ടമാണ്. ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാടിനാണ് അംഗീകാരമെന്ന് ഇനി വാദിക്കാം. വന്‍ തരംഗത്തിനിടയിലും സിറ്റിംഗ് സീറ്റായ ആലപ്പുഴയിലെ പരാജയം തിരിച്ചടിയാണ്. ദേശീയ തലത്തില്‍ കാലിടറിയെങ്കിലും കോണ്‍ഗ്രസിന് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ആവേശം പകരും. ആറ് മാസത്തിനകം ആറിടത്ത് നടക്കാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിലേക്കായിരിക്കും ഇനി യുഡിഎഫിന്‍റെ കണ്ണ്. 

മണ്ഡലങ്ങളിലെ വോട്ട് നില 

കാസര്‍ഗോഡ് മണ്ഡലത്തില്‍ 474961 വോട്ട് നേടിയ യുഡിഎഫിന്‍റെ രാജ്മോഹന്‍ ഉണ്ണിത്താന്‍ 40438 വോട്ടിനാണ് എല്‍ഡിഎഫിന്‍റെ കെ പി സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്. 434523 വോട്ടാണ് സതീഷ് ചന്ദ്രന്‍ നേടിയത്. അതേസമയം ബിജെപിയുടെ രവീശ തന്ത്രി കുണ്ടാര്‍ 176049 വോട്ട് നേടി മൂന്നാമതെത്തി. 

ഇടത് കോട്ടയായ കണ്ണൂരിലാകട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി 94559 വോട്ടിനാണ് പരാജയപ്പെട്ടത്. ശ്രീമതി 435182 വോട്ട് നോടിയപ്പോള്‍ 529741 വോട്ടുകള്‍ നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ മണ്ഡലം പിടിച്ചെടുത്തു. ബിജെപിയുടെ സി കെ പത്മനാഭന്‍ 68509 വോട്ട് മാത്രമാണ് നേടിയത്.

സംസ്ഥാനം ഉറ്റുനോക്കിയ മണ്ഡലങ്ങളിലൊന്നായിരുന്നു കെ മുരളീധരനും പി ജയരാജനും മത്സരിക്കുന്ന വടകര.  മണ്ഡലത്തില്‍ 526755 വോട്ട് നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി മുരളീധരന്‍ ഇടതുമുന്നണിയുടെ ജയരാജനെ പരാജയപ്പെടുത്തിയത്. 84663 വോട്ടുകളുടെ ഭൂരിപക്ഷം മുരളീധരന്‍ നേടി. ജയരാജന് 442092 വോട്ട് ലഭിച്ചപ്പോള്‍ ബിജെപി 80128 വോട്ട് നേടി. 

രാജ്യം മുഴുവന്‍ ശ്രദ്ധ നേടിയ വയനാട് മണ്ഡലത്തില്‍ കേരളത്തിലെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജയിച്ചത്. 431770 വോട്ട് ഭൂരിപക്ഷത്തിലാണ് രാഹുലിന്‍റെ മിന്നും വിജയം. 706367 വോട്ട് രാഹുല്‍ നേടിയപ്പോള്‍ രാഹുലിന്‍റെ ഭൂരിപക്ഷത്തിന്‍റെ പകുതിയോളം വോട്ട് നേടാന്‍ മാത്രമാണ് ഇടത് സ്ഥാനാര്‍ത്ഥി പി പി സുനീറിനായത്. 274597 വോട്ടാണ് സുനീറിന് ലഭിച്ചതെങ്കില്‍ ബിഡിജെഎസിന്‍റെ തുഷാര്‍ വെള്ളാപ്പള്ളി നേടിയത് 78816 വോട്ട് മാത്രം. 

85225 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോഴിക്കോട് യുഡിഎഫിന്‍റെ എം കെ രാഘവന്‍റെ വിജയം. വിവാദങ്ങളൊന്നു ഏശിയിട്ടില്ലാത്ത മണ്ഡലത്തില്‍ 493444 വോട്ട് രാഘവന് ലഭിച്ചപ്പോള്‍ സിപിഎമ്മിന്‍റെ എ പ്രദീപ് കുമാറിന് 408219 വോട്ട് നേടാനായുള്ളൂ.അതേസമയം ബിജെപിയുടെ പ്രകാശ് ബാബു 161216 വോട്ട് നേടി. 

രാഹുല്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം ഭൂരിപക്ഷവും മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിക്കാണ്. തന്‍രെ തന്നെ റെക്കോര്‍ഡാണ് കുഞ്ഞാലിക്കുട്ടി മറികടന്നത്. 589873 വോട്ട് നേടിയ കുഞ്ഞാലിക്കുട്ടി 260153 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്‍റെ വി പി സാനുവിനെ പാരജയപ്പെടുത്തിയത്. സാനു നേടിയത് 329720 വോട്ടാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഉണ്ണികൃഷ്ണന്‍ 82332 വോട്ട് ലഭിച്ചു. 

പൊന്നാനിയിലും മണ്ഡലം നിലനിര്‍ത്തുകയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീര്‍. 193273 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇ ടിയുടെ വിജയം.  521824 വോട്ടാണ് ഇ ടി നേടിയത്. എല്‍ഡിഎഫിന്‍റെ പി വി അന്‍വറിന് 328551 ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രമ്യ 110603 വോട്ട് സ്വന്തമാക്കി. 

അട്ടിമറി വിജയമാണ് പാലക്കാട് യുഡിഎഫിന്‍റെ വി കെ ശ്രീകണ്ഠന്‍ നേടിയത്. 399274 വോട്ട് നേടിയായിരുന്നു ശ്രീകണ്ഠന്‍ സിറ്റിംഗ് എംപിയായ എം ബി രാജേഷിനെ പരാജയപ്പെടുത്തിയത്. എം ബി രാജേഷ് 387637 വോട്ടാണ് നേടിയത്. ബിജെപിയുടെ കൃഷ്ണകുമാര്‍ 218556 വോട്ട് നേടി. 11637 വോട്ടുകളുടെ ഭൂരിപക്ഷമാണ് ശ്രീകണ്ഠന് ലഭിച്ചത്. 

ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി പി കെ ബിജുവിന്‍റെ സിറ്റിംഗ് മണ്ഡലമായ ആലത്തൂരില്‍ യുഡിഎഫിന്‍റെ രമ്യ ഹരിദാസ് 158968 വോട്ടിന്‍രെ ഭൂരിപക്ഷമാണ് നേടിയത്. പി കെ ബിജുവിന് ലഭിച്ചത് 374847 വോട്ടാണ്. ബിഡിജെഎസിന്‍റെ ടി വി ബാബു 89837 വോട്ടുകള്‍ നേടി. 

ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരില്‍ യുഡിഎഫ് വ്യക്തമായ ആധിപത്യമാണ് തുടക്കം മുതല്‍ നിലനിര്‍ത്തിയത്. 93633 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍റെ വിജയം. 415089 വോട്ടാണ് പ്രതാപന്‍ നേടിയത്. 321456 വോട്ടാണ് രാജാജി മാത്യൂസ് നേടിയത്. സിനിമാ താരം സുരേഷ് ഗോപിക്ക് ബിജെപിക്ക് വേണ്ടി നേടാനായത് 293822 വോട്ടാണ്. 

ചാലക്കുടിയിൽ 473444 വോട്ട് നേടിയ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹാനൻ 132274 വോട്ടിനാണ് സിറ്റിംഗ് എംപി ഇന്നസെന്‍റിനെ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർത്ഥി എൻ രാധാകൃഷ്ണന് ലഭിച്ചത് 154159 വോട്ടാണ്.

169153 വോട്ടിനാണ് യുഡിഎഫിന്‍റെ ഹൈബി ഈ‍ഡൻ എൽഡിഫിന്‍റെ പി രാജീവിനെ പരാജയപ്പെടുത്തിയത്. എറണാകുളത്തെ സിറ്റിംഗ് എംഎൽഎ കൂടിയായ ഹൈബി ഈഡൻ 491263 വോട്ട് നേടിയപ്പോൾ പി രാജീവിന് 322110 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥിയും രാജ്യസഭാംഗവുമായ അൽഫോൺസ് കണ്ണന്താനം137749 വോട്ടുകളാണ് നേടിയത്.

മിന്നുന്ന വിജയത്തോടെയാണ് എൽഡിഎഫ് സ്വതന്ത്രനും സിറ്റിംഗ് എംപിയുമായ ജോയ്സ് ജോർജിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ഇടുക്കി പിടിച്ചെടുത്തത്. ഡീൻ കുര്യാക്കോസ്498493 വോട്ട് നേടിയപ്പോൾ ജോയ്സ് ജോർജ്327440 വോട്ടുകളിൽ ഒതുങ്ങി. 78648 വോട്ടുകൾ മാത്രമാണ് എൻഡിഎ സ്ഥാനാർത്ഥി ബിജു കൃഷ്ണൻ നേടിയത്.

കോട്ടയത്ത് കേരളാ കോൺഗ്രസിന്‍റെ കോട്ട കാത്ത തോമസ് ചാഴിക്കാടൻ421046 വോട്ടുകൾ സ്വന്തമാക്കിയാണ് മണ്ഡലം നിലനിർത്തിയത്. ഭൂരിപക്ഷം106259. എൽഡിഎഫിന്‍റെ എൻ വാസവൻ314787 വോട്ടുകൾ നേടിയപ്പോൾ എൻഡിഎയുടെ പി സി തോമസ് 155135 വോട്ടുകളാണ് സ്വന്തമാക്കിയത്.

കേരളം മുഴുവൻ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ആലപ്പുഴ മാത്രമാണ് ഇടതുപക്ഷത്തിന് ആശ്വാസ ജയം സമ്മാനിച്ചത്. ഏറ്റവും ഒടുവിലെ ഫലസൂചനകൾ ലഭിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനേക്കാൾ 9000ലധികം വോട്ടിന്‍റെ ലീഡ് നേടിക്കഴിഞ്ഞ എ എം ആരിഫ് വിജയമുറപ്പിച്ചുകഴിഞ്ഞു.

മാവേലിക്കരയിൽ വിജയം ആവർത്തിച്ച യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് 61500 വോട്ടിനാണ് ഇത്തവണ വിജയമുറപ്പിച്ചത്. കൊടിക്കുന്നിൽ സുരേഷ് 437997 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന് 376497 വോട്ടുകളാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥി തഴവ സഹദേവൻ132323 വോട്ടുകൾ നേടി.

വാശിയേറിയ ത്രികോണ മത്സരം പ്രതീക്ഷിച്ച പത്തനംതിട്ടയിൽ 44243 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി മണ്ഡലം നിലനിർത്തിയത്. എൽഡിഎഫിനായി കളത്തിലിറങ്ങിയ ആറൻമുള എംഎൽഎ വീണ ജോർജ് 336684 വോട്ട് നേടിയപ്പോൾ ബിജെപി നേതാവ് കെ സുരേന്ദ്രൻ 297396 വോട്ട് നേടി.

148856 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ കൊല്ലം നിലനിർത്തിയത്. 499677 വോട്ടുകളുമായി ഒരിക്കൽ കൂടി വിജയം ഉറപ്പിച്ചപ്പോൾ 350821വോട്ടാണ് എൽഡിഎഫിന്‍റെ കെ എൻ ബാലഗോപാൽ നേടിയത്. എൻഡിഎ സ്ഥാനാ‍ർത്ഥി കെ വി സാബു 103339 നേടി.

ആറ്റിങ്ങലിൽ 380995 വോട്ട് നേടിയാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫിന്‍റെ അടൂർ പ്രകാശ് മണ്ഡലം പിടിച്ചത്. സിറ്റിംഗ് എംപി എ സമ്പത്ത് 342748 വോട്ടിലൊതുങ്ങിയപ്പോൾ 38247 വോട്ടിന്‍റെ ലീഡോടെയാണ് ആറ്റിങ്ങലിൽ നിന്നും പാർലിനമെന്‍റിലെത്തുന്നത്. 248081 വോട്ട് നേടിയ  ശോഭാ സുരേന്ദ്രന്‍ മണ്ഡലത്തിലെ വിജയിയെ നിർണയിക്കുന്നതിൽ നിർണായകമായി.

കുമ്മനം രാജശേഖരനിലൂടെ കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കാൻ ഏറെ സാധ്യത കൽപ്പിക്കപ്പെട്ട തിരുവനന്തപുരത്ത് 99989 വോട്ടിനാണ് യുഡിഎഫിന്‍റെ ശശി തരൂർ മണ്ഡലം നിലനിർത്തിയത്. വിജയിക്കാനായില്ലെങ്കിലും രണ്ടാം സ്ഥാനത്തെത്തിയ കുമ്മനം രാജശേഖരൻ 316142 വോട്ട് നേടി. 258556 വോട്ടിലൊതുങ്ങിയ എൽഡിഎഫിന്‍റെ സി ദിവാകരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെടുകയും ചെയ്തു.