കര്‍ണാടകയിലെ മാണ്ഡ്യ ലോകസഭാ സീറ്റില്‍ സ്വതന്ത്രയായി മല്‍സരിക്കുന്ന മുന്‍ സിനിമാ താരം സുമലതയെ പിന്തുണയ്ക്കും. ഇത്തവണ മത്സരിക്കാനില്ലെന്ന് അറിയിച്ച ഉമാ ഭാരതിയെ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്‍റായി നിയമിച്ചു. 

ദില്ലി: ലോകസഭാ തെരഞ്ഞെടുപ്പില്‍ 48 സ്ഥാനാര്‍ഥികളുടെ പട്ടിക കൂടി ബിജെപി പുറത്തിറക്കി. കര്‍ണാടകയിലെ മാണ്ഡ്യ ലോകസഭാ സീറ്റില്‍ സ്വതന്ത്രയായി മല്‍സരിക്കുന്ന മുന്‍ സിനിമാ താരം സുമലതയെ പിന്തുണയ്ക്കും. ഇത്തവണ മത്സരിക്കാനില്ലെന്ന് അറിയിച്ച ഉമാ ഭാരതിയെ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്‍റായി നിയമിച്ചു.

നാലാംഘട്ട പട്ടികയാണ് ഇന്ന് പുറത്തിറക്കിയത്. ഇതോടെ 286 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മാണ്ഡ്യ ലോകസഭാ സീറ്റില്‍ സ്വതന്ത്രയായി മല്‍സരിക്കുന്ന മുന്‍ സിനിമാ താരം സുമലതയെ പിന്തുണയ്ക്കുമെന്ന് ബിജെപി പ്രാദേശിക നേതൃത്വം സൂചന നല്‍കിയിരുന്നു. പിന്തുണ അഭ്യര്‍ഥിച്ച് സുമലത കോണ്‍ഗ്രസിനെയാണ് ആദ്യം സമീപിച്ചത്, എന്നാല്‍ സിറ്റിംഗ് സീറ്റെന്ന നിലയില്‍ ‍ സഖ്യകക്ഷിയായ ജെഡിഎസിന് മാണ്ഡ്യ അനുവദിച്ചതിനാല്‍ ഈ ആവശ്യം നിരസിച്ചു. ബിജെപിയുടെ പിന്തുണ അവര്‍ ആവശ്യപ്പെട്ടിരുന്നുമില്ല.

നോര്‍ത്ത് ഗോവാ സീറ്റില്‍ ശ്രീപദ് നായിക് മല്‍സരിക്കും. മധ്യപ്രദേശില്‍ ചില സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇത്തവണയും പട്ടികയിലില്ല. ഫഗന്‍ സിംഗ് ഖുലസ്തെ മാണ്ഡലയിലും സുധീര്‍ ഗുപ്ത മാന്‍ഡ്സോറിലും മല്‍സരിക്കും. ജാര്‍ഖണ്ഡിലെ ഖുണ്ഡിയില്‍ അര്‍ജുന്‍ മുണ്ടെയും ഹസാരിബാഗില്‍ വ്യോമയാന സഹമമന്ത്രി ജയന്ത് സിന്‍ഹയും മല്‍സരിക്കും. അനുരാഗ് താക്കൂറിനെ ഹിമാചലിലെ ഹാമിര്‍പൂറില്‍ നിലനിര്‍ത്തി. ഇത്തവണ മത്സരിക്കാനില്ലെന്ന് ഉമാ ഭാരതി നേരത്തെ തന്നെ പാര്‍ട്ടിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ സംഘടനാ രംഗത്ത് ഉപയോഗപ്പെടുത്താനുളള പാര്‍ട്ടി തീരുമാനം.