ട്രോളുകൾ ഉണ്ടാക്കുന്നതിനായി ചെലവഴിക്കുന്ന പണം വികസനത്തിനായി ഉപയോ​ഗിച്ചാൽ ചുറ്റിലും ഇത് ദൃശ്യമാകുമെന്ന് ഊര്‍മിള പറഞ്ഞു. വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് വളരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം കണ്ടത് ഈ വളര്‍ച്ചയാണെന്നും ഇത് തടയണമെന്നും ഊര്‍മിള കൂട്ടിച്ചേർത്തു.  

ദില്ലി: വികസനം സാധ്യമാക്കാൻ ബിജെപിക്ക് എളുപ്പവഴി നിർദ്ദേശിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ ഊര്‍മിള മതോണ്ഡ്കർ. ട്രോളുകൾ ഉണ്ടാക്കുന്നതിനായി ചെലവഴിക്കുന്ന പണം വികസനത്തിനായി ഉപയോ​ഗിച്ചാൽ ചുറ്റിലും ഇത് ദൃശ്യമാകുമെന്ന് ഊര്‍മിള പറഞ്ഞു. വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് വളരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം കണ്ടത് ഈ വളര്‍ച്ചയാണെന്നും ഇത് തടയണമെന്നും ഊര്‍മിള കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആക്റ്റിവിസ്റ്റുകൾ, മാധ്യമപ്രവര്‍ത്തകര്‍, ചലച്ചിത്ര താരങ്ങള്‍ തുടങ്ങിയവരെ ലക്ഷ്യം വച്ചുള്ള ട്രോളുകൾ നിരന്തരം വിമര്‍ശിക്കപ്പെടുകയാണ്. ഭീഷണിയുടെയും അധിക്ഷേപത്തിന്റെയും രൂപത്തിലാണ് ട്രോളുകള്‍ വ്യാപകമായി പ്രചരിക്കുന്നത്. പത്ര പ്രവർത്തനം മുതൽ സാമൂഹത്തിൽ ഇടപെടുന്ന ഒരു കൂട്ടം സ്ത്രീകൾക്ക് നേരെയും ബലാത്സംഗം, വധ ഭീഷണികള്‍ എന്നീ തരത്തിലുള്ള ട്രോളുകൾ ഉണ്ടാക്കുന്നതായും ഊര്‍മിള ഓര്‍മ്മിപ്പിച്ചു.

ഗോവധം ആരോപിച്ച് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഇൻസ്പെക്ടറെ വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതികരിച്ചതിന് ബോളിവുഡ് താരങ്ങളായ നസിറുദ്ദീൻ ഷാ, ആമിർ ഖാൻ എന്നിവർക്കെതിരെ ട്രോളുകൾ വന്നിരുന്നു. ട്രോളുകൾ മതത്തെ പോലും ചോദ്യം ചെയ്യുന്നിടം വരെ വളർന്നിരിക്കുകയാണ്. ട്രോളുകൾ തന്റെ പ്രവർത്തനങ്ങളെ നിർത്തുമെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അറിഞ്ഞോളു. ഞാൻ ശിവജിയുടെ നാട്ടിൽ നിന്നാണ് വരുന്നത്. ഒരു ചുവട് മുന്നോട്ട് വച്ചിട്ടുണ്ടെങ്കിൽ അത് പിന്നീട് പുറകോട് എടുക്കില്ലെന്നും ഊര്‍മിള പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി അം​ഗത്വം സ്വീകരിച്ചത്. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥി ഗോപാല്‍ ഷെട്ടിക്കെതിരെ ഊര്‍മ്മിള മത്സരിച്ചേക്കും എന്നാണ് സൂചന.