Asianet News MalayalamAsianet News Malayalam

സിനിമയില്‍ താരറാണി, രാഷ്ട്രീയത്തില്‍ നാണംകെട്ട തോല്‍വി; ഊര്‍മിള മണ്ഡോത്കറിന്‍റെ പരാജയം പറയുന്നത്

തികച്ചും അപ്രതീക്ഷിതമായ നീക്കത്തോടെ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു ഊര്‍മിള മണ്ഡോത്കറിന്‍റെ രാഷ്ട്രീയ രംഗപ്രവേശം.

Urmila Matondkars loss in mumbai north constituency
Author
Mumbai, First Published May 24, 2019, 7:20 PM IST

മുംബൈ:  അസാമാന്യ മെയ്‍വഴക്കത്തോടെ ഒരു കാലത്ത് ബോളിവുഡിനെ ത്രസിപ്പിച്ചിരുന്ന നടി ഈര്‍മിള മണ്ഡോത്കര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ തിളക്കമേറിയ വജ്രായുധമായിരുന്നു. മുംബൈ നോര്‍ത്തിലെ തെരഞ്ഞെടുപ്പ് തട്ടകത്തില്‍ ഊര്‍മിളയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തിറക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. എന്നാല്‍ താരാരാധന വോട്ടാക്കി മാറ്റാനുള്ള കോണ്‍ഗ്രസ് തന്ത്രങ്ങള്‍ക്കുള്ള മറുപടിയാണ് താരത്തിന്‍റെ നാണംകെട്ട പരാജയം. മൂന്ന് ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് എതിര്‍സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടിയോട് ഊര്‍മിള പരാജയപ്പെടുന്നത്. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ പ്രചാരണങ്ങളില്‍ ഊര്‍മിള ബഹുദൂരം മുമ്പിലായിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ ഗോപാല്‍ ഷെട്ടിക്ക് അഞ്ചുലക്ഷത്തിന് മുകളില്‍ വോട്ടുകള്‍. ഊര്‍മിളയ്ക്ക് ലഭിച്ചത് 1,76000 വോട്ടുകളും. 

തികച്ചും അപ്രതീക്ഷിതമായ നീക്കത്തോടെ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു ഊര്‍മിള മണ്ഡോത്കറിന്‍റെ രാഷ്ട്രീയ രംഗപ്രവേശം. ഏപ്രില്‍ 29-ന് നാലാം ഘട്ട വോട്ടെടുപ്പ് നടന്ന മുംബൈ നോര്‍ത്തിലെ സ്ഥാനാര്‍ത്ഥിയായി മാര്‍ച്ച് 27-ന് മാത്രം പാര്‍ട്ടിയില്‍ ചേര്‍ന്ന ഊര്‍മിളയെ നിയോഗിച്ചപ്പോള്‍ ജയമല്ലാതെ മറ്റൊന്നിനും കോണ്‍ഗ്രസ് തയ്യാറല്ലായിരുന്നു. വോട്ടെടുപ്പിന് ഒരുമാസം മുമ്പാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ ഉരുക്കു കോട്ടയായിരുന്നു മുംബൈ നോര്‍ത്ത്. 1957-ലും 1962 ലും മലയാളിയായ വികെ കൃഷ്ണമേനോന്‍ വിജയിച്ച മണ്ഡലം 2014-ലെ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് ഗോപാല്‍ ഷെട്ടി നാലര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിടിച്ചെടുത്തത്. കോണ്‍ഗ്രസിന്‍റെ കരുത്തനായ നേതാവ് സഞ്ജയ് നിരുപമിനെയാണ് അന്ന് അദ്ദേഹം പരാജയപ്പെടുത്തിയത്. അത്രയേറെ സ്വാധീനമുള്ള ഗോപാല്‍ ഷെട്ടിക്ക് എതിരെ കോണ്‍ഗ്രസ് ഊര്‍മിളയെ രംഗത്തിറക്കിയത് താരറാണി വോട്ടുബാങ്കും ബോക്സോഫീസ് പോലെ തന്നെ തൂത്തുവാരും എന്ന ആത്മവിശ്വാസത്തോടെയാണ്.

താന്‍ സിനിമാ നടിയല്ല സാധാരണക്കാരിയാണെന്ന് അടിവരയിട്ടുകൊണ്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രചാരണത്തില്‍ സജീവമാകാനും ഊര്‍മിള മണ്ഡോത്കര്‍ ശ്രമിച്ചു. ഊര്‍മിളയെ രാഷ്ട്രീയത്തില്‍ എത്തിച്ചത് സൗന്ദര്യമാണെന്ന് ഗോപാല്‍ ഷെട്ടി ആവര്‍ത്തിച്ചു. 

പ്രചാരണങ്ങളില്‍ പിശുക്ക് കാണിക്കാതിരുന്നിട്ടും നടിയുടെ ദയനീയ പരാജയം വെളിപ്പെടുത്തുന്നത് സിനിമയും രാഷ്ട്രീയവും രണ്ടാണെന്ന് തന്നെയാണ്. രാഷ്ട്രീയ ഗോദയിലെ തന്ത്രങ്ങളും കുതന്ത്രങ്ങളും സ്വായത്തമാക്കിയ ശക്തനായ എതിരാളിക്കെതിരെ സെലിബ്രിറ്റി എന്ന ലേബല്‍ മാത്രം വിലപ്പോകില്ലെന്ന് തെളിയിക്കുകയാണ് ഊര്‍മിള മണ്ഡോത്കറുടെ പരാജയം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് കുറച്ചുകൂടി കൈയ്യടക്കം പാലിക്കാമായിരുന്നെന്ന് ഓര്‍മ്മപ്പെടുത്തുന്ന തോല്‍വി.    

Follow Us:
Download App:
  • android
  • ios