ഗുരു സന്ദേശങ്ങൾക്ക് നേരെ വിപരീതമായി മാത്രം പ്രവർത്തിച്ചുവരുന്ന വെള്ളാപ്പള്ളി ശ്രീനാരായണ ധർമ്മം പരിപാലിക്കുന്നതിനായി  രൂപംകൊണ്ട മഹത്തായ എസ്എൻഡിപി യോഗത്തിന്റെ അന്തകൻ ആണ്

തിരുവനന്തപുരം: വെള്ളാപ്പള്ളിക്കെതിരെ വീണ്ടും സുധീരൻ. വെള്ളാപ്പള്ളി പിന്തുണച്ച സ്ഥാനാർത്ഥികളെല്ലാം ആലപ്പുഴയിൽ തോറ്റിട്ടേയുള്ളൂ, വെള്ളാപ്പള്ളി തനിക്കെതിരെ നടത്തുന്നത് അവസരവാദിയുടെ അധരവ്യായാമമെന്നും സുധീരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി. തൻറെ പേരിലുള്ള സംസ്ഥാനത്തെ കേസുകളിൽ നിന്നും രക്ഷനേടാനായി സിപിഎംനേതൃത്വത്തിന് പാദസേവ ചെയ്യുകയും കേന്ദ്രസർക്കാരിന്റെ നടപടികളിൽ നിന്ന് രക്ഷനേടാൻ മകനെ ബിജെപിക്ക് വിട്ടുകൊടുക്കുകയും ചെയ്ത വെള്ളാപ്പള്ളിയെപോലൊരു അവസരവാദിയെ കേരളം ഇന്നേവരെ കണ്ടിട്ടില്ലെന്ന് സുധീരന്‍ ആരോപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗുരു സന്ദേശങ്ങൾക്ക് നേരെ വിപരീതമായി മാത്രം പ്രവർത്തിച്ചുവരുന്ന വെള്ളാപ്പള്ളി ശ്രീനാരായണ ധർമ്മം പരിപാലിക്കുന്നതിനായി രൂപംകൊണ്ട മഹത്തായ എസ്എൻഡിപി യോഗത്തിന്റെ അന്തകൻ ആണ്. യോഗം ജനറൽ സെക്രട്ടറിപദം സ്വാർത്ഥ ലക്ഷ്യങ്ങൾക്കും സ്വന്തം നേട്ടങ്ങൾക്കും വേണ്ടിയുള്ള രാഷ്ട്രീയ കച്ചവടങ്ങൾക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുന്ന വെള്ളാപ്പള്ളി യഥാർഥത്തിൽ ശ്രീനാരായണ ദർശനങ്ങളെ ചവിട്ടി മെതിക്കുകയാണെന്നും സുധീരന്‍ വിശദമാക്കി.

ആലപ്പുഴയിൽ സിപിഎം സ്ഥാനാർത്ഥി പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ വെല്ലുവിളിച്ച വെള്ളാപ്പള്ളി അതൊരു രസത്തിന് വേണ്ടി പറഞ്ഞതാണെന്ന് മാറ്റി പറഞ്ഞ് പിന്നീട് തടിയൂരി സ്വയം പരിഹാസ്യനായി. താൻ പിന്തുണച്ച സ്ഥാനാർഥികളൊക്കെ പരാജയപ്പെട്ട ചരിത്രമാണ് ആലപ്പുഴയിലേത്. വൈകിവന്ന ആ തിരിച്ചറിവാണ് പതിവുപോലെ വാക്കുമാറ്റി പറയാൻ വെള്ളാപ്പള്ളിയെ
പ്രേരിപ്പിച്ചതെന്നും സുധീരന്‍ പറഞ്ഞു. തരത്തിന് അനുസരിച്ച് നിലപാടും നിറവും മാറ്റുന്ന വെള്ളാപ്പള്ളിയെ ആശ്രയിക്കേണ്ടി വന്നത് സിപിഎം നേതൃത്വത്തിന്റെ ഗതികേടാണ് വ്യക്തമാക്കുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.