സുല്‍ത്താന്‍പൂര്‌: ഉത്തര്‍പ്രദേശിലെ എസ്‌പി-ബിഎസ്‌പി മഹാസഖ്യത്തിനെതിരെ വീണ്ടും വിവാദപരാമര്‍ശവുമായി ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധി. മഹാസഖ്യത്തിലെ നേതാക്കള്‍ പാകിസ്‌താനികളാണ്‌ എന്നാണ്‌ വരുണ്‍ ആരോപിച്ചത്‌. എസ്‌പി-ബിഎസ്‌പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിക്ക്‌ തന്റെ ഷൂലേസ്‌ അഴിക്കാനുള്ള യോഗ്യതയെ ഉള്ളു എന്ന്‌ കഴിഞ്ഞദിവസം വരുണ്‍ ഗാന്ധി പറഞ്ഞതും വിവാദമായിരുന്നു.

സുല്‍ത്താന്‍പൂരില്‍ അമ്മ മനേകാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണയോഗത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു വരുണിന്റെ വിവാദപരാമര്‍ശം. അമ്മയ്‌ക്ക്‌ വേണ്ടി വോട്ട്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട വരുണ്‍ മഹാസഖ്യത്തിന്‌ വോട്ട്‌ ചെയ്യരുതെന്നും ജനങ്ങളോട്‌ അഭ്യര്‍ത്ഥിച്ചു.

".....ഇവര്‍ പാകിസ്‌താന്‍കാരാണ്‌. ആണോ അല്ലയോ?" എസ്‌പി-ബിഎസ്‌പി നേതാക്കളെക്കുറിച്ച്‌ വരുണ്‍ ചോദിച്ചപ്പോള്‍ നിറഞ്ഞ കരഘോഷമായിരുന്നു മറുപടി.
" ആരാണ്‌ രാമഭക്തര്‍ക്ക്‌ നേരെ വെടിയുതിര്‍ത്തത്‌?" വരുണ്‍ ഗാന്ധി തുടര്‍ന്നു.
"മുലായം സിങ്‌ യാദവ്‌" എന്ന്‌ ജനങ്ങളിലാരോ മറുപടി നല്‍കി.
" 500 പേര്‍ കൊല്ലപ്പെട്ടു, അവരുടെ രക്തം ചിതറിത്തെറിച്ചു.....നമുക്കത്‌ മറക്കാന്‍ കഴിയില്ല" വരുണ്‍ അഭിപ്രായപ്പെട്ടു.

1990ലെ അയോധ്യ വെടിവയ്‌പ്‌ ഓര്‍മ്മിപ്പിച്ചായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രസംഗം. അയോധ്യയിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌ത കര്‍സേവകരെ വെടിവയ്‌ക്കാന്‍ എസ്‌പി സ്ഥാപകനും അന്നത്തെ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയുമായ മുലായം സിങ്‌ യാദവ്‌ ഉത്തരവിട്ടതിനെക്കുറിച്ചായിരുന്നു വരുണിന്റെ ഓര്‍മ്മപ്പെടുത്തല്‍. ഇക്കുറി പിലാഭിത്തില്‍ നിന്നാണ്‌ വരുണ്‍ ഗാന്ധി ജനവിധി തേടുന്നത്‌.