തിരുവനന്തപുരം: ആവേശകരമായ ഉപതെരഞ്ഞെടുപ്പിൽ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ എൻഎസ്എസ് നിലപാട് തനിക്ക് തിരിച്ചടിയാവില്ലെന്ന് വട്ടിയൂർക്കാവിലെ ഇടതുമുന്നണി സ്ഥാനാർത്ഥി വികെ പ്രശാന്ത്. എൻഎസ്എസ് വോട്ടുകളും തനിക്ക് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

"എൻഎസ്എസിൽ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ ഉള്ളവരുണ്ട്. അതിനാൽ തന്നെ എൻഎസ്എസ് വോട്ടുകളും ലഭിക്കും," എന്നാണ് ഇടത് സ്ഥാനാർത്ഥി പറഞ്ഞത്. ഒരു തീരുമാനവും ആർക്കും അടിച്ചേൽപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡോ കെ മോഹൻകുമാറിനാണ് എൻഎസ്എസ് പിന്തുണയെന്ന് നേരത്തെ സംഘടനയുടെ ജനറൽ സെക്രട്ടറിയായ സുകുമാരൻ നായർ പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്കാണ് വഴിതെളിച്ചത്.

ജനറൽ സെക്രട്ടറിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വട്ടിയൂർക്കാവിൽ എൻഎസ്എസ് ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പ്രചാരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നിരുന്നു. ജാതി പറഞ്ഞ് സമുദായ സംഘടനകൾ വോട്ട് പിടിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണറായ ടിക്കാറാം മീണയും വ്യക്തമാക്കിയിരുന്നു.