Asianet News MalayalamAsianet News Malayalam

'ഇത് അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പല്ല'; രമ്യ ഹരിദാസിനെ പരിഹസിച്ച് ദീപാ നിശാന്ത്

പാട്ടിലൂടെയും വൈകാരിക പ്രസം​ഗങ്ങളിലൂടെയും ആലത്തൂരിൽ വേറിട്ട പ്രചാരണം നടത്തുന്ന രമ്യയുടെ പ്രചാരണരീതിയെ പരിഹസിച്ചു കൊണ്ടാണ് ദീപാ നിശാന്തിന്റെ കുറിപ്പ്. 

viral facebook post of deepa nisanth about remya haridas alathoor candidature
Author
Palakkad, First Published Mar 26, 2019, 11:47 AM IST

പാലക്കാട്: ആലത്തൂർ‌ നിയോജക മണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ പ്രചാരണത്തിനെ വിമർശിച്ചു കൊണ്ടുള്ള അധ്യാപിക ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക്. സിപിഎം അനായാസമായി വിജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു ആലത്തൂർ. എന്നാൽ വേറിട്ട പ്രചാരണ ശൈലിയുമായി രമ്യാ ഹരിദാസും മത്സരത്തിനിറങ്ങിയതോടെ മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലാണ്. കോൺ​ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാനാർത്ഥിപ്പട്ടിക പുറത്തുവന്നപ്പോൾ അതിലെ ഏക സ്ത്രീ സാന്നിദ്ധ്യമായിരുന്നു രമ്യ ഹരിദാസ്. കുന്ദമം​ഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് രമ്യ. രാഹുൽ ബ്രി​ഗേഡിലെ മികച്ച പോരാളികളിലൊരാളായിട്ടാണ് രമ്യയെ കോൺ​ഗ്രസ് പാർട്ടി വിലയിരുത്തുന്നത്.  

പാട്ടിലൂടെയും വൈകാരിക പ്രസം​ഗങ്ങളിലൂടെയും ആലത്തൂരിൽ വേറിട്ട പ്രചാരണം നടത്തുന്ന രമ്യയുടെ പ്രചാരണരീതിയെ പരിഹസിച്ചു കൊണ്ടാണ് ദീപാ നിശാന്തിന്റെ കുറിപ്പ്. ''സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു എന്നതൊന്നുമല്ല ഇവിടെ വിഷയമാക്കേണ്ടത്. അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പല്ല നടക്കുന്നത് എന്ന സാമാന്യ ബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണ'മെന്നുമാണ് ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്.  രമ്യ ജയിച്ചാൽ പാർലമെന്റിലെത്തുന്ന ആദ്യത്തെ ദളിത് എംപി ആയിരിക്കുമെന്ന അനിൽ അക്കര എംഎൽഎയുടെ വാദത്തെയും ദീപ വിമർശനവിധേയമാക്കുന്നു. ദീപാ നിശാന്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ‌ രം​ഗത്തെത്തിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

''ആലത്തൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള വോട്ടഭ്യർത്ഥനയാണ്.ഇന്ത്യൻ യൂത്ത്‌ കോൺഗ്രസിന്റെ പേജിലാണ്‌ ആദ്യത്തെ ചിത്രം. ഫണ്ട് ശേഖരണത്തിനുള്ള പരസ്യവാചകം ശ്രദ്ധിക്കുക.' രമ്യ തെരഞ്ഞെടുക്കപ്പെട്ടാൽ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത്‌ വനിതാ എം പി ആവും' എന്നാണ് അവകാശവാദം.ദീർഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാർഗവി തങ്കപ്പൻ 1971ലെ പൊതു തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യയുടെ എം പി യായി ലോകസഭയിൽ എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം.

രണ്ടാമത്തെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത് ബഹു. എം എൽ എ ശ്രീ.അനിൽ അക്കരയാണ്. തങ്ങളുടെ സ്ഥാനാർത്ഥി കടന്നു പോന്ന ജീവിതത്തിന്റെ വേനൽവിതാനങ്ങളും കനൽവഴികളും പറഞ്ഞ് വോട്ടഭ്യർത്ഥിക്കുന്നതിൽ തെറ്റൊന്നുമില്ല. മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനവും നന്നായിട്ടുണ്ട്.

ഒന്നോർക്കണം പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്.ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്.

"ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്ന് നോക്കണം!

രണ്ടു നാലു ചിരട്ട കുടിച്ചെന്നാൽ ,അച്ഛനാരെടാ ഞാനെടാ, മോനെടാ " എന്ന ചാരായ യുക്തിയാണ് മറുപടിയെങ്കിൽ സുലാൻ.''

Follow Us:
Download App:
  • android
  • ios