കൊണ്ടോട്ടി: പൊന്നാനിയില്‍ പി.വി. അൻവറിന്‍റെ സ്ഥാനാര്‍ത്ഥിത്വം മുസ്ലീം ലീഗിനെ വലിയ തോതില്‍ ആശങ്കപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ എസ്ഡിപിഐയുമായി ധാരണയ്ക്ക് ശ്രമിച്ചത്. ഇത് UDFന് ഉള്ളില്‍ തന്നെ വിമര്‍ശനത്തിന് ഇടയാക്കും.

മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ആശങ്കപ്പെടാനൊന്നുമില്ല. എന്നാല്‍ പൊന്നാനിയില്‍ കാര്യങ്ങള്‍ എളുപ്പമല്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പ്രാദേശിക വികാരം ശക്തമാണ്. മുൻ കോണ്‍ഗ്രസ് നേതാവായിരുന്ന പി.വി. അൻവര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായെത്തിയതോടെ ലീഗിന്‍റെ ആശങ്ക ഇരട്ടിച്ചു. ഇ.ടിയോട് അഭിപ്രായ വ്യത്യാസമുള്ള പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വോട്ട് മറിക്കുമോയെന്നാണ് പേടിക്കുന്നത്. 

ഇത് മറികടക്കാനാണ് എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്‍റേയും പിന്തുണ ലീഗ് തേടിയത്. ബുധനാഴ്ച കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലില്‍ വെച്ചായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരവുമായും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് അബ്ദുള്‍ മജീദ് ഫൈസിയുമായും രഹസ്യ ചര്‍ച്ച നടത്തിയത്. പൊന്നാനിയില്‍ ലീഗ് സഹായം തേടിയെന്ന് അബ്ദുള്‍ മജീദ് ഫൈസി സ്ഥിരീകരിക്കുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കൂടിക്കാഴ്ച വിവാദമായി. എസ് ഡി പിഐ യുമായി ലീഗ് രഹസ്യ ധാരണക്ക് ശ്രമിച്ചത് എല്‍ഡിഎഫ് പ്രചാരണ വിഷയമാക്കും. വര്‍ഗീയതക്കെതിരെയുള്ള പോരാട്ടമാണ് ഇത്തവണത്തെ തെര‌ഞ്ഞെടുപ്പെന്ന് പറയുന്ന യുഡിഎഫിനും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ട ബാധ്യതയുണ്ട്