മുംബൈ: നടി ഐശ്വര്യ റായിയെ അധിക്ഷേപിച്ച് സോഷ്യൽമീഡിയയിൽ മീം പ്രചരിപ്പിച്ച സംഭവത്തിൽ നടന്‍ വിവേക് ഒബ്‌റോയി മാപ്പ് പറഞ്ഞു. സമൂഹത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ശക്തമായതോടെയാണ് വിവേക് ട്വിറ്ററിൽ പങ്കുവച്ച മീം പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തത്. ചൊവ്വാഴ്ച രാവിലെ ട്വിറ്റിറിലൂടെയാണ് വിവേക് ക്ഷമാപണം നടത്തിയത്. 

മീമിനുള്ള തന്റെ മറുപടി ഒരു സ്ത്രീയെ എങ്കിലും അധിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത് പരിഹാരം ചെയ്യേണ്ട പ്രവൃത്തിയാണെന്നും അതിനാൽ‌ താൻ മാപ്പ് പറയുന്നുവെന്നുമാണ് വിവേക് ട്വിറ്ററിൽ കുറിച്ചത്. സംഭവത്തിൽ താൻ മാപ്പ് പറയില്ലെന്ന് വിവേക് പറഞ്ഞിരുന്നതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് വിവേക് ​രം​ഗത്തെത്തിയത്. 

ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മീമാണ് ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിവേക് പ്രചരിപ്പിച്ചത്. സല്‍മാൻ ഖാനുമായുണ്ടായിരുന്ന ഐശ്വര്യയുടെ പ്രണയത്തെ അഭിപ്രായ സര്‍വേയായും വിവേക് ഒബ്രോയുമായുള്ള താരത്തിന്റെ പ്രണയത്തെ എക്‌സിറ്റ് പോളുമായിട്ടും അഭിഷേക് ബച്ചനെ കല്ല്യാണം കഴിച്ചത് തെരഞ്ഞെടുപ്പ് ഫലമായിട്ടുമാണ് വിവേക് പോസ്റ്റ് ചെയ്ത ട്രോളിലുള്ളത്. തിങ്കളാഴ്ച പ്രചരിപ്പിച്ച മീമിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

വിവേകിനെ വിമര്‍ശിച്ച് ബോളിവുഡ് താരം സോനം കപൂര്‍ ആദ്യം രം​ഗത്തെത്തിയത്. വിവേക് പങ്കുവച്ച് മീം വെറുപ്പുളവാക്കുന്നതും വർ​ഗരഹിതവുമാണെന്ന് സോനം കപൂർ ട്വീറ്റ് ചെയ്തു. അതിന് ശേഷമാണ് മഹാരാഷ്ട്ര വനിതാ കമ്മീഷൻ വിവേകിന് നോട്ടീസ് അയക്കുന്നത്. സോനം കപൂറിന് പുറകെ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട, നടിയും മുംബൈ നോർത്ത് മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ഊർമ്മിള മാണ്ഡോത്കര്‍ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി.

അതേസമയം സോനം കപൂറിന്റെ വിമർശനത്തിനെതിരേയും വിവേക് പ്രതികരിച്ചു. ‘നിങ്ങള്‍ നിങ്ങളുടെ സിനിമയില്‍ കുറച്ച് ഓവര്‍ ആക്ട് ചെയ്യു, സോഷ്യല്‍മീഡിയയിലും കുറച്ച് ഓവര്‍ ആക്ട് ചെയ്യു. 10 വര്‍ഷമായി വനിതാ ശാക്തീകരണത്തിന് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ആരുടേയും വികാരം വ്രണപ്പെടുത്തുന്നതായി എനിക്ക് തോന്നുന്നില്ലെന്നും,’ വിവേക് എഎൻഐയോട് പ്രതികരിച്ചു.