വയനാടിന് വേണ്ടി ഗ്രൂപ്പ് വടംവലി തുടരുന്നതിനാൽ നാല് സീറ്റിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അനിശ്ചിതത്വത്തിലായി. അടിയന്തരമായി ദില്ലിയിലെത്താനാണ് ഉമ്മൻചാണ്ടിക്ക് ഹൈക്കമാന്‍റ്  നിര്‍ദ്ദേശം

ദില്ലി: വയനാട് മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ തമ്മിൽ തല്ലുമായി എ ഐ ഗ്രൂപ്പുകൾ. സീറ്റ് ടി സിദ്ദിക്കിന് നൽകണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി കടുംപിടുത്തത്തിൽ നിൽക്കുമ്പോൾ സിറ്റിംഗ് സീറ്റ് വിട്ട് നൽകാനാകില്ലെന്ന ഉറച്ച നിലപാടിലാണ് ഐ ഗ്രൂപ്പ്. ബദൽ സ്ഥാനാര്‍ത്ഥി പട്ടികയും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് നേതാക്കൾ മുന്നോട്ട് വച്ചതോടെയാണ് സീറ്റ് നിര്‍ണ്ണയം വഴി മുട്ടിയത്. 

തര്‍ക്കം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ അടിയന്തരമായി ദില്ലിയിലെത്താനാണ് ഉമ്മൻചാണ്ടിയോട് ഹൈക്കമാന്‍റ് ആവശ്യപ്പെടുന്നത്. നാളെ വൈകീട്ട് ആന്ധ്രയുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ ദില്ലിക്ക് തിരിക്കാനിരുന്ന ഉമ്മൻചാണ്ടി ഇന്ന് രാത്രി തന്നെ വിമാനം കയറും. നാളെ രാവിലെ കേരളത്തിൽ നിന്നുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി നാല് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും മടക്കയാത്രയും നീട്ടി. 

അഞ്ച് പേരുടെ പട്ടികയാണിപ്പോൾ വയനാടിന് വേണ്ടി നിലവിലുള്ളത്. ടി സിദ്ദിക്കിന് വേണ്ടി ഉമ്മൻചാണ്ടി നിൽക്കുമ്പോൾ ഷാനിമോൾ ഉസ്മാൻ പി അബ്ദുൾ മജീദ്, വിവി പ്രകാശ് കെ മുരളീധരൻ എന്നിവരെയും സജീവമായി പരിഗണിക്കുന്നുണ്ട്. വടകരയിലേക്ക് ടി സിദ്ദിക്കിനെ മാറ്റാൻ നിര്‍ദ്ദേശമുണ്ടെങ്കിലും അഭിപ്രായ സമന്വയത്തിലെത്തിയിട്ടില്ല. 

വയനാട്ടിലേക്ക് പരിഗണിക്കുന്ന ഷാനിമോൾ ഉസ്മാൻ തന്നെയാണ് ആലപ്പുഴയിലും പ്രഥമ പരിഗണന. ആലപ്പുഴയും ആറ്റിങ്ങലും പരിഗണിച്ചിരുന്ന അടൂര്‍ പ്രകാശിന്‍റെ കാര്യത്തിലും ഇതോടെ അന്തിമ തീരുമാനം വൈകുകയാണ്. ഉമ്മൻചാണ്ടി അടക്കം ദില്ലിയിലെത്തി മുതിര്‍ന്ന നേതാക്കൾ ഇടപെട്ട് നടത്തുന്ന സമവായ നീക്കങ്ങളിലാണ് ഇനിയുള്ള പ്രതീക്ഷ. അതുകൊണ്ട് തന്നെ അന്തിമ തീരുമാനവും അനിശ്ചിതമായി വൈകുകയാണ്. 

നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക ഇങ്ങനെ: 

  • വയനാട് - ടി സിദിഖ്, ഷാനിമോൾ ഉസ്മാൻ, കെ പി അബ്ദുൽ മജീദ്, വി വി പ്രകാശ്, പി എം നിയാസ്, കെ മുരളീധരൻ
  • വടകര - വിദ്യാ ബാലകൃഷ്ണൻ, ടി സിദ്ദിക്ക് 
  • ആലപ്പുഴ - ഷാനിമോൾ ഉസ്മാൻ , അടൂർ പ്രകാശ്, എ എ ഷുക്കൂർ
  • ആറ്റിങ്ങൽ - അടൂർ പ്രകാശ്, ഷാനിമോൾ ഉസ്മാൻ ,എം എം നസീർ