രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതോടെ അമേഠി, വാരണാസി, റായ്ബറേലി, ഗാന്ധിനഗര്‍ പോലെ ദേശീയ ശ്രദ്ധയിലേക്കാണ് വയനാട് അപ്രതീക്ഷിതമായി എത്തുന്നത്. 

കല്‍പ്പറ്റ: സീറ്റ് നിര്‍ണയ സമയം മുതല്‍ അനിശ്ചിതത്വം നിലനിന്ന വയനാട്ടിലെ കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജവുമായാണ് രാഹുല്‍ ഗാന്ധി മല്‍സരിക്കുമെന്ന വാര്‍ത്തയെത്തുന്നത്. 2008 ല്‍ മണ്ഡലം രൂപീകരിച്ച സമയം മുതല്‍ കോണ്‍ഗ്രസിന് ഒപ്പം അടിയുറച്ച് നില്‍ക്കുന്ന മണ്ഡലമാണ് വയനാട്. കോണ്‍ഗ്രസിന്റെ പ്രധാമന്ത്രി സ്ഥാനാര്‍ത്ഥിയായി വിലയിരുത്തുന്ന രാഹുല്‍ ഗാന്ധിയുടെ വരവ് സീറ്റ് നിശ്ചയ സമയത്തെ ആശയക്കുഴപ്പവും പ്രചാരണ രംഗത്ത് നേരിട്ട ഇഴയലിനും പരിഹാരമാവുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങളും ഘടകകക്ഷികളുമായിയുള്ള പ്രശ്നങ്ങളും ടി സിദ്ദിഖിന് നേരെ ഉയര്‍ന്ന എതിര്‍ സ്വരങ്ങളും അടക്കം ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും രാഹുലിന്റെ വരവോടെ അന്ത്യമാവുകയാണ്.

മാവോയിസ്റ്റ് പ്രശ്നങ്ങളും ആദിവാസി പ്രശ്നങ്ങളും കര്‍ഷകരുടെ പ്രശ്നങ്ങളുമെല്ലാംഅവഗണിക്കപ്പെടുന്നുവെന്നാണ് വയനാട് മണ്ഡലത്തില്‍ പരക്കെയുള്ള ആരോപണം. രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതോടെ അമേഠി, വാരണാസി, റായ്ബറേലി, ഗാന്ധിനഗര്‍ പോലെ ദേശീയ ശ്രദ്ധയിലേക്കാണ് വയനാട് അപ്രതീക്ഷിതമായി എത്തുന്നത്.

മൂന്നു ജില്ലകളിലായി കിടക്കുന്ന ലോക്സഭാ മണ്ഡലമാണ് വയനാട്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഭാഗങ്ങളാണ് വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 2008 ലെ മണ്ഡല പുനര്‍ നിര്‍ണയത്തിലാണ് വയനാട് ജില്ലയിലെ കൽപറ്റ, മാനന്തവാടി, ബത്തേരി താലൂക്കുകളും മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, വണ്ടൂർ താലൂക്കുകളും കോഴിക്കോട് ജില്ല തിരുവമ്പാടി താലൂക്കും ഉള്‍പ്പെടുത്തി വയനാട് മണ്ഡലം രൂപീകരിക്കുന്നത്. 

2009 ലാണ് വയനാട് മണ്ഡലം ആദ്യതെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം ഐ ഷാനവാസ് ലോക്സഭയിലേക്ക് എത്തുന്നത്. 410,703 വോട്ട് നേടി എം ഐ ഷാനവാസ് 15ാം ലോക്സഭയിലെത്തിയപ്പോള്‍ 1,53,439 വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേടിയത്. കോണ്‍ഗ്രസിനോട് ഉടക്കി നിന്നിരുന്ന കെ മുരളീധരന്‍ 2009ല്‍ വയനാട് മണ്ഡലത്തില്‍ 99,663 വോട്ട് നേടിയിരുന്നു. 

എന്നാല്‍ 2014 ല്‍ വയനാട്ടില്‍ നിന്ന് വീണ്ടും മല്‍സരിച്ച എംഐ ഷാനവാസിന് ലഭിച്ചത് 377,035 വോട്ടായിരുന്നു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയുമായി കടുത്ത പോരാട്ടമായിരുന്നു എ ഐ ഷാനവാസിന് നേരിടേണ്ടി വന്നത്. രണ്ടാം സ്ഥാനത്ത് എത്തിയ സത്യന്‍ മൊകേരി 2014ല്‍ നേടിയത് 356,165 വോട്ടാണ്. 

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് രാഹുല്‍ ഗാന്ധി മല്‍സരിച്ചാല്‍ 5 ലക്ഷത്തിലേറെ വോട്ടിന് ജയിക്കുമെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. രാഹുൽ വയനാട്ടിൽ സ്ഥാനാര്‍ത്ഥിയാകുന്നതോടെ കേരളത്തില്‍ കോൺഗ്രസ് തൂത്തുവാരുമെന്നും ചെന്നിത്തല പറഞ്ഞു. ടി സിദ്ദിഖ് സന്തോഷത്തോടെ പിന്മാറിയെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചത്. സംസ്ഥാന നേതാക്കളുടെ ആവശ്യം പരിഗണനയിലാണെന്ന് എഐസിസി വിശദമാക്കിയിട്ടുണ്ട്.