വടകര: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് മുന്നണിയിൽ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമെന്ന് കോടിയേരി ആരോപിച്ചു. ന്യൂനപക്ഷ ധ്രുവീകരണമുണ്ടാക്കി ഇടതുപക്ഷത്തെ തകർക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് കോടിയേരി വടകരയില്‍ പറഞ്ഞു. ഈ മുന്നണിയിൽ മത്സരിക്കാനാണ് രാഹുൽ വരുമെന്ന് പറയുന്നത്. അങ്ങനെയാണെങ്കില്‍ രാഹുലിനെ തോൽപിച്ച നാടാണിതെന്ന ഖ്യാതി കിട്ടുമെന്നും കോടിയേരി പറഞ്ഞു.

ആര്‍എസ്എസിനെ നേരിടേണ്ടത് ഈ കൂട്ടുകെട്ട് കൊണ്ടല്ല, മുസ്ലീം വർഗ്ഗീയതയെ പ്രീണിപ്പിച്ചാൽ ഹിന്ദുത്വ വർഗ്ഗീയത ശക്തി പ്രാപിക്കുമെന്നും തിരിച്ച് അത് തന്നെ സംഭവിക്കുമെന്നും കോടിയേരി പറഞ്ഞു. ബി ജെ പി യെ മടയിൽ പോയി പരാജയപ്പെടുത്തുകയല്ലേ വേണ്ടത്? അതിന് പകരം താമര ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥി പോലുമില്ലാത്തിടത്താണ് രാഹുല്‍ മത്സരിക്കുന്നത്. വടകരയിൽ ആദ്യം പരിഗണിച്ചത് ടി സിദ്ദിഖിനെയാണ്, എന്നാൽ ആര്‍എസ്എസ് നിർദേശത്തെ തുടർന്നാണ് സിദ്ദിഖിനെ മാറ്റിയതെന്നും കോടിയേരി ആരോപിച്ചു.  

ഇടതുപക്ഷത്തെ തോൽപ്പിക്കാനാണ് കോൺഗ്രസും ആര്‍എസ്എസും ഒരുമിക്കുന്നത്. 91 ലെ കോലീബി സഖ്യത്തിന്റെ ഉപജ്ഞാതാവാണ് മുല്ലപ്പള്ളിയെന്നും കോടിയേരി ആരോപിച്ചു. പി ജയരാജനെ യു ഡിഎഫ് വ്യക്തിഹത്യ ചെയ്യുന്നു. ഒരു കേസിൽ പ്രതിയായാൽ കൊലയാളിയാകില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഒരു കൊലക്കേസിലും ജയരാജൻ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വടകരയില്‍ പറഞ്ഞു.