നന്ദിഗ്രാമിലെ 10000 ഏക്കർ ഭൂമി കെമിക്കൽ ഹബ്ബിനും പ്രത്യേക സാമ്പത്തിക മേഖലയ്ക്കും വേണ്ടി ഏറ്റെടുക്കാനുള്ള 2007 ലെ ഇടത് സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് കർഷക പ്രക്ഷോഭം ആരംഭിച്ചത്

കൊൽക്കത്ത: ശക്തമായ കർഷക പ്രക്ഷോഭത്തിന് പിന്നാലെ നന്ദിഗ്രാമിൽ 2007 മുതൽ അടച്ചിട്ട സിപിഎം ഓഫീസ് തുറന്നു. ഇന്നലെയാണ് നന്ദിഗ്രാമിലെ ഏറ്റവും വലിയ ഓഫീസായ സുകുമാർ സെൻ ഗുപ്‌ത ഭവൻ തുറന്നത്. പ്രവർത്തകരാരും കയറാതെ പൊടിപിടിച്ച് പൂട്ടിക്കിടന്ന കെട്ടിടം തുറക്കാനായത് നന്ദിഗ്രാമിൽ പാർട്ടിക്ക് പുത്തനുണർവായി.

നന്ദിഗ്രാമിൽ 10000 ഏക്കർ ഭൂമി കെമിക്കൽ ഹബ്ബിനും പ്രത്യേക സാമ്പത്തിക മേഖലയ്ക്കും വേണ്ടി ഏറ്റെടുക്കാനുള്ള 2007 ലെ ഇടത് സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് കർഷക പ്രക്ഷോഭം ആരംഭിച്ചത്. പിന്നീട് സമരം ശക്തമാവുകയും പ്രദേശത്തെ പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെടുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു.

പാർട്ടി ഓഫീസ് തുറന്നതിന് ശേഷം പ്രവർത്തകർ ഇവിടെ റാലി നടത്തി. തംലൂക് ലോക്സഭാ മണ്ഡലത്തിന് കീഴിൽ വരുന്നതാണ് ഈ പ്രദേശം. ഇവിടെ ഇബ്രാഹിം അലിയാണ് പാർട്ടിയുടെ സ്ഥാനാർത്ഥി. ഇദ്ദേഹത്തിന്റെ വിജയത്തിനായി ശക്തമായ പ്രചാരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. 

സിപിഎമ്മിനെതിരെ ശക്തമായ ജനവിരുദ്ധ വികാരം അലയടിച്ചിരുന്ന മേഖലയിൽ വീണ്ടും പാർട്ടി ഓഫീസ് തുറക്കാൻ സാധിച്ചത് ഇവിടെ ജനങ്ങൾ വീണ്ടും പാർട്ടിയോട് അടുക്കുന്നതിന്റെ സൂചനയാണെന്ന് സിപിഎം നേതാവ് രബിൻ ദേബ് പറഞ്ഞു.

എന്നാൽ മേഖലയിൽ സിപിഎം ഓഫീസ് തുറന്നത് ബിജെപി പിന്തുണയോടെയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. തൃണമൂൽ കോൺഗ്രസിന്റെ പിൻബലത്തിലാണ് സിപിഎം ഓഫീസ് തുറന്നതെന്ന് ബിജെപിയും ആരോപിച്ചു.

നന്ദിഗ്രാമിൽ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസും , മാവോയിസ്റ്റുകളും, കോൺഗ്രസും ചേർന്നാണ് സമരം നടത്തിയത്. ഇവർ റോഡ് ഉപരോധിച്ചതോടെ സർക്കാർ പൊലീസിനെ ഉപയോഗിച്ച് ഈ പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസ് വെടിവയ്പ്പിൽ 14 കർഷകർ മരിച്ചു. സർക്കാർ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിച്ചിട്ടും മേഖലയിൽ ഒരു വർഷത്തോളം സംഘർഷം തുടർന്നിരുന്നു.