Asianet News MalayalamAsianet News Malayalam

എന്താണ് ഇലക്ടറൽ ബോണ്ടുകൾ ? എന്തിനാണ് ഇവ

ആരാണ് പണം നൽകേണ്ടത് എന്ന് പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ല. പാർട്ടികൾക്ക് അവരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ വഴി സംഭാവന ചെയ്യപ്പെട്ട തുക പിൻവലിക്കാം

what  is an electoral bond explained
Author
Delhi, First Published Apr 12, 2019, 3:19 PM IST

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള കടപത്രങ്ങളാണ് ലളിതമായി പറഞ്ഞാൽ ഇലക്ടറൽ ബോണ്ടുകൾ. പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽ നിന്നും നിശ്ചിതതുകയ്ക്കുള്ള ഇലക‌്ടറല്‍ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇത്തരത്തിൽ സംഭാവനകൾ നൽകാം. ആയിരം, പതിനായിരം, ഒരു ലക്ഷം പത്ത് ലക്ഷം എന്നിങ്ങനെയാണ് ബോണ്ടുകളുടെ മൂല്യം. ഓരോ തുകയുടെയും ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും സംഭാവന ചെയ്യാം.

ആരാണ് പണം നൽകേണ്ടത് എന്ന് പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ല. പാർട്ടികൾക്ക് അവരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ വഴി സംഭാവന ചെയ്യപ്പെട്ട തുക പിൻവലിക്കാം. 2017ൽ അരുണ ജെയ്റ്റ്‍ലിയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. പലിശ രഹിതമാണ് എന്നതിന് പുറമേ നിലവിലെ സാഹചര്യത്തിൽ ബോണ്ടുകൾ തിരിച്ചു നൽകി പണം വാങ്ങാനും സാധിക്കില്ല. ഓരോ സാമ്പത്തിക പാദത്തിന്‍റെയും ആദ്യ പതിനഞ്ച് ദിവസമാണ് ഇലക്ടറൽ ബോണ്ടുകളുടെ കാലാവധി ഇതിനുള്ളിൽ ബോണ്ടുകൾ പണമാക്കി മാറ്റണം. 2018 മാർച്ച് 18 -നാണ് ഈ ഫിനാൻസ് ബിൽ ഒരു ചർച്ചയുമില്ലാതെ പാസാക്കിയത്. രാജ്യസഭയെ മറികടന്ന് മണി ബില്ലാക്കിയായിരുന്നു ഇത്. 

ഇലക്ടറൽ ബോണ്ട് നടപ്പാക്കുന്നതിനെക്കുറിച്ച് അരുൺ ജെയ്റ്റ്‍ലി അന്ന് പറഞ്ഞത് ഇങ്ങനെ

"രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഇലക്ടറൽ ബോണ്ടുകൾ എസ്ബിഐ ശാഖകളിൽ നിന്ന് വാങ്ങാം. അവർക്കത് പാർട്ടികൾക്ക് നൽകാം. സംഭാവന നൽകുന്ന ആളുടെ ബാലൻസ് ഷീറ്റിൽ ഇത് രേഖപ്പെടുത്തും. അത് ഏതെങ്കിലും പാർട്ടികൾക്കല്ലേ നൽകൂ. ആർക്ക് നൽകുന്നത് എന്നത് പ്രശ്നമല്ല."

1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്‍റെ സെക്ഷൻ 29 എ അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടികൾക്ക് മാത്രമേ ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കാൻ കഴിയൂ. എറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു ശതമാനം വോട്ടെങ്കിലും നേടിയിരിക്കണമെന്നും നിബന്ധനയുണ്ട്. സംഭാവന വാങ്ങുന്ന ബാങ്ക് അക്കൗണ്ട് ഇലക്ഷൻ കമ്മീഷൻ അംഗീകൃതമായിരിക്കണമെന്നും നിബന്ധനയുണ്ട്. ഒരു അക്കൗണ്ട് മാത്രമേ ഇതിനായി ഉപയോഗിക്കാനും പാടുള്ളൂ. 

രാഷ്ട്രീയ പാര്‍ടികൾക്കുള്ള സംഭാവനകൾ ബാങ്ക് വഴി നൽകുന്ന സംവിധാനം കള്ളപ്പണം തടയാൻ വേണ്ടിയാണെന്നായിരുന്നു കേന്ദ്രത്തിന്‍റെ വാദം. സംഭാവന ചെയ്യുന്നവരെ സംരക്ഷിക്കുകയാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ ആവശ്യകത ന്യായീകരിക്കാനുപയോഗിക്കുന്ന മറ്റൊരു വിശദീകരണം. ഒരു പാർട്ടിക്ക് സംഭാവന ചെയ്യുകയും മറ്റൊരു പാർട്ടിക്ക് ചെയ്യാതിരിക്കുകയും ചെയ്യുന്ന വ്യക്തിയോ സ്ഥാപനമോ എതിർപാർട്ടിയുടെ അനിഷ്ടത്തിന് ഇരയാകാതെ സംരക്ഷിക്കപ്പെടുമെന്നാണ് വാദം. 

കോർപ്പറേറ്റ് ഭീമൻമാരിൽ നിന്ന് രാഷട്രീയ പാർട്ടികൾക്ക് വലിയ തുകകൾ സ്വീകരിക്കാനുള്ള സംവിധാനമാണ് ഇലക്ടറൽ ബോണ്ടെന്നാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2017-18 -ൽ ഇലക്ടറൽ ബോണ്ട് വഴി ആകെ വന്ന സംഭാവന 222 കോടിയാണ്. ഇതിൽ ബിജെപിക്ക് കിട്ടിയത് 210 കോടി. കോൺഗ്രസിന് കിട്ടിയത് അഞ്ച് കോടി മാത്രം. മറ്റെല്ലാ പാർട്ടികൾക്കും കൂടി കിട്ടിയത് വെറും ഏഴ് കോടി രൂപ മാത്രം.

2017-18 -ൽ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച കണക്കുകളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത് കമ്യൂണിസ്റ്റ് പാർട്ടി ഒഴികെ ഒരു പാർട്ടിയും കൃത്യമായ കണക്കുകൾ കൊടുത്തിട്ടില്ലെന്നാണ്. സമാജ്‍വാദി പാ‍ർട്ടിയും ബിഎസ്പിയും 2000 രൂപയ്ക്ക് മുകളിൽ സംഭാവന കിട്ടിയിട്ടില്ല എന്ന തരത്തിലാണ് കണക്കുകൾ അവതരിപ്പിക്കുന്നത്.

അവതരിപ്പിക്കപ്പെട്ടപ്പോൾ തന്നെ ബോണ്ടുകൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സംഭാവനകൾ എത്രയെന്ന് നിലവിലെ നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയാൻ കഴിയില്ല. സംഭാവന ചെയ്യുന്നവരുടെ വിവരങ്ങൾ സുതാര്യതക്കായി പുറത്ത് വിടണമെന്നാണ് ഇലക്ഷൻ കമ്മീഷൻ നിലപാട്. സ്വതതന്താധികാരങ്ങളുള്ള ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അധികാരങ്ങളെ പരിമിതപ്പെടുത്തുന്നതാണ് ഇലക്ടറൽ ബോണ്ടുകൾ എന്നതാണ് ഉയരുന്ന മറ്റൊരു പ്രധാന വിമർശനം. ഇതുകൂടി പരിഗണിച്ചാണ് രാഷ്ട്രീയപാർട്ടികൾ ഇലക്ടറൽ ബോണ്ടുകൾ വഴി വരുന്ന പണത്തിന്‍റെ വിശദാംശങ്ങൾ മുദ്ര വച്ച കവറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്

Follow Us:
Download App:
  • android
  • ios