ഫോർവേർ‍ഡ് സന്ദേശങ്ങളുടെ കുത്തൊഴുക്ക് തടയാനാണ് പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ് എത്തിയത്. ഫോർവേഡിങ് ഇൻഫോ, ഫ്രീക്വിൻ്റിലി ഫോർവേർഡഡ് എന്നിങ്ങനെയാണ് പുതിയ ഫീച്ചറുകൾ

ദില്ലി: വ്യാജവാര്‍ത്തകളുടെ പേരില്‍ ഏറെ പേരുദോഷം കേള്‍ക്കുന്ന ആപ്പാണ് വാട്സ്ആപ്പ്. അനുദിനം നി​രവധി വ്യാജവാർത്തകളാണ് വാട്സ്ആപ്പ് വഴി രാജ്യത്ത് പ്രചരിക്കുന്നത്. വാട്സ്ആപ്പ് ഏറെ പ്രചാരത്തിലുള്ള ഇന്ത്യയെ പോലുള്ളൊരു രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചർച്ച ചെയ്തതും ഈ വ്യാജവാർത്തകളെക്കുറിച്ച് തന്നെയാണ്. അതിനാൽ ഒരു സാമൂഹ്യമാധ്യമം എന്ന നിലയില്‍ വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാൻ മുൻകൈ എടുക്കുകയാണ് വാട്സ്ആപ്പ്.

വ്യാജവാർത്തകളുടെ കുത്തൊഴുക്ക് നിയന്ത്രിക്കുന്നതിന് നേരത്തെ ഒരു ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. വാട്സ്ആപ്പില്‍ വരുന്ന ചിത്ര സന്ദേശങ്ങള്‍ ശരിക്കും ഉള്ളതാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനമായിരുന്നു വാട്സ്ആപ്പ് ആദ്യാമായി പരിചയപ്പെടുത്തിയത്. ഇത് പ്രകാരം ഒരു ചിത്രം ഫോര്‍വേഡായി ലഭിച്ചാല്‍ “സെർച്ച് ബൈ ഇമേജ് (search by image) ” എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് നേരിട്ട് ഇന്‍റര്‍നെറ്റില്‍ 
ചിത്രം സെര്‍ച്ച് ചെയ്യാം. ഇതോടെ വാട്സ്ആപ്പിൽ ഫോർവേർഡായി ലഭിച്ച ചിത്രത്തിന്‍റെ ഉറവിടം കൃത്യമായി കണ്ടെത്താനാകും. 

ഇതിന് പുറമെ മറ്റൊരു പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഫോർവേർ‍ഡ് സന്ദേശങ്ങളുടെ കുത്തൊഴുക്ക് തടയാനാണ് പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ് എത്തിയത്. ഫോർവേഡിങ് ഇൻഫോ, ഫ്രീക്വിൻ്റിലി ഫോർവേർഡഡ് എന്നിങ്ങനെയാണ് പുതിയ ഫീച്ചറുകൾ. ഒരു സന്ദേശം എത്ര തവണ ആളുകൾക്ക് ഫോർവേർഡ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തുന്നതിനാണ് ഫ്രീക്വിൻ്റിലി ഫോർവേർഡഡ് ഫീച്ചർ. ഒരേ സന്ദേശം നാലിൽ കൂടുതൽ ആളുകൾക്ക് ഫോർവേർഡ് ചെയ്യുന്നതോ‍ടെ ആ സന്ദേശം മാർക്ക് ചെയ്യപ്പെടുന്നു. 

പുതിയ ഫീച്ചറുകൾ വാട്സ്ആപ്പ് ബീറ്റ ആൻഡ്രോയിഡ് 2.19.73 പതിപ്പില്‍ മാത്രമാണ് ലഭ്യമാക്കുകയെന്ന് വാട്സ്ആപ്പ് ബീറ്റ ഇന്‍ഫോ.കോം അറിയിച്ചു. കൂടാതെ, ഫീച്ചറുകളെല്ലാം തന്നെ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും വാട്സ്ആപ്പ് വ്യക്തമാക്കി.