നിങ്ങൾ താമരയ്ക്ക് കുത്തുമ്പോൾ, അത് രാജ്യത്തിന് വേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറായ നിങ്ങളിലെ സൈനികനെ ഉണർത്തുന്നുവെന്നും മോദി പറഞ്ഞു.

ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമ്പോൾ‌ താമര ബട്ടണിൽ അമർത്തുന്നത് നിങ്ങളിലെ സൈനികനെ ഉണർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുൽവാമ ഭീകരാക്രമണം, ബാലാക്കോട് സൈനികാക്രമണം എന്നിവയുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമർശം. ഉത്തർപ്രദേശിലെ അയോധ്യയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങൾ താമരയ്ക്ക് കുത്തുമ്പോൾ, അത് രാജ്യത്തിന് വേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറായ നിങ്ങളിലെ സൈനികനെ ഉണർത്തും. ഇന്ന് അതിർത്തിക്കുള്ളിലോ അതിർത്തിക്കപ്പുറമോ ഭീകരാക്രമണം ഉണ്ടായാല്‍ പുതിയ ഇന്ത്യ ഭീകരരുടെ വീടുകളിലെത്തി അവരെ നശിപ്പിച്ച് കളയും. വെടിയുണ്ടകൾക്ക് വെടിയുണ്ടകൾകൊണ്ട് മറുപടി പറയും. ഇന്ത്യ സുരക്ഷിതത്വത്തോടും സംരക്ഷണയോടും ഇരുന്നാൽ മാത്രമേ നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കുകയുള്ളുവെന്നും മോദി പറഞ്ഞു. 

തന്റെ ബിജെപി സർക്കാരിന് മാത്രമേ ഭീകരവാദത്തിനെതിരെ പോരാടാൻ കഴിയുകയുള്ളു. ആക്രമണമുണ്ടായാല്‍ മണിക്കൂറുകൾക്കുള്ളിൽ സർക്കാർ തീവ്രവാദത്തിനെതിരെ പോരാടുമെന്നും മോദി കൂട്ടിച്ചേർത്തു. 2014-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നതിന് ശേഷം ആദ്യമായാണ് മോദി അയോധ്യ സന്ദർശിക്കുന്നത്. അയോധ്യ സന്ദർശിച്ചെങ്കിലും രാമ ക്ഷേത്രത്തെക്കുറിച്ച് അദ്ദേഹം ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ ജയ് ശ്രീ രാം വിളിച്ചാണ് മോദി തന്റെ പ്രസം​ഗം അവസാനിപ്പിച്ചത്.