തിരുവനന്തപുരം:  വട്ടിയൂര്‍ക്കാവ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആരാകണമെന്ന കാര്യത്തില്‍ സിപിഎമ്മില്‍ ആശയക്കുഴപ്പം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി തിരുവനന്തപുരം ജില്ലാകമ്മിറ്റിയിൽ ഭിന്നതയുള്ളതായാണ് റിപ്പോര്‍ട്ട് . പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും മന്ത്രി കടകംപള്ളി സുരേന്ദ്രനും ചേരിതിരിഞ്ഞ് കരു നീക്കങ്ങൾ നടത്തുമ്പോൾ കീഴ്ഘടകങ്ങൾ ആശയക്കുഴപ്പത്തിലാണ്. അതേസമയം  തിരുവനന്തപുരം മേയർ വി കെ പ്രശാന്തിനോടാണ് സംസ്ഥാനനേതൃത്തിന് ആഭിമുഖ്യമെന്നും സൂചനയുണ്ട്.  

ബൂത്ത് തലം മുതൽ മണ്ഡലംകമ്മിറ്റിയെ വരെ ഉപതെരഞ്ഞെടുപ്പിന് സജ്ജമാക്കിയാണ് വട്ടിയൂര്‍ക്കാവ് പിടിച്ചടക്കുന്നതിനുള്ള പ്രാഥമിക ഘട്ടപ്രവര്‍ത്തനങ്ങള്‍ സിപിഎം പൂര്‍ത്തിയാക്കിയത്. എന്നാൽ നിർണ്ണായക കടമ്പയായ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജില്ലാകമ്മിറ്റി രണ്ട് തട്ടിലാണ്. കെ എസ് സുനിൽകുമാർ എന്ന ഒറ്റപ്പേരുമായി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും വിശ്വസ്തരും മുന്നോട്ട് പോകുമ്പോൾ സുനിലിന്‍റെ പേര് വെട്ടാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി കെ മധുവിനെ മുന്നിൽ നിർത്തുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനും സംഘവും. 

വി കെ പ്രശാന്തിനോട് സംസ്ഥാന നേതൃത്വത്തിന് താത്പര്യമുണ്ടെങ്കിലും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിൽ മേയർ ക്ലച്ച് പിടിക്കില്ലെന്നാണ് ജില്ലാക്കമ്മിറ്റിയുടെ വിലയിരുത്തൽ. ജില്ലാ സെക്രട്ടറിക്കും പ്രശാന്തിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തോട് വിയോജിപ്പാണ്.  "ആരെയും ഇതുവരെ പരിഗണിച്ചിട്ടില്ല. ആരുടെയും പേര് ഇതുവരെ ചര്‍ച്ച ചെയ്തിട്ടുമില്ല. സമയമാകുമ്പോ ഞങ്ങള് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും." സ്ഥാനാർത്ഥിനിർണ്ണയത്തിൽ ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ പ്രതികരണം  ഇങ്ങനെയാണ്. 

വി കെ മധുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് അഭിപ്രായമുണ്ടെങ്കിലും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രശാന്തിനെ തള്ളിക്കളയുന്നില്ല.പ്രശാന്ത് അല്ലെങ്കിൽ വി കെ മധു എന്നതാണ് ആനാവൂർ വിരുദ്ധരായ കടകംപള്ളി പക്ഷത്തിന്‍റെ നിർദ്ദേശം. ആനാവൂര്‍ പക്ഷം ഉയര്‍ത്തിക്കാട്ടുന്ന സുനിൽകുമാറിനെതിരെ കണ്ണൻ ഗോപിനാഥ് ഐഎഎസ് എന്ന സ്വതന്ത്ര സ്ഥാനാ‍ർത്ഥിയെ നേരത്തെ  കടകംപള്ളിയും സംഘവും നിർദ്ദേശിച്ചിരുന്നു.ഈ നീക്കം പാളിയതോടെയാണ് വി കെ മധു എന്ന മുതിർന്ന നേതാവിനെ മുന്നിൽ നിർത്തിയുള്ള പുതിയ നീക്കം. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  എന്ന നിലയിൽ സുനിൽകുമാറിനെക്കാൾ സ്വീകാര്യൻ മധു ആണെന്നാണ് ആനാവൂർ വിരുദ്ധരുടെ പ്രചാരണം. സ്ഥാനാര്‍ത്ഥിയെക്കുറിച്ച് തീരുമാനമെടുക്കാന്‍ സിപിഎം  സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കെയാണ് പാർട്ടി ജില്ലാ ഘടകത്തിലെ ഈ തിരക്കിട്ട ഗ്രൂപ്പ് നീക്കങ്ങൾ.