ദില്ലി: ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഇന്നലെ പ്രഖ്യാപിക്കാതിരുന്ന പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയുടെ പേരും ഇന്നത്തെ പട്ടികയിലുണ്ടാകും. സാങ്കേതിക കാരണങ്ങളാലാണ് പ്രഖ്യാപനം വൈകിയതെന്നാണ് വിശദീകരണം. 

ചൊവ്വാഴ്ച ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് കേരളത്തിലെ പട്ടിക നിശ്ചയിച്ചത്. എന്നാൽ പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് മാറ്റിവച്ചു. തുടർന്ന് ബുധനാഴ്ച ചേർന്ന യോഗത്തലാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. ഈ യോഗത്തിൽ തീരുമാനമായ സ്ഥാനാർഥികളുടെ പട്ടിക ഇന്ന് മാത്രമേ പുറത്തിറക്കൂ എന്ന് ബിജെപി കേന്ദ്രങ്ങൾ വിശദീകരിക്കുന്നു.

ശ്രീധരൻപിള്ളയെ വെട്ടി സുരേന്ദ്രൻ ഉറപ്പിച്ചെന്ന സൂചന കിട്ടിയിട്ടും പത്തനംതിട്ട മാത്രം പ്രഖ്യാപിക്കാതെ പോയതാണ് സംസ്ഥാന നേതൃത്വത്തിന് ആകാംക്ഷ കൂട്ടുന്നത്. തുഷാർ മാറി സുരേന്ദ്രൻ തൃശ്ശൂരിലെത്താമെന്നും പകരം പത്തനംതിട്ടയിൽ ശ്രീധരൻ പിള്ളയോ മറ്റാരെങ്കിലുമോ എത്തുമെന്ന് ചിന്തിക്കുന്നവരും ബിജെപിയിലുണ്ട്. എന്നാൽ തുഷാർ പിൻമാറുമെന്ന കാര്യം ബിഡിജെഎസ് നേതാക്കളാരും ഇതുവരെ സമ്മതിച്ചിട്ടില്ല. സുരേന്ദ്രനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ നടന്ന പ്രചാരണത്തിന് പിന്നിൽ സുരേന്ദ്രൻ തന്നെയാണെന്ന് എതിർക്കുന്നവർ കേന്ദ്രനേതൃത്വത്തെ അറിയിച്ചെന്നും വിവരമുണ്ട്. ഒരുപാട് നേതാക്കൾ കണ്ണുവച്ച പത്തനംതിട്ട സീറ്റി‌ൽ ആരാകും സ്ഥനാർത്ഥിയെന്ന അഭ്യൂഹം തീരുന്നില്ല. 

അവസാന ഘട്ടം ഒഴിവാക്കിയതിൽ ദേശീയനേതൃത്വത്തെ ശ്രീധരൻപിള്ള അതൃപ്തി അറിയിച്ചിരുന്നു. പിള്ളയുടെ പരാതി വന്ന സാഹചര്യത്തിൽ വീണ്ടും ചർച്ചയുണ്ടാകുമോ, സുരേന്ദ്രനെ മാറ്റുമോ അതോ രണ്ട് പേർക്കുമപ്പുറം മറ്റാരെങ്കിലും വരുമോ എന്നിങ്ങനെ, പല തരം അഭ്യൂഹങ്ങൾ ഈ സാഹചര്യത്തില്‍ ഉയരുന്നുമുണ്ട്. 

പത്തനംതിട്ട മണ്ഡലത്തിൽ ഉണ്ടായിരുന്ന കെ സുരേന്ദ്രൻ പ്രഖ്യാപനം വരാത്തതോടെ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. എന്താണ് കാരണമെന്ന് അറിയില്ലെന്ന് പറഞ്ഞാണ് സംസ്ഥാന പ്രസിഡന്‍റ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. 

പത്തനംതിട്ട മണ്ഡലത്തിന് വേണ്ടി വലിയ തമ്മിലടിയാണ് പാർട്ടിയ്ക്കകത്ത് നടന്നത്. ആദ്യമൊക്കെ പി എസ് ശ്രീധരൻ പിള്ളയുടെ പേര് പറഞ്ഞുകേട്ട പത്തനംതിട്ടയിൽ ആർഎസ്എസ് അപ്രതീക്ഷിതമായി കെ സുരേന്ദ്രന് വേണ്ടി ഇടപെട്ടതാണ് വഴിത്തിരിവായത്.

ഇതോടെ, പത്തനംതിട്ടയില്ലെങ്കിൽ മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടെടുത്തു ശ്രീധരൻ പിള്ള. ബിജെപി സംസ്ഥാനാധ്യക്ഷന് സീറ്റില്ലെന്നുറപ്പായതോടെ പാർട്ടിയിൽ തന്നെ ഉടലെടുത്ത ഭിന്നതകളെ പറഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുകയാണ് ദേശീയ നേതൃത്വമെന്നാണ് സൂചന. ഇനി സംസ്ഥാനതലത്തിൽ പത്തനംതിട്ടയെച്ചൊല്ലി ഒരു ചർച്ചയുണ്ടാകില്ലെന്നുറപ്പാണ്.

Read More: ശ്രീധരൻപിള്ള പത്തനംതിട്ടയിൽ തന്നെ മത്സരിക്കാൻ പരിശ്രമിക്കുന്നതെന്തിന്?

സംസ്ഥാനതലത്തിലെ ഭിന്നത കേന്ദ്രനേതൃത്വത്തെയും ആശയക്കുഴപ്പത്തിലാക്കി എന്നത് വ്യക്തമാണ്. അതുകൊണ്ടാണ് ബിജെപിയുടെ 14 സീറ്റിൽ 13 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടും പത്തനംതിട്ട മാത്രം ഒഴിച്ചിട്ടിരിക്കുന്നത്.

പത്തനംതിട്ടയ്ക്ക് വേണ്ടി ശ്രീധരൻ പിള്ള കാത്തിരുന്നപ്പോൾ ഓർക്കാപ്പുറത്ത് ഇടപെട്ടത് ആർഎസ്എസ്സാണ്. മുൻപ് ആർഎസ്എസ് നേതൃത്വത്തിന് അനഭിമതനായിരുന്ന കെ സുരേന്ദ്രൻ പക്ഷേ ശബരിമല പ്രക്ഷോഭത്തിനെല്ലാം ശേഷം, ആർഎസ്എസ്സുമായി ഒത്തുതീർപ്പിലെത്തി. പ്രശ്നങ്ങളെല്ലാം സുരേന്ദ്രനും ആ‌ർഎസ്എസ് നേതൃത്വവും പറഞ്ഞു തീർത്തെന്നാണ് സൂചന. അങ്ങനെയാണ് സുരേന്ദ്രനു വേണ്ടി സമ്മർദ്ദം ശക്തമാക്കി ആർഎസ്എസ് നേതൃത്വം രംഗത്തു വരുന്നത്. 

പക്ഷേ നേരത്തേ തന്നെ, പത്തനംതിട്ട മണ്ഡലത്തിനായി എം ടി രമേശും രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ഭൂരിപക്ഷം 1,38,954 വോട്ടുകളായി ഉയർത്തിയ കാര്യമാണ് എം ടി രമേശ് ചൂണ്ടിക്കാട്ടുന്നത്. 16 ശതമാനമായി വോട്ട് വിഹിതം കൂട്ടിയത് തന്‍റെ കൂടി പ്രവ‍ർത്തനഫലമാണെന്ന് എം ടി രമേശ് അവകാശപ്പെടുന്നുണ്ട്.

ഏറ്റവുമൊടുവിൽ രംഗത്തെത്തിയത് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് അൽഫോൺസ് കണ്ണന്താനത്തോട് മത്സരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. അപ്പോൾ അൽഫോൺസ് കണ്ണന്താനം പറഞ്ഞതിങ്ങനെയാണ്. പത്തനംതിട്ടയാണ് തന്‍റെ കർമമണ്ഡലം. കേന്ദ്രനേതൃത്വത്തിനോട് സീറ്റ് ചോദിച്ചിട്ടുണ്ടെന്നും അവസരം കിട്ടിയാൽ തീർച്ചയായും മത്സരിക്കുമെന്നും കണ്ണന്താനം അന്ന് പറഞ്ഞു. 

ഇടയ്ക്ക് കൊല്ലത്ത് കണ്ണന്താനത്തെ മത്സരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കണ്ണന്താനം ഉയർത്തിയത്. എന്തായാലും മത്സരിക്കാൻ കണ്ണന്താനം എറണാകുളത്തേക്ക് പോവുകയാണ്.

അങ്ങനെ, നാല് പേരാണ് പത്തനംതിട്ടയ്ക്ക് വേണ്ടി മാത്രം പോരടിച്ചത്. എന്നാൽ ആർഎസ്എസ് നേതൃത്വത്തിന്‍റെ ശക്തമായ പിന്തുണ സുരേന്ദ്രനുള്ളതിനാൽ ശ്രീധരൻ പിള്ളയ്ക്കും എം ടി രമേശിനും ഇനി പ്രതീക്ഷ വേണ്ട.