മഹാരാഷ്ട്രയിൽ ഇത്തവണ നല്ല മഴ കിട്ടി. ആ സന്തോഷം കർഷകരുടെ മുഖത്തുണ്ട്. ഒരു മാസം കഴിയുമ്പോൾ പൂവിട്ട പരുത്തി ചെടികളിൽ പരുത്തി നിറയും. അത്രയൊന്നും കാത്തിരിക്കേണ്ട, മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം അറിയാൻ. മുംബൈയിൽ നിന്ന് എഴുന്നൂറ് കിലോമീറ്റർ ദൂരെയുള്ള യവത്മാളിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. പോംവഴികളില്ലാത്ത കർഷകർ ഒരിറ്റ് വിഷത്തിലോ ഒരുമുഴം കയറിലോ ജീവിതം ഉപേക്ഷിക്കുന്ന മണ്ണ്.

ചിത്രം: കെ ആർ മുകുന്ദ്, Image By: KR Mukund

മരണത്തിന്റെ മണമുള്ള മണ്ണ്

യവത്മാളിലെ ബോത്ത് ബോഡൻ ഗ്രാമത്തിൽ മാത്രം ഇതുവരെ 30 കർഷകർ ആത്മഹത്യ ചെയ്തു. ഏറ്റവും ഒടുവിലത്തെ ആൾ ദാദാറാവു ഏർക്കെ. ഞങ്ങളെത്തുമ്പോൾ ഏർക്കെയുടെ കൊച്ചുമകൾ റാണി മുറ്റത്ത് കളിക്കുന്നു.

കയറ്റുകട്ടിലിൽ അമ്മയെ തൊട്ടിരുന്ന് ‌മകൻ ജ്ഞാനേശ്വർ അച്ഛന്റെ ജീവിതം പറഞ്ഞുതന്നു. അന്ന് രാവിലെ അടുത്ത പറമ്പിൽ പ്രാഥമിക കൃത്യത്തിനായി പോയതായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞ് തൊട്ടടുത്ത വീട്ടിലെ കുട്ടികൾ നിലവിളിച്ച് ഓടുന്നത് കണ്ടാണ് ജ്ഞാനേശ്വറും അങ്ങോട്ടേക്ക് പാഞ്ഞത്. മരക്കൊമ്പിൽ കയറിനറ്റത്ത് അച്ഛൻ പിടയുന്നു. കയർ അറുത്തുമാറ്റി അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാലുദിവസം വേദന തിന്ന് ആ കർഷകൻ മരിച്ചു. സെൻട്രൽ ബാങ്കിൽ നിന്നും, യൂക്കോ ബാങ്കിൽ നിന്നുമായി മൂന്ന് ലക്ഷം കടമെടുത്തു. ട്രാക്ടർ വാങ്ങിച്ചു, ഒരു ബൈക്കും. ബാക്കി പണത്തിന് അഞ്ചേക്കറിൽ വിത്തിറക്കി. സൊയാബീൻ പാടത്ത് വിളവ് മോശമായതോടെയാണ് പ്രതീക്ഷയറ്റ ക‍ർഷകൻ ജീവിതം മതിയാക്കിയത്.

ചിത്രം: കെ ആർ മുകുന്ദ്, Image By: KR Mukund

ബോത്ത് ബോർഡനിൽ തെര‌ഞ്ഞെടുപ്പ് പ്രചാരണവണ്ടി എത്തിയിട്ടുണ്ട്. പക്ഷെ ഗ്രാമീണർ നിസ്സംഗരാണ്. 'വോട്ട് ചെയ്തിട്ട് എന്താണ് പ്രയോജനം' എന്നാണ് ചോദ്യം. മുപ്പത്തി അയ്യായിരത്തോളം കർഷകർ മഹാരാഷ്ട്രയിൽ ഇതുവരെ  ആത്മഹത്യ ചെയ്തു. കഴി‌ഞ്ഞ 5 കൊല്ലത്തിനിടെ മൂന്ന് തവണ വരൾച്ചയുണ്ടായി. 28,000 ഗ്രാമങ്ങളിൽ വെള്ളം കിട്ടാക്കനിയായി. എന്നാൽ ഈ തെരഞ്ഞ‍െടുപ്പിൽ കർഷക പ്രശ്നമോ കുടിവെള്ളം കിട്ടാത്തതോ അത്ര വലിയ ചർച്ചയല്ല. പ്രതിപക്ഷം ശ്രമിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അജണ്ടയിലേക്ക് മറ്റ് പലതും കയറിവരുന്നു.

ഫട്നവിസിന്റെ ഉദയം

വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ അഞ്ചു വർഷം ഫട്നവിസ് സർക്കാർ പൂർത്തിയാക്കി. 1972 ൽ വസന്ത് റാവു നായിക്കിന് ശേഷം 47 കൊല്ലത്തിനിടെ 5 വർഷം ഭരിച്ച ഏക മഹാരാഷ്ട്ര മുഖ്യമന്ത്രിയാണ് ഫട്നവിസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും ആർഎസ്എസിന്റെയും അകമഴി‌ഞ്ഞ പിന്തുണ, എന്ത് തീരുമാനവും നടപ്പാക്കാൻ ഫട്നവിസിനെ പ്രാപ്തനാക്കുന്നു.  2014-ൽ അധികാരത്തിലെത്തുമ്പോഴുള്ള പകപ്പ് ഇപ്പോൾ ഫട്നാവിസിൽ കാണാനില്ല.

ചിത്രം: കെ ആർ മുകുന്ദ്, Image By: KR Mukund

പൊതുയോഗങ്ങളിൽ എതിരാളികളെ പരിഹസിച്ചും നിലംപരിശാക്കിയുമുള്ള പ്രസംഗം. പാർട്ടിയിലും സർക്കാരിലും വിമത സ്വരം ഉയർത്തുന്നവരെ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു. ദില്ലിയിൽ മോദി - ഷാ കൂട്ടുകെട്ട് ചെയ്തതുപോലെ മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തെ ഇല്ലാതാക്കലായിരുന്നു ഫട്നവിസിന്റെ പ്രധാനപണി. പ്രതിപക്ഷ നേതാവടക്കം 23 എംഎൽഎമാരെയാണ് ഇതിനടകം ഫട്നാവിസ് ഭരണപക്ഷത്തെത്തിച്ചത്.

മുതിർന്ന നേതാക്കളെ മൂലയ്ക്കിരുത്തി

സ്ഥാനാർത്ഥിപ്പട്ടിക വന്നപ്പോഴാണ് എല്ലാവരും ശരിക്കും ഞെട്ടിയത്. ഫട്നവിസിനിഷ്ടമില്ലാത്ത മുതിർന്ന സിറ്റിംഗ് എംഎൽഎമാ‍ർക്ക് ആർക്കും സീറ്റില്ല. താപ്പാനകളായ ഏക്നാഥ് ഖഡ്സെയെ വെട്ടാൻ  ആ സീറ്റ് ഖഡ്സെയുടെ മകൾക്ക് നൽകി. മുൻമന്ത്രി ചന്ദ്രശേഖർ ഭവൻകുലയുടെ സീറ്റെടുത്ത് ഭവൻകുലയുടെ ഭാര്യ ജ്യോതിക്ക് നൽകി. വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്ഡെയ്ക്ക് സീറ്റ് നൽകിയില്ല. മുൻമന്ത്രിയും അമിത്ഷായുടെ അടുപ്പക്കാരനുമായ പരാഗ് ഷായെപ്പോലും വെട്ടി. 22 സിറ്റിംഗ് എംഎൽഎമാർക്ക് ടിക്കറ്റ് നൽകിയില്ല. എന്നാൽ ഫട്നവിസിന്റെ പിഎ അഭിമന്യു പവാറിന്  സീറ്റ്കിട്ടി. എൻസിപിയിൽ നിന്നും കോൺഗ്രസിൽ നിന്നും എംഎൽഎ സ്ഥാനാം രാജിവെച്ചെത്തിയ മിക്കവരും ടിക്കറ്റ് ഉറപ്പിച്ചു.

ശിവസേനയുടെ പെടാപ്പാട്

ബിജെപിയുടെ കടന്നുകയറ്റത്തിൽ കാലിടറാതിരിക്കാൻ പാടുപെടുന്ന ശിവസേനയെയാണ് കഴിഞ്ഞ അഞ്ചുവർഷം കണ്ടത്. ഭരണത്തിൽ പങ്കുപറ്റുമ്പോഴും ബിജെപി സർക്കാരിന്റെ ഓരോ നയത്തോടും പ്രതിപക്ഷ പാർട്ടിയെപ്പോലെ കലഹിച്ചു. മഹാരാഷ്ട്രീയത്തിൽ പ്രസക്തി നഷ്ടപ്പെടാതിരിക്കാനുള്ള അടവായിരുന്നു അത്. പോയ പ്രതാപം വീണ്ടെടുക്കാൻ ബാൽതാക്കറെയുടെ കൊച്ചുമകനെ മത്സരരംഗത്തിറക്കിയുള്ള പുത്തൻ പരീക്ഷണമാണ് ഇത്തവണത്തേത്.  

ചിത്രം: കെ ആർ മുകുന്ദ്, Image By: KR Mukund

മണ്ണിന്റെ മക്കൾ വാദം ഉയർത്തി 1966 ൽ ശിവസേനയെന്ന പാർട്ടി ഉണ്ടാക്കിയ ബാൽ താക്കറെ ഒരു പ‌ഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിച്ചില്ല. 1995-ൽ ശിവസേനയ്ക്ക് അധികാരം കിട്ടിയപ്പോൾ അനുയായി മനോഹർ ജോഷിയെ താക്കറെ മുഖ്യമന്ത്രിക്കസേരയിലിരുത്തി. എന്നിട്ട് മാതോശ്രീയെന്ന സ്വന്തം വീട്ടിലിരുന്ന് ഒരു റിമോർട്ട് കൺട്രോൾ കണക്കെ മഹാരാഷ്ട്രീയത്തെ നിയന്ത്രിച്ചു.

2012 ൽ ബാൽ താക്കറെ മരിച്ചപ്പോൾ പാ‍‍ർട്ടിയിൽ പിൻഗാമിയായി വന്ന മകൻ ഉദ്ധവും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയില്ല. എന്നാൽ 29-കാരനായ ഉദ്ധവിന്റെ മകൻ ആദിത്യ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പിച്ച വയ്ക്കുന്നു. മുംബൈയിലെ വർളിയെന്ന സേനയുടെ ഉറച്ച കോട്ടയിലാണ് മത്സരം. ഉദ്ധവ് മാറിയ മഹാരാഷ്ട്രീയം തിരിച്ചറിയുന്നു. ഒറ്റയ്ക്ക് മത്സരിച്ചാൽ  പാർട്ടി നിലം തൊടില്ല. ബിജെപിയെ ഒട്ടി നിന്നാലെ രക്ഷയുള്ളൂ. അധികാരം ഉണ്ടെങ്കിലെ അണികൾ കൂടെ നിൽക്കൂ. ബിജെപി സേന സർക്കാർ അധികാരത്തിലെത്തിയാൽ ആദിത്യ ഉപമുഖ്യമന്ത്രി ആയേക്കും.

ഒരേയൊരു പവാർ      

നൂറ് കിലോമീറ്റർ ദൂരെയുള്ള സതാറയിൽ നിന്നും പവാറിന്റെ റാലിക്കായി ബസ്സു കയറി വന്നതാണ് ഹേമന്ദ് ഗെയ്ക്ക് വാദ്. പൂനെയിലെ മാർക്കറ്റ് ഗ്രൗണ്ടിൽ പവാർ എത്തുന്നതിന് മുന്നേ ആയിരങ്ങൾ ഒഴുകിയെത്തി.  

ചിത്രം: കെ ആർ മുകുന്ദ്, Image By: KR Mukund

ഭൂമി പുത്രൻ എന്നാണ് പവാറിനുള്ള വിളിപ്പേര്. വേരുകൾ മണ്ണിൽ ആഴ്ന്നിറങ്ങിയ വടവൃക്ഷം. മറാത്ത സ്പന്ദനങ്ങൾ പവാറോളം തിരിച്ചറിയാൻ ഇന്ന് മഹാരാഷ്ട്രയിൽ വേറെ നേതാവില്ല. അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ പരിചയം മൂലധനമാക്കി ഇത്തവണ ജീവൻമരണ പോരാട്ടം നടത്തുകയാണ് മൂന്ന് തവണ മുഖ്യമന്ത്രിക്കസേരയിലിരുന്ന ഈ പഴയ പടക്കുതിര. ഇത്തവണ മഹാരാഷ്ട്രയിലുടനീളം സഞ്ചരിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ് 78 വയസ് പിന്നിട്ട പവാർ.

വോട്ടുബാങ്ക് ചോരുന്നു

കരിമ്പു കർഷകരെ ചേർത്ത് സഹകരണ സംഘങ്ങളുണ്ടാക്കി. പഞ്ചസാര ഫാക്ടറികൾ സ്ഥാപിച്ചു. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി, അതിനെ രാഷ്ട്രീയ ഇന്ധനമാക്കിയാണ് പവാർ വോട്ടുബാങ്ക് സൃഷ്ടിച്ചത്. പശ്ചിമ മഹാരാഷ്ട്രയിലെ പവാറിന്റെ മണ്ണ് ബിജെപി ഇന്ന് ഉഴുതുമറിച്ചിട്ടുണ്ട്. ബാരാമതിയിലെ ഏറ്റവും വലിയ പഞ്ചസാര ഫാക്ടറി ഭരണം നാല്കൊല്ലം മുമ്പ് ബിജെപി പിടിച്ചു. മഹാരാഷ്ട്രയിൽ പവാറിനെ എല്ലാവരും ബഹുമാനിക്കുന്നുണ്ടെങ്കിലും പിൻഗാമിയായെത്തിയ സഹോദരപുത്രൻ അജിത് പവാറിന്റെ പ്രവർത്തന രീതികളെ ഒരുവിഭാഗം കർഷകർ എതിർക്കുന്നു. അതാണ് സഹകരണ മേഖലകളിൽ കാലിടറിപ്പോയത്.

ചിത്രം: കെ ആർ മുകുന്ദ്, Image By: KR Mukund

പതിറ്റാണ്ടുകളായി പവാറിനൊപ്പം ചേർന്നുനിന്നിരുന്ന പ്രാദേശിക അധികാര കേന്ദ്രങ്ങളും ഇന്ന് ബിജെപിക്കൊപ്പമാണ്. സോളാപൂരിൽ സ്വാധീനമുള്ള മോഹിതെ പാട്ടീൽ കുടുംബം, സതാറയിലെ കിരീടം വയ്ക്കാത്ത രാജാക്കൻമാരായ ഭോസ്ലെകൾ, കോലാപൂരിലെ ശക്തരായ മഹാദിക് കുടുംബം ഇങ്ങനെ പവ്വാറിന്റെ പവ്വർ ഹൗസുകളെ കൂടെ കൂട്ടാൻ ഫട്നവിസിന് കഴി‌ഞ്ഞു. കേസുകൾ ഭയന്ന് എംഎൽഎമാരും നേതാക്കളും കൂട്ടത്തോടെ മറുപാളയത്തിലേക്ക് പോയി.

പക്ഷേ കീഴടങ്ങാൻ പവാറിന് മനസ്സില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് സഹകരണ ബാങ്ക് ക്രമക്കേടിൽ ഇഡി കേസെടുത്തപ്പോൾ പവ്വാർ ബിജെപി നേതൃത്വത്തെ തെരുവിൽ വെല്ലുവിളിച്ചു. താഴേത്തട്ടിൽ പ്രചാരണം കൊഴുപ്പിക്കാൻ പവാറിനാകുന്നുണ്ട്. 70 സീറ്റുള്ള പശ്ചിമ മഹാരാഷ്ട്രയിലാണ് പ്രതീക്ഷയത്രയും. 36 സീറ്റുള്ള മുംബൈയിലോ 62 സീറ്റുള്ള വിദർഭയിലോ വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞേക്കില്ല.

കരകയറാനാകാതെ കോൺഗ്രസ്

ജയസാധ്യതയുള്ള സീറ്റുകളിൽ മാത്രം ശ്രദ്ധയൂന്നുക എന്ന തന്ത്രത്തിലേക്ക് കോൺഗ്രസ് മാറിയിട്ടുണ്ട്. മുൻമുഖ്യമന്ത്രിമാരായ അശോക് ചവാനും പൃഥ്വിരാജ് ചവാനും എവിടെയും പ്രചാരണത്തിന് പോകുന്നില്ല. പകരം അവരുടെ സ്വന്തം മണ്ഡലങ്ങൾ രക്ഷിച്ചെടുക്കാൻ പാടുപെടുകയാണ്. യുദ്ധമുഖത്ത് സൈന്യാധിപനില്ലാത്ത സൈന്യം പോലെ പകച്ച് നിൽക്കുകയാണ് കോൺഗ്രസ്. തെര‌ഞ്ഞെടുപ്പിന് മുന്നേ പ്രതിപക്ഷനേതാവ് രാധാകൃഷ്ണ വിഖെ പാട്ടീൽ ബിജെപിയിൽ ചേ‍ർന്ന് മന്ത്രിയായി. പിന്നാലെ എംഎൽഎമാർ കൂട്ടത്തോടെ ഭരണപക്ഷത്തേക്ക് പോയി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ജയിച്ചത് ഒരേയൊരു സീറ്റാണ്.

സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വന്ന പൊട്ടിത്തെറി കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. അനുയായിക്ക് സീറ്റ് നൽകാത്തതിനാൽ മുൻ മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപം പ്രചാരണത്തിനിറങ്ങുന്നില്ല. മുംബൈയിൽ കോൺഗ്രസിന് കെട്ടിവെച്ച കാശ് കിട്ടില്ലെന്നാണ് നിരുപമിന്റെ നിരീക്ഷണം. നന്ദേഡ്, ലാത്തൂർ, ഔറംഗാബാദ് എന്നിവിടങ്ങളിലും വിദർഭയിലും മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ നേതാക്കൾ.

ചിത്രം: കെ ആർ മുകുന്ദ്, Image By: KR Mukund

125 വീതം സീറ്റിലാണ് കോൺഗ്രസും എൻസിപിയും മത്സരിക്കുന്നത്. കർഷകർക്കിടയിൽ വലിയ സ്വാധീനമുള്ള രാജൂ ഷെട്ടിയുടെ സ്വാഭിമാനി ഷേത്കാരി സംഘട്ടൻ, എസ്പി, സിപിഎം ഉൾപ്പടെയുള്ള ചെറു പാർട്ടികളുമായും എൻസിപി - കോൺഗ്രസ് സഖ്യം തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയിട്ടുണ്ട്.

ചെറുകക്ഷികൾ ചില്ലറക്കാരല്ല

അംബേദ്കറിന്റെ ചെറുമകൻ പ്രകാശ് അംബേദ്കർ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ചെയ്തത് ഇത്തവണയും ആവ‍ർത്തിച്ചാൽ പ്രതിപക്ഷം വിയർത്തുപോകും. ഉവൈസിയുടെ മജ്ലിസ് പാർട്ടിയുമായി ചേ‍‍ർന്ന് വഞ്ജിത് ബഹുജൻ അഗാഡി മത്സരിച്ചു. പെട്ടിയിലാക്കിയത് 40 ലക്ഷത്തിലേറെ വോട്ടുകൾ. കോൺഗ്രസിനും എൻസിപിക്കും പോകുമായിരുന്ന മുസ്ളീം ദളിത് വോട്ടുകൾ വിഭജിക്കാൻ ബിജെപി പണം നൽകി ഇറക്കുന്നതാണെന്ന് പ്രകാശ് അംബേദ്കറെ എന്ന് വിമർശനം ഉണ്ടായിരുന്നു. ഇത്തവണ ഉവൈസിയും പ്രകാശ് അംബേദ്കറും വെവ്വേറെ മത്സരിക്കുന്നു. എങ്കിലും തലവേദന പ്രതിപക്ഷത്തിനാണ്.

പത്ത് കൊല്ലത്തിനിടയിൽ രാഷ്ട്രീയ നേട്ടങ്ങളൊന്നുമുണ്ടാക്കാനായിട്ടില്ല രാജ് താക്കറെയ്ക്ക്. കഴിഞ്ഞ ലോക്സഭാ തെര‌ഞ്ഞെടുപ്പിൽ മോദി വിരുദ്ധ ക്യാംപെയിൻ നയിച്ചത് രാജ് ആയിരുന്നു. ഇത്തവണ ചിലയിടങ്ങളിൽ പ്രതിപക്ഷവുമായി നീക്കുപോക്കുണ്ട്. ഇത്തവണ മത്സരത്തിനുണ്ടെങ്കിലും എംഎൻഎസിന്റെ രാഷ്ട്രീയ പ്രസക്തി ഓരോ തെരഞ്ഞ‍െടുപ്പിലും കുറഞ്ഞുവരുന്നു.

പ്രതിപക്ഷ കക്ഷികളെ കൊണ്ടുവന്ന് മത്സരിപ്പിച്ചപ്പോൾ സീറ്റ് നഷ്ടപ്പെട്ട ബിജെപി നേതാക്കൾ ചിലയിടങ്ങളിൽ റിബലായി മത്സരിക്കുന്നുണ്ട്. എൻസിപി ബീഡിലെ കായിജിൽ നൽകിയ സീറ്റ് അവസാന നിമഷം വേണ്ടെന്ന് പറഞ്ഞ് അതേ മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന നമിത മുണ്ടാഡ മാറിയ മഹാരാഷ്ട്രീയത്തിന്റെ പ്രതീകമാണ്.

ഗ്രാമങ്ങളിൽ വികസനം എത്തിയോ?

തെരഞ്ഞെടുപ്പ് പ്രചാരണക്കളത്തിൽ അവകാശവാദങ്ങളും ആരോപണങ്ങളും അതിനുള്ള മറുപടിയും കൊഴുകൊഴുക്കുന്നുണ്ട്. നമ്മൾ വീണ്ടും ബോത്ത് ബോർഡൻ ഗ്രാമത്തിലേക്ക് തിരിച്ചു വരുന്ന വഴി കണ്ടതു മുഴുവൻ റോഡുവക്കിൽ മനുഷ്യ വിസ‍ർജ്യം. ഇത് കണ്ടിട്ടാണ് 'ഈ ഗ്രാമം വെളിയിട വിസർജ്യ വിമുക്തം' എന്ന ബോർഡ് ഞങ്ങൾ പകർത്തിയത്. കാര്യം മനസ്സിലാക്കിയ 13 വയസ്സുകാരി മാലതി ബോർഡൊക്കെ ഷോയ്ക്കല്ലേയെന്ന് ചിരിച്ചു.

കഴിഞ്ഞ ദിവസം ബൈക്കിൽ നിന്ന് വീണിട്ട് മുറിവുപറ്റിയ കാലും വലിച്ച് അടുത്ത പറമ്പിൽ നിന്നും നിലേഷ് പുക്ഡെ വരുന്നു. വീട്ടിൽ കക്കൂസില്ലേ എന്ന് ചോദിച്ചപ്പോൾ അപേക്ഷ കൊടുത്തിട്ട് രണ്ടുകൊല്ലമായെന്ന് മറുപടി.

ചിത്രം: കെ ആർ മുകുന്ദ്, Image By: KR Mukund

ഇന്ത്യയെ സമ്പൂർണ വെളിയിട വിസ‍ർജ്യ മുക്ത രാജ്യമായി പ്രധാനമന്ത്രി ലോകത്തോട് പ്രഖ്യാപിച്ചത് രണ്ടാഴ്ച മുൻപാണ്. അതും മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷിക ദിനത്തിൽ. ഗ്രാമത്തിൽ സർക്കാർ നിർമ്മിച്ച കക്കൂസുകൾക്കൊക്കെ പുതിയ അവകാശികളായിട്ടുണ്ട്. ബോത്ത് ബോർഡനിൽ 8 മാസം മുൻപാണ് ഇതുപോലുള്ള നൂറിലധികം കക്കൂസുണ്ടാക്കിയത്. വാതിലോ, വെള്ളം എത്തിക്കാനുള്ള പൈപ്പോ ഇല്ല. കുടിവെള്ളമോ മറ്റ് സൗകര്യങ്ങളോ ഒരുക്കിത്തരാത്തവർക്ക് എന്തിന് വോട്ടുചെയ്യണം എന്ന ഗ്രാമീണരുടെ ചോദ്യം അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നുണ്ട്.

ചിത്രം: കെ ആർ മുകുന്ദ്, Image By: KR Mukund

സാമ്പത്തിക മാന്ദ്യത്തിൽ വലയുന്ന മുംബൈയിലെ കോർപ്പറേറ്റ് ലോകം, വെള്ളം കിട്ടാത്ത ലാത്തൂരിലെ ഗ്രാമങ്ങൾ, കർഷക ആത്മഹത്യ പെരുകുന്ന വിദർഭ. കോടികൾ തട്ടിച്ച മഹാരാഷ്ട്ര പഞ്ചാബ് സഹകരണ ബാങ്ക് അഴിമതി... ഇങ്ങനെ അക്കമിട്ട് നിരത്താൻ ഒരുപാട് ജനകീയ പ്രശ്നങ്ങൾ മഹാരാഷ്ട്രയിലുണ്ട്. പക്ഷെ ബിജെപി തെര‌‌ഞ്ഞെടുപ്പ് പ്രചരണ പത്രികയുടെ ഹൈലറ്റ് സവർക്കറിന് ഭാരത രത്ന നൽകാൻ ശുപാർശ ചെയ്യുമെന്നാണ്.

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതാണ് നേട്ടമായി എല്ലാ പ്രസംഗങ്ങളിലും ബിജെപി നേതാക്കൾ എടുത്തുപറയുന്നത്. ബിജെപിയുടെ പ്രചാരണ അജണ്ടയിൽ പ്രതിപക്ഷം വീണ മട്ടാണ്.  ജനകീയ വിഷയങ്ങൾ ചർച്ചയാക്കുന്നതിന് പകരം സവർക്കറിന് ഭാരത രത്നയ്ക്കർഹനല്ലെന്ന് കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിക്കുന്നു. അണ്ണാ ഹസാരെയെപോലുള്ളവർ സവർക്കറിന് ഭാരത രത്ന കൊടുക്കണം എന്ന് പരസ്യമായി പറയുന്നു.

ചിത്രം: കെ ആർ മുകുന്ദ്, Image By: KR Mukund

8.9 കോടി വോട്ടർമാർ 21-ന് പോളിംഗ് ബൂത്തുകളിലെത്തും. ഗഡ്ചിരോളിയിൽ വോട്ടുബഹിഷ്കരിക്കാൻ മാവോയിസ്റ്റ് ഭീഷണിയുണ്ട്. സുരക്ഷയുണ്ടെന്നും ധൈര്യത്തോടെ വോട്ടു ചെയ്യാമെന്നും പൊലീസ് ഉറപ്പ് പറയുന്നു. ഗ്രാമങ്ങളിൽ പുകയുന്ന അതൃപ്തി പ്രതിഫലിക്കുകയാണെങ്കിൽ ബിജെപി - സേന സഖ്യം വിയർക്കും. അതല്ല ബിജെപി പ്രചാരണം ഫലിച്ചാൽ പ്രതിപക്ഷത്തിന് കാവിലെ പാട്ടുമത്സരത്തിനായി കാത്തിരിക്കാം....