ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ. ബിജെപി സഖ്യം വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്സിറ്റ്പോൾ സര്‍വേകൾ പ്രവചിച്ചത്. അതേസമയം വിവി പാറ്റ് രസീതുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് തീരുമാനമെടുത്തേക്കും. 

ബിജെപി സഖ്യം 300ന് മുകളിൽ സീറ്റുകൾ നേടി വലിയ മുന്നേറ്റത്തിലേക്ക് എത്തുമെന്നാണ് ഏതാണ്ട് മിക്ക എക്സിറ്റ്പോൾ സര്‍വേകളും പ്രവചിച്ചത്. സര്‍വേ ഫലങ്ങൾ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തള്ളി. വ്യാഴാഴ്ച രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. പോസ്റ്റൽ ബാലറ്റിന് ശേഷം വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണും. ഓരോ നിയമസഭ മണ്ഡലത്തിലെ അഞ്ച് വോട്ടിംഗ് യന്ത്രത്തിലെ വിവി പാറ്റ് രസീതുകൾ എണ്ണണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. അതിനായി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനം ഉണ്ടാകും. 

വിവി പാറ്റ് രസീതുകൾ ആദ്യം എണ്ണണം എന്ന് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതംഗീകരിച്ചാൽ 11 മണിക്കോ 12 മണിക്കോ ശേഷമേ വോട്ടെണ്ണൽ തുടങ്ങൂ. അങ്ങനെയെങ്കിൽ ഫലസൂചനകൾ ഉച്ചക്ക് ശേഷമേ പ്രതീക്ഷിക്കാവൂ. വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങൾ നടന്നെന്ന ആരോപണവും പ്രതിപക്ഷം ഇപ്പോഴും ഉയര്‍ത്തുന്നു.

അതേസമയം, എക്സിറ്റ്പോൾ സര്‍വേകളുടെ ആത്മവിശ്വാസത്തിലാണ് ബിജെപി. ഇന്നലെ എൻഡിഎ നേതാക്കൾക്ക് ബിജെപി അധ്യക്ഷൻ അമിത്ഷാ വിരുന്ന് നൽകി. 300ന് മുകളിൽ സീറ്റുകൾ പ്രവചിക്കുമ്പോഴും സഖ്യസാധ്യതകൾക്കായി നീക്കങ്ങളും ബിജെപി പരിശോധിക്കുന്നുണ്ട്. കേവല ഭൂരിപക്ഷം ആര്‍ക്കുമില്ലെങ്കിൽ ജഗൻമോഹൻ റെഡ്ഡി, ചന്ദ്രശേഖര്‍റാവു, എം.കെ.സ്റ്റാലിൻ, മമത ബാനര്‍ജി എന്നിവരാകും 2019ലെ കിംഗ് മേക്കര്‍മാരാവുക.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.