പന്തളം: ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പന്തളം കൊട്ടാര നിർവ്വാഹക സംഘം പ്രസിഡന്‍റ്  ശശികുമാർ വർമ്മ. ശബരിമല സ്ത്രീപ്രവേശനം തടയാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തിയെങ്കിൽ ഒപ്പം നിന്നേനെ, പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തേനെ, എന്നാൽ അതുണ്ടായില്ല - എന്നാണ് ശശികുമാർ വർമ പറയുന്നത്. ശബരിമല പ്രക്ഷോഭത്തിൽ ബിജെപിക്കൊപ്പം സമരത്തിൽ പന്തളം കൊട്ടാരത്തിന്‍റെ പ്രതിനിധിയായി നേതൃത്വം വഹിച്ചയാളാണ് ശശികുമാർ വർമ.

'നിയമപരമായ ഒരു നടപടി കേന്ദ്രസർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇവിടത്തെ ഭക്തജനങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അങ്ങനെ ഒന്നുണ്ടായില്ലല്ലോ, അങ്ങനെ എന്തെങ്കിലും ചെയ്തെങ്കിൽ നിങ്ങൾ ചോദിക്കുന്ന എന്ത് പിന്തുണയും തന്നേനെ. എന്നാലിപ്പോൾ അങ്ങനെയൊരു കാര്യം ആലോചിക്കാനേ കഴിയില്ല', എന്ന് ശശികുമാർ വർമ.

കേന്ദ്രം ഇടപെട്ടില്ലെന്ന് നീരസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ബിജെപി ദേശീയതലത്തിലും കേരളത്തിലും പ്രകടന പത്രികയിൽ ശബരിമല വിഷയം ഉൾപ്പെടുത്തുമെന്നാണ് പന്തളം കൊട്ടാരം  പ്രതീക്ഷിക്കുന്നത്. 'അനുകൂലമായ സമീപനമുണ്ടാകുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നു. പ്രകടനപത്രിക കൂടി നോക്കട്ടെ. എന്നിട്ട് ബാക്കി നടപടികൾ തീരുമാനിക്കാം.', എന്നാണ് മറുപടി. 

ആർക്കെങ്കിലും വോട്ട് ചെയ്യണമെന്ന് കൊട്ടാരം ആഹ്വാനം  ചെയ്യില്ല.പക്ഷെ സഹായിച്ചവരെ തിരിച്ച്  സഹായിക്കുമെന്ന് ശശികുമാർ വർമ്മ പറയുന്നു.'ഹൈന്ദവവിശ്വാസത്തിന്‍റെ ആണിക്കല്ലിളക്കുന്നവരുടെ ആണിക്കല്ലിളക്കാൻ ഞങ്ങളുടെ വോട്ടുകളും സഹായകമാവുമെന്ന്' ശശികുമാർ വർമ.

സ്ഥാനാർത്ഥി കെ സുരേന്ദ്രനും മറ്റ് ബിജെപി നേതാക്കളും ഒന്നിലേറെ തവണ പന്തളത്തെത്തി പിന്തുണ തേടിക്കഴിഞ്ഞു.  പരസ്യമായി രംഗത്തിറങ്ങില്ലെങ്കിലും കൊട്ടാരത്തിന്‍റെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്.