Asianet News MalayalamAsianet News Malayalam

'ക്ലീൻ ചിറ്റ്' വിവാദം: തെര. കമ്മീഷനിലെ ഭിന്നാഭിപ്രായം പരസ്യമാകില്ല: ലവാസയ്ക്ക് തിരിച്ചടി

ഭിന്നാഭിപ്രായം രേഖപ്പെടുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭരണഘടനാപരമായ ബാധ്യതയാണെന്നും അത് പരസ്യമാകുന്നതിൽ തെറ്റില്ലെന്നും അശോക് ലവാസ യോഗത്തിൽ ഉന്നയിച്ചെങ്കിലും തള്ളി. 

will not publish the dissent notes in election commission over a case demand of ashok lavasa denied by ec meet
Author
New Delhi, First Published May 21, 2019, 2:39 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും വിവാദപരാമർശങ്ങളിൽ ക്ലീൻചിറ്റ് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയോടുള്ള കമ്മീഷൻ അംഗങ്ങളുടെ വിയോജിപ്പ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിൽ തീരുമാനം. മുൻ തെരഞ്ഞെടുപ്പ് കമ്മീഷണ‌ർമാരുടെ അഭിപ്രായങ്ങൾ പരിഗണിച്ചതിനനുസരിച്ചാണ് തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നാഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭരണഘടനാപരമായ ബാധ്യതയാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയുടെ വാദം യോഗം തള്ളി. 

ഭരണഘടനയുടെ 324-ാം ചട്ടപ്രകാരമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളും പ്രസ്താവനകളും മറ്റും പരിശോധിച്ച് കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. സ്വാഭാവിക നീതി അടിസ്ഥാനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടികളെല്ലാം.

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക ജുഡീഷ്യൽ അധികാരങ്ങളുള്ള ഭരണഘടനാസ്ഥാപനമാണെന്നാണ് ഇത് തെളിയിക്കുന്നത്. അതിനാൽ വിധിപ്രസ്താവങ്ങളിൽ ജഡ്ജിമാർ എതിർപ്പ് രേഖപ്പെടുത്തുന്നത് പോലെ തനിക്കും എതിർപ്പ് രേഖപ്പെടുത്താൻ കഴിയണമെന്നും യോഗത്തിൽ അശോക് ലവാസ വാദിച്ചു. ഇത് തെളിയിക്കുന്ന ഉദാഹരണങ്ങളും ലവാസ ചൂണ്ടിക്കാട്ടി. 

എന്നാൽ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗങ്ങൾ എക്സിക്യൂട്ടീവ് സ്വഭാവമുള്ളതാണെന്നും അതിനാൽ എതിർപ്പുകൾ രേഖപ്പെടുത്തേണ്ടതില്ലെന്നും നിയമവിഭാഗം, വ്യക്തമാക്കിയിരുന്നു. അതായത് കമ്മീഷൻ യോഗത്തിലെ തീരുമാനങ്ങൾക്കാണ് പ്രാധാന്യം. ഭൂരിപക്ഷത്തിന്‍റെ തീരുമാനമാണ് നടപ്പിലാവുക. ആ തീരുമാനത്തിലെത്തും മുൻപ് കമ്മീഷനിൽ ഭിന്നതയുണ്ടായിരുന്നോ എന്നതിന് പ്രസക്തിയില്ലെന്നായിരുന്നു നിയമവിഭാഗത്തിന്‍റെ നിയമോപദേശം. ഇതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ അറിയിച്ചത്. ഇക്കാര്യം അശോക് ലവാസയെ യോഗം അറിയിക്കുകയും ചെയ്തു. 

മോദിക്കും അമിത് ഷായ്ക്കും വിവാദപരാമർശങ്ങളുടെ പേരിൽ ക്ലീൻ ചിറ്റുകൾ ഒമ്പത് തവണ നൽകിയതിൽ ആറ് തവണയാണ് അശോക് ലവാസ എതിർപ്പ് അറിയിച്ചത്. എന്നാൽ ഈ യോഗങ്ങളുടെ മിനിട്‍സിലൊന്നും അശോക് ലവാസയുടെ എതിർപ്പ് രേഖപ്പെടുത്തിയില്ല. ഇതിൽ അശോക് ലവാസ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എതിർപ്പുകളും വിയോജിപ്പുകളും രേഖപ്പെടുത്തണമെന്നും അശോക് ലവാസ ആവശ്യപ്പെട്ട കാര്യം പരസ്യമായി പുറത്തു വരികയും ചെയ്തു.

ഇതോടെ മോദിക്കും ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽത്തന്നെ ഭിന്നതയുണ്ടെന്ന കാര്യം പരസ്യമായി പുറത്തു വന്നു. ഇതേത്തുടർന്ന് ഭിന്നത പരസ്യമാക്കുന്നത് ശരിയല്ലെന്നും, ഒഴിവാക്കാവുന്ന വിവാദമാണിതെന്നുമുള്ള നിലപാടുമായി സുനിൽ അറോറ രംഗത്തു വന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അശോക് ലവാസയ്ക്ക് രണ്ട് കത്തുകൾ നൽകുകയും ചെയ്തു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios