എഐസിസി ആസ്ഥാനത്ത് അശരീരി കേട്ടതുകൊണ്ടല്ല വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനം നീളുന്നതെന്നും സിപിഎം ഇടപെട്ടതുകൊണ്ടാണെന്നും പദ്മകുമാർ ആരോപിച്ചു. സിപിഎമ്മിന്‍റെ ചില്ലറ സീറ്റുകൾ കൊണ്ടൊന്നും ഇന്ത്യയിൽ മതേതരത്വം ഉണ്ടാക്കാനാകില്ലെന്നും പദ്മകുമാർ
തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയാൽ ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കാൻ സീതാറാം യെച്ചൂരി എത്തുമോയെന്ന് ബിജെപി നേതാവ് ജെ ആർ പദ്മകുമാർ. രാഹുൽ മത്സരിക്കുമെന്ന പ്രഖ്യാപനം ഇടതുപക്ഷത്തിന്‍റെ പ്രചരണ ആയുധം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നും ജെ ആർ പദ്മകുമാർ ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു.
വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി ആരായിരിക്കണം എന്ന് സിപിഎം അഭിപ്രായം പറയുകയാണ്. എന്നാൽ സിപിഎം പല്ലുനഷ്ടപ്പെട്ട സിംഹമാണെന്ന് കോൺഗ്രസിന് അറിയാം. സിപിഎമ്മിന്‍റെ ചില്ലറ സീറ്റുകൾ കൊണ്ടൊന്നും ഇന്ത്യയിൽ മതേതരത്വം ഉണ്ടാക്കാനാകില്ല. സിപിഎമ്മിന്‍റെ കോൺഗ്രസ് വിരുദ്ധത ജനങ്ങളെ കബളിപ്പിച്ച് തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തന്ത്രമാണെന്ന് ജെ ആർ പദ്മകുമാർ പറഞ്ഞു. എഐസിസി ആസ്ഥാനത്ത് അശരീരി കേട്ടതുകൊണ്ടല്ല വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനം നീളുന്നതെന്നും സിപിഎം ഇടപെട്ടതുകൊണ്ടാണെന്നും പദ്മകുമാർ ആരോപിച്ചു.
ദില്ലിയിൽ സോണിയ ഗാന്ധിക്കൊപ്പം സിപിഎം നേതാക്കൾ അത്താഴ വിരുന്നിൽ പങ്കെടുക്കും. തമിഴ്നാട്ടിൽ രാഹുൽ ഗാന്ധിക്കൊപ്പം വാളെടുത്ത് ഷോ കാണിക്കും. എന്നാൽ കേരളത്തിൽ സിപിഎം കോൺഗ്രസിനെ തുറന്നെതിർക്കുമെന്നും പദ്മകുമാർ പരിഹസിച്ചു. സിപിഎമ്മിന്റേത് വയറ്റിപ്പിഴപ്പ് രാഷ്ട്രീയമാണ്. രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയാൽ വയനാട് സീറ്റിലെ സ്ഥാനാർത്ഥിയെ ഇടതുപക്ഷം പിന്‍വലിക്കണമെന്നും പദ്മകുമാർ ആവശ്യപ്പെട്ടു.
