രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആത്മകഥയുടെ പ്രകാശനവും തടയുമോ എന്ന് വിവേക് ഒബ്രോയി രാഹുൽ ​ഗാന്ധിയോട് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു വിവേകിന്റെ ചോദ്യം. 

ദില്ലി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ‘പി​എം ന​രേ​ന്ദ്ര മോ​ദി’ എന്ന ചിത്രത്തിന്റെ റി​ലീ​സ് തടയണമെന്ന കോൺ​ഗ്രസിന്റെ ആവശ്യത്തിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് നടൻ വിവേക് ഒബ്രോയി. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആത്മകഥയുടെ പ്രകാശനവും തടയുമോ എന്ന് വിവേക് ഒബ്രോയി രാഹുൽ ​ഗാന്ധിയോട് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു വിവേകിന്റെ ചോദ്യം. 

പി​എം ന​രേ​ന്ദ്ര മോ​ദി എന്ന ചിത്രത്തിന്റെ പ്രദർശനം മാത്രമേ തടയുകയുള്ളു. ഇത് കാപട്യമല്ലേയെന്നും വിവേക് ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബീഹാറിൽ കോൺഗ്രസും ആർജെഡിയും സഖ്യം രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിവേകിന്റെ പരാമർശം. പി​എം ന​രേ​ന്ദ്ര മോ​ദിയിൽ നരേന്ദ്ര മോദിയായി വേഷമിടുന്നത് വിവേക ഒബ്രോയിയാണ്. കാലിത്തീറ്റ അഴിമതി കേസിൽ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദിന്റെ ആത്മകഥയുടെ പ്രകാശനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച സുപ്രീം കോടതിയിൽ വാദം കേൾക്കും. 'ഫ്രം ​ഗോപാൽ​ഗഞ്ച് ടു രയ്സിന', എന്ന പേരിലുള്ള ആത്മകഥ ഞായറാഴ്ച പുറത്തിറക്കും. 

പി​എം ന​രേ​ന്ദ്ര മോ​ദി പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൽ രം​ഗത്തെത്തിയിരുന്നു. ചിത്രം സ്റ്റേ ചെയ്യണമെന്നും ലോക്സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ ചിത്രം ബാന്‍ ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ പാർട്ടികൾ കത്തയച്ചിരുന്നു. മോദിയുടെ രാഷ്ട്രീയ ജീവിതം ചിത്രീകരിക്കുന്ന പിഎം നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് സമയത്ത് സമ്മതിദായകരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വാദം.