Asianet News MalayalamAsianet News Malayalam

മോദിയെ പുറത്താക്കാന്‍ വാജ്‌പേയ് തീരുമാനിച്ചതാണ്‌, അദ്വാനി എതിര്‍ത്തു; യശ്വന്ത്‌ സിന്‍ഹ

ഗുജറാത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായതിന്‌ പിന്നാലെ മുഖ്യമന്ത്രി നരേന്ദ്രമോദി രാജിവയ്‌ക്കണമെന്നായിരുന്നു വാജ്‌പേയിയുടെ നിലപാട്‌. രാജിവയ്‌ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗുജറാത്തില്‍ സര്‍ക്കാര്‍ പിരിച്ചുവിടാനും തീരുമാനമെടുത്തു.

Yaswant Sinha Claimed that Atal Bihari Vajpayee was set to dismiss Prime Minister Narendra Modi after Godhra riots
Author
Bhopal, First Published May 11, 2019, 8:50 AM IST

ഭോപ്പാല്‍: ഗോധ്ര കലാപത്തിന്‌ ശേഷം ഗുജറാത്ത്‌ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്‌ നരേന്ദ്രമോദിയെ പുറത്താക്കാന്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി തീരുമാനിച്ചിരുന്നതായി മുന്‍ ബിജെപി നേതാവ്‌ യശ്വന്ത്‌ സിന്‍ഹയുടെ വെളിപ്പെടുത്തല്‍. അന്ന്‌ ആഭ്യന്തരമന്ത്രിയായിരുന്ന എല്‍ കെ അദ്വാനിയുടെ സമ്മര്‍ദ്ദം മൂലമാണ്‌ തീരുമാനം നടപ്പാവാതെ പോയതെന്നും സിന്‍ഹ പറഞ്ഞു.

ഗുജറാത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായതിന്‌ പിന്നാലെ മുഖ്യമന്ത്രി നരേന്ദ്രമോദി രാജിവയ്‌ക്കണമെന്നായിരുന്നു വാജ്‌പേയിയുടെ നിലപാട്‌. രാജിവയ്‌ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗുജറാത്തില്‍ സര്‍ക്കാര്‍ പിരിച്ചുവിടാനും തീരുമാനമെടുത്തു. 2002ല്‍ ഗോവയില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ ഈ തീരുമാനം അറിയിക്കുകയും ചെയ്‌തു. എന്നാല്‍, അദ്വാനിയുടെ ഇടപെടല്‍ തീരുമാനത്തെ മാറ്റിമറിയ്‌ക്കുകയായിരുന്നെന്ന്‌ സിന്‍ഹ പറഞ്ഞു.

"എനിക്ക്‌ കിട്ടിയ വിവരമനുസരിച്ച്‌ അന്ന്‌ വാജ്‌പേയിയുടെ തീരുമാനത്തെ അദ്വാനി എതിര്‍ത്തു. ഗുജറാത്തിലെ മോദിസര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ താന്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന്‌ രാജിവയ്‌ക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഈ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‌ വാജ്‌പേയിക്ക്‌ തന്റെ തീരുമാനം പിന്‍വലിക്കേണ്ടി വന്നു." മുന്‍ കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത്‌ സിന്‍ഹ പറഞ്ഞു.

Follow Us:
Download App:
  • android
  • ios