തിരുവനന്തപുരം: കേരളത്തില്‍ താമര വിരിയാത്തതിനെച്ചൊല്ലി ബിജെപിയില്‍ ആശയക്കുഴപ്പവും അഭിപ്രായഭിന്നതയും രൂക്ഷമാകുന്നു. നേതൃമാറ്റം ലക്ഷ്യമിട്ടുള്ള നീക്കം മുരളീധരപക്ഷം സജീവമാക്കി. ശബരിമല ഗുണം ചെയ്തെന്നും ഇല്ലെന്നുമുള്ള വ്യത്യസ്ത പ്രതികരണങ്ങളുമായി നേതാക്കള്‍ രംഗത്തെത്തി. അതേസമയം ആര്‍എസ്എസ് ഇടപെടലിനെതിരെ ദേശീയ നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ് ശ്രീധരന്‍പിള്ള.

രാജ്യമാകെ മോദി തരംഗം ഉണ്ടായിട്ടും കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കല്‍ സ്വപ്നമായി അവശേഷിച്ചു. പത്തനം തിട്ടയടക്കമുള്ള മണ്ഡലങ്ങളില്‍ വോട്ടുകള്‍ ഗണ്യമായി കൂടാന്‍ ശബരിമല വിഷയം സഹായിച്ചുവെന്നാണ് കെ സുരേന്ദ്രന്‍റെ വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടതും യുഡിഎഫ് തരംഗവും തിരച്ചടിയായെന്നാണ് ഔദ്യോഗിക പക്ഷത്തിന്‍റെ അനുമാനം. 

എന്നാല്‍ കേരളത്തിലെങ്ങും ബിജെപിക്ക് ശബരിമല തരംഗം ലഭിച്ചില്ലെന്ന വിമര്‍ശനവുമായി ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി കെ എസ് രാധകൃഷ്ണന്‍ രംഗത്തെത്തി. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ശബരിമല തരംഗം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

ശബരിമല പ്രശ്നം മുതലെടുക്കനാകാതെ പോയതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷന് മാത്രമാണെന്നാണ് മുരളീധരപക്ഷത്തിന്‍റെ നിലപാട്. സമരങ്ങളിലടക്കം പ്രസിഡന്‍റിന്‍റെ നിലപാട് മാറ്റങ്ങളിലേക്കാണ് മുരളീധര പക്ഷം വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ കുമ്മനത്തേയും സുരേന്ദ്രനേയും രംഗത്തിറക്കാനുള്ള ആര്‍എസ്എസ് കടുംപിടുത്തം തിരിച്ചടിയായെന്ന ന്യായികരണം പിള്ള ദേശിയ നേതൃത്വത്തിന് മുന്നില്‍ ‍ എത്തിക്കും. അതേ സമയം എക്സിറ്റ് പോളിലും ആഭിപ്രായ സര്‍വ്വേകളിലും കാണാത്ത അടിയൊഴുക്കാണ് തിരുവനന്തപുരത്തുണ്ടായതെന്ന് കുമ്മനം രാജശേഖരന്‍ വിശദീകരിച്ചു.

തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ബിജെപി നേതൃയോഗം അടുത്തയാഴ്ച ചേരും. പഴിചാരലും പൊട്ടിത്തെറിയും ഉറപ്പാണ്. ശബരിമലയുടെ നേട്ടം യുഡിഎഫ് കൊണ്ടുപോയെന്ന സംസ്ഥാന നേതൃത്തിന്‍റെ വിലിയിരുത്തലൊന്നും ദേശിയ നേതൃത്വം അഗീകരിക്കില്ലെന്നാണ് സൂചന. പുതിയ സര്‍ക്കാരിലും പാര്‍ട്ടി പുനസംഘടനയിലും ഇത് പ്രതിഫലിച്ചേക്കും.