മരിച്ചവരുടെ ആധാര്‍ നിര്‍ത്തലാക്കുന്നതിന് 2023 ഓഗസ്റ്റില്‍ ഔദ്യോഗിക മെമ്മോറാണ്ടം വഴി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
മരണപ്പെടുന്ന ആളുകളുടെ ആധാര്‍ റദ്ദാക്കുന്നതില്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 14 വര്‍ഷത്തിനിടെ രാജ്യത്ത് 1.15 കോടി ആധാര്‍ നമ്പറുകള്‍ മാത്രമാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കിയതെന്ന് കണക്കുകള്‍. എന്നാല്‍, ഇതേ കാലയളവില്‍ കോടിക്കണക്കിന് ആളുകള്‍ മരിച്ചുവെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2025 ജൂണ്‍ വരെ ഇന്ത്യയില്‍ 142.39 കോടി ആധാര്‍ ഉടമകളാണുള്ളത്. അതേസമയം, യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ കണക്കനുസരിച്ച്, 2025 ഏപ്രിലില്‍ രാജ്യത്തെ മൊത്തം ജനസംഖ്യ 146.39 കോടിയായിരുന്നു.
പ്രതിവര്‍ഷം 83.5 ലക്ഷം മരണം; ആധാര്‍ റദ്ദാക്കുന്നത് കുറവ് സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റത്തില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം, 2007 നും 2019 നും ഇടയില്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം ശരാശരി 83.5 ലക്ഷം മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്രയധികം മരണങ്ങള്‍ ഉണ്ടായിട്ടും, ആധാര്‍ റദ്ദാക്കപ്പെട്ടവരുടെ എണ്ണം വളരെ കുറവാണെന്നത് ശ്രദ്ധേയമാണ്. മരിച്ചവരുടെ ആധാര്‍ റദ്ദാക്കുന്ന പ്രക്രിയ പൂര്‍ണ്ണമായും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന മരണ രേഖകളെ ആശ്രയിച്ചാണെന്ന് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി മറുപടി നല്‍കി.
ആധാര്‍ നിര്‍ത്തലാക്കാന്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മരിച്ചവരുടെ ആധാര്‍ നിര്‍ത്തലാക്കുന്നതിന് 2023 ഓഗസ്റ്റില്‍ ഔദ്യോഗിക മെമ്മോറാണ്ടം വഴി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച്, പേരില്‍ കുറഞ്ഞത് 90% പൊരുത്തവും ലിംഗഭേദത്തില്‍ 100% പൊരുത്തവും ഉണ്ടായിരിക്കണം. എന്നാല്‍, ആധാര്‍ നിര്‍ത്തലാക്കിയതുമായി ബന്ധപ്പെട്ട് വര്‍ഷം തിരിച്ചുള്ള വിവരങ്ങള്‍ തങ്ങള്‍ സൂക്ഷിക്കുന്നില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സമ്മതിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍, 'അത്തരം വിവരങ്ങള്‍ വര്‍ഷം തിരിച്ച് സൂക്ഷിക്കുന്നില്ല' എന്നായിരുന്നു മറുപടി.

