ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയില്‍ ഒരു ലക്ഷത്തോളം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്.
അമേരിക്ക ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവ വജ്രവ്യവസായ മേഖലയില്‍ കനത്ത ആഘാതമേല്‍പ്പിച്ചതോടെ ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയില്‍ ഒരു ലക്ഷത്തോളം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രിലില്‍ അമേരിക്ക 10% ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് തുടക്കമിട്ടതെന്ന് ഗുജറാത്തിലെ ഡയമണ്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ അറിയിച്ചു. തൊഴില്‍ നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും ഭാവ്‌നഗര്‍, അമ്രേലി, ജുനാഗഡ് എന്നിവിടങ്ങളിലെ ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളാണ്. വലിയ കമ്പനികളില്‍ നിന്ന് കരാറടിസ്ഥാനത്തില്‍ വജ്രങ്ങള്‍ മുറിക്കുന്നതിനും മിനുക്കുന്നതിനുമുള്ള ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
തീരുവ ഉയര്‍ന്നത് പ്രതിസന്ധി രൂക്ഷമാക്കി
കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ അമേരിക്കന്‍ തീരുവ 25% ആയി ഉയര്‍ത്തുകയും പിന്നീട് 50% ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തതോടെ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി യൂണിയന്‍ വ്യക്തമാക്കി. അമേരിക്കയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തതോടെ ഉത്പാദനം കുറഞ്ഞു. സൗരാഷ്ട്ര, ജുനാഗഡ്, ഭാവ്‌നഗര്‍, അമ്രേലി എന്നിവിടങ്ങളിലെ ചെറുകിട സ്ഥാപനങ്ങളില്‍ 3 മുതല്‍ 4 ലക്ഷം വരെ തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഈ മേഖലകളില്‍ അമേരിക്കയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഓര്‍ഡറുകള്‍ കുറഞ്ഞതോടെ നേരത്തെ തന്നെ കച്ചവടം മന്ദഗതിയിലായിരുന്നു. എങ്കിലും, ഏപ്രിലില്‍ അമേരിക്ക പ്രഖ്യാപിച്ച തീരുവയാണ് ഏറ്റവും വലിയ തിരിച്ചടിയായത്. മാസം 15,000 മുതല്‍ 20,000 രൂപ വരെ വരുമാനമുള്ള തൊഴിലാളികളാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
വലിയ കമ്പനികള്‍ പിരിച്ചുവിടലുകളുടെ കാര്യത്തില്‍ മൗനം പാലിക്കുമ്പോഴും, ചില തൊഴിലാളികള്‍ക്ക് ലാബ്-ഗ്രോണ്‍ ഡയമണ്ട് മേഖലയില്‍ തൊഴില്‍ ലഭിക്കുന്നുണ്ടെന്ന് വ്യവസായ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇവയ്ക്കും 50% തീരുവ ബാധകമായാല്‍ ഈ മേഖലയിലും തൊഴില്‍ നഷ്ടം ഉണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ലാബ്-ഗ്രോണ്‍ ഡയമണ്ടിന്റെ പ്രധാന വിപണി അമേരിക്കയാണ്.
സര്‍ക്കാരിന്റെ ഇടപെടല്‍ തേടി വ്യവസായികള്‍
ലോകത്തിലെ 90% വജ്രങ്ങളും മുറിച്ചു മിനുക്കുന്നത് ഇന്ത്യയിലാണ്. നടപ്പ് സാമ്പത്തിക വര്‍ഷം അമേരിക്കയിലേക്ക് ഏകദേശം 10 ബില്യണ്‍ ഡോളറിന്റെ രത്‌നങ്ങളും ആഭരണങ്ങളുമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഈ സാഹചര്യത്തില്‍, യുഎസുമായി ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ വേഗത്തിലാക്കാനും കയറ്റുമതി പ്രോത്സാഹനങ്ങള്‍, പലിശ സബ്സിഡികള്‍, ജിഎസ്ടി റീഫണ്ടുകള്‍ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളും വ്യവസായികള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. സൂറത്തിനെക്കാള്‍ കൂടുതല്‍ ചെറുകിട പട്ടണങ്ങളിലാണ് പിരിച്ചുവിടലുകളുടെ ആഘാതം കൂടുതലായി അനുഭവപ്പെടുന്നത്. എങ്കിലും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സൂറത്തിലെ വന്‍കിട കമ്പനികളും കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാകുമെന്ന് സൂചനയുണ്ട്.

