മുംബൈ: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഒക്ടോബര്‍ രണ്ടിന്  മൂന്ന് സിനിമകള്‍ 120 കോടി രൂപ കളക്ഷന്‍ നേടിയത് സാമ്പത്തിക പ്രതിസന്ധിയില്ല എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.  മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.   

'വാജ്പേയ് സര്‍ക്കാരിന്‍റെ കാലത്ത്  വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു. സിനിമകള്‍ വളരെയധികം ഇഷ്ടമാണ്. ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്ത മൂന്ന് സിനിമകളില്‍ നിന്നായി 120 കോടി രൂപയുടെ കളക്ഷന്‍ ലഭിച്ച വിവരം ചലച്ചിത്ര നിരൂപകനായ കോമള്‍ നെഹ്ത എന്നോട് പറഞ്ഞു. 120 കോടി രൂപ കളക്ഷന്‍ ലഭിച്ചത് രാജ്യത്തിന്‍റെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയെയാണ് കാണിക്കുന്നത്'-രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

തൊഴിലില്ലായ്മയെക്കുറിച്ച് ഈ വര്‍ഷം മെയ് മാസത്തില്‍ പുറത്തുവിട്ട എന്‍എസ്എസ്ഒ റിപ്പോര്‍ട്ട് തെറ്റാണ്. താന്‍ നല്‍കിയ 10 പ്രസക്തമായ വിവരങ്ങള്‍ ആ റിപ്പോര്‍ട്ടില്‍ ഇല്ല. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്നും ചിലര്‍ ആസൂത്രിതമായി തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.