ദില്ലി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ തുടങ്ങിയെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. ആദ്യഘട്ടത്തിൽ സ്വകാര്യവത്കരിക്കേണ്ട് നാല് ബാങ്കുകളുടെ പട്ടിക കേന്ദ്രം തയ്യാറാക്കിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. നീക്കം വിജയിച്ചാൽ എസ്ബിഐ ഒഴികെയുള്ള ബാങ്കുകൾ പൂർണമായി സ്വകാര്യവത്കരിച്ചേക്കുമെന്നും റിപ്പോർട്ടിലുണ്ട്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പെതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ ബാങ്കിംഗ് മേഖലയിലും കേന്ദ്രം സമ്പൂർണമായി നടപ്പാക്കാനൊരുങ്ങുന്നുവെന്നാണ് റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട്. രണ്ടാം നിര ബാങ്കുകളായ ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സ്വകാര്യവൽക്കരണത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇപ്പോഴുള്ളത്. ഇതിൽ രണ്ട് ബാങ്കിന്‍റെ സ്വകാര്യവൽക്കരണം അടുത്ത സാമ്പത്തിക വർഷത്തിന്‍റെ തുടക്കം മുതൽ തന്നെ ആരംഭിക്കുമെന്നാണ് സൂചന. പരീക്ഷണം വിജയിച്ചാൽ ഇടത്തരം ബങ്കുകൾക്ക് പിന്നാലെ വലിയ ബാങ്കുകളുടെ സ്വകാര്യവൽക്കരണവും നടപ്പാക്കുമെന്ന് ധനകാര്യമന്ത്രാലയത്തിന്‍റെ വൃത്തങ്ങളെ ഉദ്ദരിച്ചാണ് റിപ്പോർട്ട്. 

സ്വകാര്യവത്കരണവുമായി മുന്നോട്ട് പോവാൻ പ്രധാനമന്ത്രി നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നെങ്കിലും ജീവനക്കാരുടേയും യൂണിയനുകളുടേയും എതിർപ്പിനെ തുടർന്ന് മന്ദഗതിയിലാവുകയായിരുന്നു. തൊഴിൽ സുരക്ഷിതത്വമടക്കം പ്രശ്നങ്ങളാണ് പ്രതിഷേധക്കാ‍ർ ഉയ‍ർത്തിക്കാണിക്കുന്നത്. യൂണിയനുകളുടെ കണക്കുപ്രകാരം, ബാങ്ക് ഓഫ് ഇന്ത്യയിൽ 50,000 ജീവനക്കാരും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 30,000 പേരും ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 26,000പേരും ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 13,000 ജീവനക്കാരുമാണ് ഉള്ളത്. ഇതിൽ ജീവനക്കാർ കുറവുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര ആദ്യം സ്വകാര്യവൽക്കരിക്കാനാണ് സാധ്യത.