സ്വന്തമായി എത്ര ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്? ഒന്നിൽ കൂടുതൽ ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഉപഭോക്താക്കൾക്ക് തുറക്കാവുന്ന ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തിൽ റിസർവ് ബാങ്ക് പരിധി നിശ്ചയിച്ചിട്ടില്ല. അതിനാൽത്തന്നെ ഒരു വ്യക്തി ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് തുറക്കാം.
പല ആവശ്യങ്ങൾക്കായും ഇപ്പോൾ ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരാണ് കൂടുതലും. മാത്രമല്ല, ഡിജിറ്റൽ ബാംങ്കിംഗ് സംവിധാനം വഴി വീട്ടിലിരുന്ന് തന്നെ അക്കൗണ്ട് തുറക്കാനുള്ള അവസരം ലഭിച്ചതോടെ കൂടുതൽ പേർ ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. നിലവിൽ ഡിജിറ്റൽ ബാങ്കിങ് വഴി സേവിങ്സ് അക്കൗണ്ട് തുറക്കുന്നതിനായുള്ള അപേക്ഷ നൽകുന്നതിനും കെവൈസി പൂർത്തിയാക്കുന്നതിനും അക്കൗണ്ട് ആരംഭിക്കാനും നിമിഷങ്ങൾ മാത്രം മതി. എന്നാൽ കണ്ണുംപൂട്ടി എത്ര ബാങ്ക് അക്കൗണ്ടുകൾ വേണമെങ്കിലും എടുത്തുകളയാമെന്ന ധാരണ വേണ്ട, ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉള്ളത് ധനകാര്യം നിയന്ത്രിക്കാൻ എളുപ്പമാക്കുന്നുണ്ടെങ്കിലും ഇവ കൈകാര്യം ചെയ്യുക എന്നുള്ളത് പ്രയാസകരമാണ്.
ഉപഭോക്താക്കൾക്ക് തുറക്കാവുന്ന ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തിൽ റിസർവ് ബാങ്ക് പരിധി നിശ്ചയിച്ചിട്ടില്ല. അതിനാൽത്തന്നെ ഒരു വ്യക്തി ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് തുറക്കാം. എന്നാൽ അതിലുള്ള പ്രയാസങ്ങൾ മനസിലാക്കാം.
മിനിമം ബാങ്ക് ബാലൻസ്:
ഏറ്റവും പ്രധാനം മിനിമം ബാലൻസ് തന്നെയാണ്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ളത് നിങ്ങളുടെ എല്ലാ അക്കൗണ്ടുകളിലും മിനിമം ബാലൻസ് നിലനിർത്തുന്നത് ബുദ്ധിമുട്ടാക്കിയേക്കാം. അക്കൗണ്ടിൽ മിനിമം ബാലൻസ് ഉണ്ടായിരിക്കുന്നതിന് ഓരോ സേവിംഗ്സ് അക്കൗണ്ടിനും അതിന്റേതായ പരിധിയുണ്ട്. നിങ്ങൾ തുക നിലനിർത്തുന്നില്ലെങ്കിൽ, ബാങ്ക് പിഴ ഈടാക്കിയേക്കാം.
സാമ്പത്തിക ആസൂത്രണം:
ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഉള്ള വ്യക്തികൾ കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തണം. ഓരോ അക്കൗണ്ടിന്റെയും ഇടപാടുകൾ കൃത്യമായി അറിഞ്ഞിരിക്കണം. ബാങ്ക് അക്കൗണ്ടുകൾ മാറി പോകാതെ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയണം.
ആനുകൂല്യങ്ങളും ചെലവുകളും:
ബാങ്ക് നൽകുന്ന ആനുകൂല്യങ്ങളുമായി ചെലവുകൾ താരതമ്യം ചെയ്യുന്നത് എല്ലായ്പ്പോഴും നല്ലതാണ്. ആനുകൂല്യങ്ങൾ ചെലവിനേക്കാൾ കൂടുതലാണെങ്കിൽ, അവ ഒഴിവാക്കുക.
വിവിധ തരം അക്കൗണ്ടുകൾ:
ഇക്കാലത്ത്, കറന്റ് അക്കൗണ്ടുകൾ, സാലറി അക്കൗണ്ടുകൾ, ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടുകൾ, ആവർത്തന നിക്ഷേപ അക്കൗണ്ടുകൾ, എൻആർഐ അക്കൗണ്ടുകൾ, എൻആർഒ അക്കൗണ്ടുകൾ തുടങ്ങി നിരവധി തരത്തിലുള്ള അക്കൗണ്ടുകൾ തുറക്കാൻ ബാങ്കുകൾ അനുവദിക്കുന്നു. ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് അക്കൗണ്ട് തുറക്കാൻ കഴിയും; പലിശയുടെ ആനുകൂല്യം കാരണം മിക്ക ആളുകളും സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കുന്നു. സേവിംഗ്സ് അക്കൗണ്ടിൽ വിവിധ ഓപ്ഷനുകളും ഉണ്ട്.