സ്വർണം വാങ്ങുമ്പോൾ ഹാൾമാർക്കിങ് ചാർജ് കൂടി നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ എല്ലാ സ്വർണ ഉൽപന്നങ്ങൾക്കും ബിഐഎസ് ഹാൾമാർക്കിങ് നിർബന്ധമില്ല. ഇതിൽ നിന്നും ഒഴിവാക്കപ്പെട്ട ഉൽപന്നങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
സ്വര്‍ണം വാങ്ങുമ്പോള്‍ തൂക്കം, പരിശുദ്ധി, പണിക്കൂലി, ജിഎസ്ടി എന്നിവയെല്ലാം നാം പരിശോധിക്കാറുണ്ട്. അതേ സമയം തന്നെ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഹാള്‍മാര്‍ക്കിങ് ചാര്‍ജും ശ്രദ്ധിക്കണം. 2021ല്‍ സ്വര്‍ണാഭരണങ്ങള്‍ക്കും സ്വര്‍ണത്തില്‍ നിര്‍മിച്ച മറ്റു വസ്തുക്കള്‍ക്കും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ചില വിഭാഗങ്ങളില്‍പ്പെട്ട സ്വര്‍ണ ഉല്‍പന്നങ്ങള്‍ക്ക് ഈ വ്യവസ്ഥയില്‍ ഇളവുണ്ട്. സ്വര്‍ണത്തിന്റെ പരിശുദ്ധിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുകയാണ് ഹാള്‍മാര്‍ക്കിങ്ങിന്റെ ലക്ഷ്യം. പണം നല്‍കി വാങ്ങുന്ന സ്വര്‍ണത്തിന് അവകാശപ്പെടുന്ന അതേ പരിശുദ്ധിയുണ്ടെന്ന് ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കേഷന്‍ സംവിധാനമാണിത്. ഹാള്‍മാര്‍ക്കില്‍ പ്രധാനമായും മൂന്ന് ഘടകങ്ങളാണുള്ളത്.
1. ബിഐഎസ് ലോഗോ.
2. സ്വര്‍ണത്തിന്റെ പരിശുദ്ധി വ്യക്തമാക്കുന്ന അടയാളം
3. ആറക്ക ആല്‍ഫാന്യൂമെറിക് എച്ച്യുഐഡി നമ്പര്‍.
നിര്‍ബന്ധിത ഹാള്‍മാര്‍ക്കിങ്ങില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളവ
- രണ്ട് ഗ്രാമില്‍ താഴെ തൂക്കമുള്ള സ്വര്‍ണ ഉല്‍പന്നങ്ങള്‍.
- സ്വര്‍ണം ഉപയോഗിച്ച് നിര്‍മിച്ച വാച്ചുകളും ഫൗണ്ടന്‍ പേനകളും.
- ബാറുകള്‍, പ്ലേറ്റുകള്‍, ഷീറ്റുകള്‍, ഫോയിലുകള്‍, കമ്പികള്‍, വയറുകള്‍, സ്ട്രിപ്പുകള്‍, ട്യൂബുകള്‍, നാണയങ്ങള്‍ തുടങ്ങിയ ഏത് രൂപത്തിലുള്ള സ്വര്‍ണ ബുള്ളിയനും.
- സ്വര്‍ണനൂല്‍ ഉപയോഗിച്ച് നിര്‍മിച്ച ഉല്‍പന്നങ്ങള്‍.
- മെഡിക്കല്‍, ഡെന്റല്‍, വെറ്ററിനറി, ശാസ്ത്രീയ, വ്യാവസായിക ആവശ്യങ്ങള്‍ക്കായി നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍.
- പൂര്‍ണമായും നിര്‍മാണം പൂര്‍ത്തിയാകാത്തതും തുടര്‍നിര്‍മാണത്തിനായി ഉദ്ദേശിച്ചിട്ടുള്ളതുമായ ഉല്‍പന്നങ്ങള്‍.
- ബിഐഎസ് ഹാള്‍മാര്‍ക്കിങ് ചട്ടങ്ങള്‍ 2018 പ്രകാരം ഹാള്‍മാര്‍ക്കിങ് നടത്തുന്നതിനായി ഇന്ത്യയ്ക്ക് പുറത്തുനിന്ന് രാജ്യത്തെ ബിഐഎസ് അംഗീകൃത അസേയിങ് ആന്‍ഡ് ഹാള്‍മാര്‍ക്കിങ് സെന്ററിലേക്ക് കൊണ്ടുവരുന്ന ഉല്‍പന്നങ്ങള്‍.
- രാജ്യാന്തര പ്രദര്‍ശനങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള ആഭരണങ്ങള്‍.
- സര്‍ക്കാര്‍ ഏജന്‍സിയുടെ അംഗീകാരമുള്ള ആഭ്യന്തര ബിസിനസ്-ടു-ബിസിനസ് പ്രദര്‍ശനങ്ങള്‍ക്കുള്ള ആഭരണങ്ങള്‍.
- വാര്‍ഷിക വിറ്റുവരവ് 40 ലക്ഷം രൂപ വരെയുള്ള ജ്വല്ലറികള്‍.














