അബദ്ധം ആര്‍ക്കും പറ്റാം. പക്ഷേ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിക്ഷേപകർക്ക് പറ്റിപോയ അബദ്ധങ്ങൾ 2023 ൽ ഒഴിവാക്കുക. 2022 നല്‍കിയ ഈ 6 ഗുണപാഠങ്ങള്‍ ഓര്‍ത്തുവെയ്ക്കാം 

ദ്ദേശം മികച്ചതാണെങ്കില്‍ കൂടി, സാമ്പത്തിക ആസൂത്രണ വിഷയത്തില്‍ തെറ്റുകളും അബദ്ധങ്ങളും സംഭവിക്കാമെന്നത് സര്‍വ സാധാരണയാണ്. പക്ഷേ തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാനും അത് തിരുത്താനുമുള്ള നടപടികള്‍ സ്വീകരിക്കുമ്പോഴാണ് സാമ്പത്തിക സ്വാതന്ത്രവും നിങ്ങളെ തേടിയെത്തുക. നിക്ഷേപകനെ സംബന്ധിച്ച് 2022 വര്‍ഷം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഭാവിയില്‍ തുണയേകാവുന്ന നിരവധി സാമ്പത്തിക പാഠങ്ങളും സമ്മാനിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട 6 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. ക്രിപ്‌റ്റോ തകര്‍ച്ച- വ്യവസ്ഥാപിതമല്ലാത്ത നിക്ഷേപങ്ങള്‍ ഒഴിവാക്കുക

കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലയളവിനിടെ അഭൂതപൂര്‍വമായ നേട്ടങ്ങള്‍ സമ്മാനിച്ചതിന്റെ പശ്ചാത്തലത്തില്‍ 2022 വര്‍ഷത്തിന്റെ തുടക്കത്തിലും ക്രിപ്‌റ്റോ കറന്‍സിയിലെ നിക്ഷേപം ജനപ്രിയമായിരുന്നു. ഞൊടിയിടയില്‍ വമ്പന്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ടായിരുന്നതിനാല്‍ യുവാക്കള്‍ ക്രിപ്‌റ്റോ കറന്‍സിയെ നെഞ്ചിലേറ്റി. എന്നാല്‍ നിയമപരമായി വ്യവസ്ഥപ്പെടുത്തിയിട്ടില്ലാത്ത ക്രിപ്‌റ്റോ കറന്‍സിയിലെ നിക്ഷേപം അപകടസാധ്യത ഏറിയതായിരുന്നു. നിരവധി പ്രതികൂല ഘടകങ്ങളാല്‍ സമീപകാലത്ത് ക്രിപ്‌റ്റോ കറന്‍സില്‍ നേരിട്ട മൂല്യത്തകര്‍ച്ചയോടെ ആഗോള തലത്തില്‍ തന്നെ ക്രിപ്‌റ്റോ നിക്ഷേപകര്‍ കയ്പുനീര്‍ കുടിച്ചു. മിന്നുന്നതെല്ലാം പൊന്നല്ല എന്ന സാമ്പത്തിക പാഠമാണ് ക്രിപ്‌റ്റോ കറന്‍സി പകര്‍ന്നു നല്‍കിയത്. അതായത്, മികച്ച ധാരണയുള്ള മാര്‍ഗങ്ങളയേ ആശ്രയിക്കാവൂ എന്നും നിക്ഷേപിക്കുന്നതിന് മുമ്പ് റിസ്‌ക് എടുക്കാനുള്ള ശേഷിയും ലക്ഷ്യങ്ങളും സ്വയം മനസിലാക്കണമെന്നും സാരം.

2. വിപണിയിലെ ചാഞ്ചാട്ടം- ക്ഷമാപൂര്‍വം ദീര്‍ഘകാലത്തേക്ക് ഉന്നംവെയ്ക്കുക

ഈവര്‍ഷം ആദ്യ പകുതിയില്‍ കടുത്ത ചാഞ്ചാട്ടത്തിനാണ് ഓഹരി വിപണികള്‍ സാക്ഷ്യംവഹിച്ചത്. ഉക്രൈന്‍ യുദ്ധവും ഉയരുന്ന പണപ്പെരുപ്പവും പലിശ നിരക്കുകളും തുടങ്ങി നിരവധി പ്രതികൂല ഘടകങ്ങള്‍ തുറിച്ചു നോക്കിയപ്പോള്‍ ഭൂരിഭാഗം റീട്ടെയില്‍ നിക്ഷേപകരും ഓഹരികള്‍ വിറ്റൊഴിവാക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ ഓഹരി വിപണികള്‍ ശക്തമായി കരകയറി. ഇന്ത്യന്‍ സൂചികകള്‍ സര്‍വകാല റെക്കോഡ് നിലവാരവും തിരുത്തിക്കുറിച്ചു. ഇതിലൂടെ നിക്ഷേപം പിന്‍വലിക്കാതിരുന്നവര്‍ക്കും അവസരങ്ങള്‍ നോക്കി നിക്ഷേപിച്ചവര്‍ക്കും നേട്ടം സ്വന്തമാക്കാന്‍ സാധിച്ചു. അതായത്, വിപണിയിലെ തിരുത്തലുകള്‍ കൂടുതല്‍ നിക്ഷേപിക്കാനുള്ള അവസരങ്ങളാണെന്നും ദീര്‍ഘകാലം നിലനിര്‍ത്തുന്നുവോ അത്രയും ഉയര്‍ന്ന നേട്ടം ലഭിക്കാനും സാധ്യതയുണ്ടെന്ന് ചുരുക്കം.

3. പലിശ വര്‍ധനവ്- നേരത്തെയുള്ള തിരിച്ചടവ് പ്രധാനം

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇക്കഴിഞ്ഞ മേയ് മുതല്‍ റിസര്‍വ് ബാങ്ക്, റിപ്പോ നിരക്കുകളില്‍ വര്‍ധന നടപ്പാക്കി തുടങ്ങി. പിന്നീടുള്ള ഏഴ് മാസത്തിനിടെ, രാജ്യത്തെ വായ്പകളുടെ പലിശയെ നേരിട്ട് സ്വാധീനിക്കുന്ന റിപ്പോ നിരക്കില്‍ 2.25% വര്‍ധനയാണ് പ്രാബല്യത്തിലായത്. ഇതോടെ വായ്പ എടുത്തവരുടെ ഇഎംഐ ഉയരുകയും പലിശഭാരം വര്‍ധിക്കുകയും ചെയ്തു. കുടുംബ ബജറ്റിനേയും ഞെരുക്കത്തിലാഴ്ത്തി. പലിശ കുറഞ്ഞിരുന്ന ഘട്ടത്തില്‍ ഉയര്‍ന്ന തോതില്‍ വായ്പ തിരിച്ചടക്കേണ്ടതിന്റെ പ്രധാന്യത്തെ ഇതു ഓര്‍മിക്കുന്നു. ഇതിലൂടെ ഇഎംഐ/ പലിശ ബാധ്യത കുറയുമെന്ന് മാത്രമല്ല, വായ്പയുടെ തിരിച്ചടവിനുള്ള കാലയളവ് ചുരുക്കാനും സഹായിക്കും.

4. ഉയരുന്ന പണപ്പെരുപ്പം- വാങ്ങല്‍ശേഷി വര്‍ധിപ്പിക്കാന്‍ നിക്ഷേപം

ഈവര്‍ഷം മിക്ക കുടുംബങ്ങളുടേയും ബജറ്റിനെ പണപ്പെരുപ്പം സൃഷ്ടിക്കുന്ന ചെലവ് പ്രതികൂലമായി ബാധിച്ചിട്ടുണ്ടാകാം. ഭക്ഷണം, മരുന്ന്, വസ്ത്രം, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ ഒഴിവാക്കാനാകാത്ത ആവശ്യങ്ങള്‍ക്കെല്ലാം വില വര്‍ധിച്ചിട്ടുണ്ട്. ഇതിലൂടെ നിക്ഷേപത്തിന്റെ പ്രാധാന്യമാണ് വെളിവാകുന്നത്. പണപ്പെരുപ്പം ഉയരുന്ന ഘട്ടത്തില്‍ തുണയേകുന്നത് കാലേകൂട്ടിയുള്ള നിക്ഷേപങ്ങളാണ്. മിച്ചം പിടിക്കുന്ന സമ്പാദ്യത്തെ മാത്രം ആശ്രയിക്കരുത്. അതിനാല്‍ നിക്ഷേപങ്ങള്‍ പുനപരിശോധിക്കുക. വളര്‍ച്ചയെ ലക്ഷ്യമാക്കിയുള്ള നിക്ഷേപ മാര്‍ഗങ്ങളിലേക്ക് മൂലധനം വിന്യസിക്കുക.

5. ഉയരുന്ന എഫ്ഡി നിരക്ക്- മികച്ച ആദായത്തിന് ലാഡര്‍ തന്ത്രം

തുടര്‍ച്ചയായ റിപ്പോ നിരക്ക് വര്‍ധന വായ്പകളുടെ ബാധ്യത ഉയര്‍ത്തിയെങ്കിലും സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ വര്‍ധിക്കാനുള്ള കളവുമൊരുക്കി. ഡിസംബര്‍ 2 വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 38 ബാങ്കുകള്‍, നിശ്ചിത കാലാവധിയിലേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7 ശതമാനത്തിലധികം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാല്‍ ഉയരുന്ന എഫ്ഡി നിരക്കിന്റെ നേട്ടം കൂടുതലായി കരസ്ഥമാക്കാന്‍ ലാഡര്‍ തന്ത്രം പ്രയോജനപ്പെടുത്തുക. നിക്ഷേപത്തുക ഒറ്റത്തവണയായി ഇടാതെ, പല കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങളായി വിഭജിച്ച് ഇടുന്ന രീതിയാണ് ലാഡര്‍ തന്ത്രം.

6. പിരിച്ചുവിടല്‍- എമര്‍ജന്‍സി ഫണ്ടിന്റെ ആവശ്യകത

സാമ്പത്തികമാന്ദ്യ ഭീഷണിയെ തുടര്‍ന്ന് ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്ന വാര്‍ത്തകള്‍ ആഗോള തലത്തില്‍ അലയടിക്കുന്നുണ്ട്. അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്നത് കഠിനമായ സാഹചര്യമാണ്. പ്രത്യേകിച്ചും സ്ഥിരവരുമാനം നിലച്ചുപോകുന്ന അവസ്ഥ. അതിനാല്‍ 12 മാസത്തെ ചെലുകള്‍ നേരിടാന്‍ പര്യാപ്തമായ എമര്‍ജന്‍സ് ഫണ്ട് അഥവാ കരുതല്‍ധനം ശേഖരിച്ചു വെയ്ക്കുന്നത്, അപ്രതീക്ഷിത തിരിച്ചടികളില്‍ നിന്നും കരകയറാനും സാമ്പത്തിക പ്രത്യാഘാതം കുറയ്ക്കാനും സഹായിക്കും.