Asianet News MalayalamAsianet News Malayalam

എന്തുകൊണ്ട് നിങ്ങളുടെ പോർട്ട്ഫോളിയോയിൽ ഇൻഡക്സ് ഫണ്ടുകൾ വേണം? ഇതാ ആറ് കാരണങ്ങൾ

അനായാസമായ നിക്ഷേപത്തിനുള്ള അവസരമാണ് ഇൻഡക്സ് ഫണ്ടുകൾ.

6 reasons to add index funds to your portfolio
Author
First Published Mar 26, 2024, 3:06 PM IST

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും വിപണി വികാസവും

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശ്രദ്ധേയമായ ഒരു തിരിവിലാണ് ഇപ്പോൾ. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന വളർച്ചയാണ് ഇന്ത്യയ്ക്കുള്ളത്. 2023-24 വർഷം റിയൽ ജി.ഡി.പി വളർച്ച 7.3 ശതമാനം ആയിരുന്നു. 2022-23 വർഷം ഇത് 7.2 ശതമാനമായിരുന്നു. 2023 മെയ് 31 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. മാർക്കറ്റ് ക്യാപ്പിറ്റലൈസേഷനിൽ ഇന്ത്യ അടുത്തിടെയാണ് 4 ട്രില്യൺ ഡോളർ കൈവരിച്ചത്. ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ച എപ്പോഴും അതിന്റെ സാമ്പത്തിക വിപണിയുടെ വളർച്ചയെ കൂടെ ആശ്രയിച്ചിരിക്കും. 2030 ആകുമ്പോഴേക്ക് ഇന്ത്യ 7.3 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാകുമെന്നാണ് 2023 ഡിസംബറിൽ പ്രവചനങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെ നിക്ഷേപകർക്ക് വലിയ സാധ്യതകളാണുള്ളത്. ഇൻഡക്സ് ഫണ്ടുകൾ ഇതിന് വളരെ യോജിച്ച എളുപ്പമുള്ള ഒരു ഓപ്ഷനാണ്.

ഇൻഡക്സ് ഫണ്ടുകൾ എന്താണെന്ന് തിരിച്ചറിയാം

അനായാസമായ നിക്ഷേപത്തിനുള്ള അവസരമാണ് ഇൻഡക്സ് ഫണ്ടുകൾ. ഏതെങ്കിലും പ്രത്യേക വിപണി സൂചികയുടെ പ്രകടനം അതേപടി അനുകരിക്കുകയാണ് ഇൻഡക്സ് ഫണ്ടുകൾ ചെയ്യുക. ഉദാഹരണത്തിന് S&P BSE Sensex, Nifty 50 എന്നിവയെല്ലാം സൂചികകളാണ്. ഏത് സൂചികയാണോ പിന്തുടരുന്നത് അതേ ക്രമത്തിലും അനുപാതത്തിലും സെക്യൂരിറ്റികൾ ഇൻഡക്സ് ഫണ്ടുകളും കൈകാര്യം ചെയ്യും. ആക്റ്റീവ് ആയി മാനേജ് ചെയ്യുന്ന ഫണ്ടുകളെപ്പോലെ ഫണ്ട് മാനേജർ ഇടയ്ക്ക് തീരുമാനം മാറ്റുന്ന രീതി ഇവിടെയില്ല. അതുകൊണ്ട് തന്നെ കുറഞ്ഞ ചെലവിൽ വൈവിധ്യമാർന്ന നിക്ഷേപങ്ങൾക്ക് സാധിക്കും. മനുഷ്യരുടെ ഇടപെടൽ അടിക്കടി ഉണ്ടാകാത്തതിനാൽ അത് മൂലമുണ്ടാകുന്ന മുൻവിധികളും ഒഴിവാകും.

വ്യത്യസ്തമായ ഇൻഡക്സ് ഫണ്ടുകൾ

പല തരത്തിലുള്ള ഇൻഡക്സ് ഫണ്ടുകൾ ഉണ്ട്. ഓരോ നിക്ഷേപത്തിനും അനുസരിച്ച് അവയുടെ സ്വഭാവവും മാറാം.

  • മാർക്കറ്റ് ക്യാപ് - ഈ ഫണ്ടുകൾ സൂചികകളെ അവയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അനുസരിച്ചാണ് പിന്തുടരുക. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് സ്റ്റോക്കുകൾ വാങ്ങാനുള്ള അവസരം ഇത് നൽകും.
  • സെക്ടറൽ - ഇത് പ്രത്യേക സെക്ടറുകൾ അനുസരിച്ച് നിക്ഷേപത്തിന് അവസരം നൽകും. ഉദാ: ബാങ്കിങ്, ടെക്നോളജി, ഹെൽത് കെയർ
  • ഫാക്ടർ ബേസ്ഡ് - ഇവിടെ മാനദണ്ഡം മൂല്യം, വളർച്ച, ഡിവിഡൻഡ് യീൽഡ് തുടങ്ങിയവയാണ്.
  • ഈക്വൽ വെയ്റ്റ് - ഇൻഡക്സിലെ ഓരോ ഘടകത്തിനും ഒരേ മൂല്യം നൽകുകയാണ് ഇവിടെ. ഇത് മാർക്കറ്റ് ക്യാപിറ്റലൈസേഷന് പകരമായി ഉപയോഗിക്കാം.
  • കൊമോഡിറ്റി ഇൻഡക്സ് ഫണ്ട്സ് - സ്വർണ്ണം, വെള്ളി, ക്രൂഡ് ഓയിൽ തുടങ്ങിയ കൊമോഡിറ്റികളുടെ പ്രകടനം അടിസ്ഥാനമാക്കിയാണ് ഈ ഫണ്ടുകൾ പ്രവർത്തിക്കുക.

ഇൻഡക്സ് ഫണ്ടുകളുടെ ഗുണം

  • നിക്ഷേപങ്ങളിൽ വൈവിധ്യം - വിവിധ ആസ്തികൾ, മേഖലകൾ, കമ്പനികൾ എന്നിവയിൽ നിക്ഷേപിക്കാം. വലിയ സൂചികകളിൽ നിന്ന് നേട്ടമുണ്ടാക്കാം. ഉദാഹരണത്തിന് Nifty 50 എന്നത് 13 മേഖലകളിലെ 50 സ്റ്റോക്കുകളുടെ ഇൻഡക്സ് ആണ്. ഇതിൽ ഫൈനാൻസ്, ടെക്, ഓയിൽ-ഗ്യാസ്, ഇൻഫ്രാസ്ട്രക്ച്ചർ, കൺസ്യൂമർ ഗുഡ്സ് എന്നിങ്ങനെ കമ്പനികളുണ്ടാകാം. റിസ്ക് പരമാവധി കുറച്ച് വിവിധ വിപണി മേഖലകളിൽ ഒറ്റ നിക്ഷേപത്തിലൂടെ നിക്ഷേപിക്കാനാകും എന്നതാണ് ഗുണം.
  • ചെലവ് കുറവ് - ആക്റ്റീവ് ആയി മാനേജ് ചെയ്യപ്പെടുന്ന ഫണ്ടുകളെക്കാൾ ചെലവ് വളരെ കുറവാണ് ഇൻഡക്സ് ഫണ്ടുകൾക്ക്. ട്രേഡിങ് ആക്റ്റിവിറ്റികൾ പരിമിതമായതിനാൽ ഫണ്ട് മാനേജ് ചെയ്യുന്നവർക്ക് വ്യാപകമായ റിസർച്ച് വേണ്ടി വരുന്നില്ല. അതുകൊണ്ട് തന്നെ ചെലവ് കുറഞ്ഞ രീതിയിൽ നിക്ഷേപം എന്നതും സാധ്യമാകും.
  • ബാലൻസ് വീണ്ടെടുക്കാം - സൂചികയുടെ മാറ്റത്തിന് അനുസൃതമായി സ്വയം ഫണ്ട് ബാലൻസ് ചെയ്യാൻ ഇൻഡക്സ് ഫണ്ടുകൾക്ക് കഴിയും. ഉദാഹരണത്തിന് ഏതെങ്കിലും ഒരു ഓഹരിയുടെ വെയ്റ്റ് സൂചികയിൽ ഉയർന്നാൽ സ്വാഭാവികമായും ഇൻഡക്സ് ഫണ്ടിലും അത് പ്രതിഫലിക്കും. ഇത് ഉപയോക്താക്കൾക്കും അതനുസരിച്ചുള്ള നേട്ടം നൽകും.
  • നവീനമായ ഉൽപ്പന്നങ്ങൾ - പുത്തൻ നിക്ഷേപക ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാകും. ഈക്വൽ വെയ്റ്റ് ഇൻഡക്സ് ഫണ്ടുകൾ, ഫാക്റ്റർ ബേസ്ഡ് ഫണ്ടുകൾ, സെക്ടറൽ ഫണ്ടുകൾ എന്നിങ്ങനെ നിക്ഷേപകർക്ക് നിരവധി ചോയ്സുകൾ ലഭ്യമാകും.
  • സുതാര്യത - സ്വന്തം നിക്ഷേപങ്ങളുടെ അവസ്ഥ അറിയാൻ നിക്ഷേപകർക്ക് കഷ്ടപ്പെടേണ്ടതില്ല. കാരണം സൂചികകളുടെ അതേ സ്വഭാവമാണ് ഇൻഡക്സ് ഫണ്ടുകളും പുലർത്തുക. ഫാക്റ്റർ ബേസ്ഡ് ഫണ്ടുകൾ മൂല്യം, വളർച്ച, മുന്നേറ്റം എന്നിവ അനുസരിച്ചാണ് നീങ്ങുക. ഇത്തരം വിവരങ്ങൾ സുതാര്യമായ ലഭിക്കുന്നതിനാൽ സ്വന്തം റിസ്ക് എടുക്കാനുള്ള താൽപര്യത്തിന് അനുസരിച്ച് നിക്ഷേപകർക്ക് തീരുമാനങ്ങളെടുക്കാം.
  • മാർക്കറ്റിനൊപ്പം വളരാനുള്ള അവസരം - ഇൻഡക്സ് ഫണ്ടുകൾ സ്ഥിരതയോടെ പ്രകടനം നടത്തുന്നുണ്ട്. പ്രത്യേകിച്ചും മാർക്കറ്റിനോട് അനുസൃതമായി റിട്ടേണും നൽകുന്നു. S&P BSE MidCap സൂചിക പരിശോധിച്ചാൽ പ്രതിവർഷം 20.26% റിട്ടേൺ കഴിഞ്ഞ പത്ത് വർഷമായി ലഭിക്കുന്നുണ്ട്. 2024 ഫെബ്രുവരി 16 വരെയുള്ള കണക്കാണിത്. 

ചുരുക്കിപ്പറഞ്ഞാൽ...

ദീർഘകാല സമ്പത്ത് ആണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ അതിന് ചേർന്ന ഒരു നിക്ഷേപ സംവിധാനമാണ് ഇൻഡക്സ് ഫണ്ടുകൾ. ഇന്ത്യുടെ സമ്പദ് വ്യവസ്ഥ പുതിയ ദിശയിലേക്ക് മുന്നേറുമ്പോൾ കൃത്യമായ ഇൻഡക്സ് ഫണ്ടുകൾ തെരഞ്ഞെടുക്കുന്നത് നിക്ഷേപകർക്ക് നേട്ടമുണ്ടാക്കും. ചെലവ് കുറഞ്ഞ രീതിയിൽ വൈവിധ്യമാർന്ന മേഖലകളിൽ നിക്ഷേപിക്കാൻ അവസരം ലഭിക്കും. അതേ സമയം തന്നെ റിസ്ക് വഹിക്കാനുള്ള കഴിവും നിർണായകമാണ്. വ്യക്തിഗതമായ സാമ്പത്തിക നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് ഒരു ധനകാര്യ വിദഗ്ധന്റെ സഹായം തേടാം. 

വിവരങ്ങൾക്ക് കടപ്പാട്: Axis MF Research, IMF, World Economic Outlook, Pib.gov.in, S&P Global, NSEindia.com, AsiaIndex.co.in

(ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ നിക്ഷേപ അവബോധനത്തിന്റെ ഭാഗമായുള്ള ലേഖനം. നിക്ഷേപകർ ഒറ്റത്തവണ KYC പൂർത്തിയാക്കണം. സന്ദർശിക്കാം www.axismf.com അല്ലെങ്കിൽ കോൺടാക്റ്റ് ചെയ്യാം customerservice@axismf.com)
 

Follow Us:
Download App:
  • android
  • ios