''ജീവിതകാലം മുഴുവന്‍ ജീവിച്ച രാജ്യത്തെ പൗരനല്ല നിങ്ങളെങ്കില്‍ വേറെ ഒരു രാജ്യത്തിനും നിങ്ങളെ ആവശ്യമുണ്ടാകില്ല''

ദില്ലി: പൗരത്വനിയമഭേദഗതി പുനരാലോചിക്കണമെന്ന് നോബല്‍ സമ്മാനജേതാക്കളായ അഭിജിത്ത് ബാനര്‍ജിയും എസ്തര്‍ ഡുഫ്ലോയും. പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വപട്ടികയും ഭരണ കാര്യക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന സര്‍ക്കാരിന്‍റെ ലക്ഷണമല്ലെന്ന് ഇവര്‍ പറഞ്ഞു. സര്‍ക്കാര്‍ അതിന്‍റെ ലക്ഷ്യങ്ങളില്‍ നിന്ന് വഴുതി മാറുകയാണെന്നും ഇരുവരും ആരോപിച്ചു. 

''ജീവിതകാലം മുഴുവന്‍ ജീവിച്ച രാജ്യത്തെ പൗരനല്ല നിങ്ങളെങ്കില്‍ വേറെ ഒരു രാജ്യത്തിനും നിങ്ങളെ ആവശ്യമുണ്ടാകില്ല. ആരാണ് നിങ്ങള്‍ ? ഇതാണ് ചെറുപ്പക്കാരായ പലരും അസ്വസ്ഥരാകാന്‍ കാരണം'' - അഭിജിത്ത് ബാനര്‍ജിയും എസ്തര്‍ ഡുഫ്ലോയും പറഞ്ഞു. 2019 ല്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം തേടിയത് ദമ്പതികളായ അഭിജിത്ത് ബാനര്‍ജിയും എസ്തര്‍ ഡുഫ്ലോയും മൈക്കല്‍ ക്രെമറുമാണ്. 

പാര്‍ലമെന്‍റ് പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതുമുതല്‍ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. സര്‍വ്വകലാശാലകളില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. 20 ലേറെ പേരാണ് പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന്ന പേര്‍ക്കെതിരെ കേസെടുത്തു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കം നിരവധി പ്രതിഷേധിച്ചതിന്‍റെ പേരില്‍ ജയിലിലാണ്.