എൻഡിടിവിയുടെ 26 ശതമാനം അധിക ഓഹരിയ്ക്കുള്ള അദാനിയുടെ ഓപ്പൺ ഓഫറിന് കൗണ്ട് ഡൗൺ തുടങ്ങി. അദാനി വിരിച്ച വല മുറുകുന്നു
ദില്ലി: എൻഡിടിവിയിൽ 26 ശതമാനം വരുന്ന അധിക ഓഹരി സ്വന്തമാക്കാൻ സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫർ നവംബർ 22 മുതൽ ഡിസംബർ 5 വരെ സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഒക്ടോബർ 17 മുതൽ നവംബർ 1 വരെയായിരുന്നു അദാനിയുടെ ഓപ്പൺ ഓഫറിന്റെ മുൻകാല ടൈംലൈൻ.
രാജ്യത്തെ ഏറ്റവും പ്രമുഖ മാധ്യമ സ്ഥാപനമായ എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ വാങ്ങുകയാണെന്ന് ഓഗസ്റ്റ് 24 നാണ് അദാനി എന്റര്‍പ്രൈസസ് അറിയിച്ചത്. മാത്രമല്ല, എന്‍ഡിടിവിയിലെ 26 ശതമാനം ഓഹരികള്‍ ഓപ്പണ്‍ ഓഫറിലൂടെ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നതായും അദാനി എന്റര്‍പ്രൈസസ് അറിയിച്ചു. വിവാദത്തിന് തിരികൊളുത്തിയതായിരുന്നു ഈ അറിയിപ്പ്. കാരണം എന്‍ഡിടിവിയുടെ ഓഹരികൾ അദാനി ഗ്രൂപ്പ് വാങ്ങിയത് ചർച്ചയോ, സമ്മതമോ, അറിയിപ്പോ ഇല്ലാതെ ആയിരുന്നുവെന്ന് എന്‍ഡിടിവിയുടെ സ്ഥാപക പ്രമോട്ടര്‍മാരായ രാധിക റോയിയും പ്രണോയ് റോയിയും വ്യക്തമാക്കി മുന്നോട്ടുവന്നു.
2022 ജൂൺ 30ലെ കണക്കുകൾ പ്രകാരം എന്‍ഡിടിവിയിൽ, പ്രാമോട്ടര്‍മാരായ പ്രണോയ് റോയിക്കും രാധികാ റോയിക്കും യഥാക്രമം 15.94 ശതമാനം, 16.32 ശതമാനം ഓഹരികളാണ് ഉള്ളത്. ഇവരുടെ ആര്‍ആര്‍പിആര്‍ കമ്പനിക്ക് 29.18 ശതമാനം ഓഹരികളും. ബാക്കിയുള്ളതിൽ 14.7 ശതമാനം എഫ്പിഐ, 9.61 ശതമാനം ബോഡി കോര്‍പറേറ്റ്, 12.57 ശതമാനം റീട്ടെയില്‍, 1.67 ശതമാനം മറ്റുള്ളവര്‍ എന്നിങ്ങനെയാണ്.
403.85 കോടി രൂപ വായ്പയാണ് എൻഡിടിവിയെ അദാനിയുടെ കൈകളിലേക്ക് എത്തിച്ചത്. നവംബർ 22 കഴിയുന്നതോടെ എൻഡിടിവിയുടെ ഭാവി എന്താകുമെന്ന കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകും. വിപണിയും നിക്ഷേപകരും മാധ്യമങ്ങളും ഒരുപോലെ കണ്ണുനട്ടിരിക്കുന്ന ഓപ്പൺ ഓഫർ ആണ് നടക്കാനിരിക്കുന്നത്.
