ഹിൻഡൻബർഗിനെതിരെ പൊരുതി ജയിക്കാൻ അദാനി കളത്തിലിറക്കുന്ന വാച്ച്ടെൽ സ്ഥാപനം. അമേരിക്കയിൽ വൻകിട കോർപ്പറേറ്റുകൾക്കായി കേസുകൾ വാദിക്കുന്ന വാച്ച്ടെലിനെ കുറിച്ച് അറിയേണ്ടതെല്ലാം  

ദില്ലി: അമേരിക്കൻ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഗൗതം അദാനി. യുഎസ് നിയമ സ്ഥാപനമായ വാച്ച്ടെൽ ആയിരിക്കും അദാനി ഗ്രൂപ്പിന് വേണ്ടി വധിക്കാൻ എത്തുകയെന്നാണ് റിപ്പോർട്ട്. കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയായി ആരോപിക്കപ്പെടുന്ന ഈ കേസിൽ പൊരുതി ജയിക്കാൻ അദാനി കളത്തിലിറക്കുന്ന വാച്ച്ടെൽ നിസ്സാര സ്ഥാപനം ആയിരിക്കില്ലലോ.. അമേരിക്കയിൽ വൻകിട കോർപ്പറേറ്റുകൾക്കായി കേസുകൾ വാദിക്കുന്ന സ്ഥാപനമാണ് വാച്ച്ടെൽ.

അദാനി ഗ്രൂപ്പിന്റെ പ്രതിരോധ വിഭാഗത്തിന് നേതൃത്വം നൽകുന്ന സിറിൽ അമർചന്ദ് മംഗൾദാസ് സ്ഥാപനമാണ് വാച്ച്ടെലിനെ സമീപിച്ചതെന്നാണ് റിപ്പോർട്ട്. അദാനിയുടെ മൂത്ത മകൻ കരണിന്റെ ഭാര്യാ പിതാവും കോർപ്പറേറ്റ് അഭിഭാഷകനുമായ സിറിൽ ഷ്രോഫാണ് സിറിൽ അമർചന്ദിന്റെ തലവൻ. കൂടാതെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ അംഗവുമാണ് സിറിൽ ഷ്രോഫ്. 

വാച്ച്ടെൽ സ്ഥാപനത്തെ കുറിച്ച് അറിയാം

1. ഇത് 1965-ൽ സ്ഥാപിതമായതാണ്, അതിന്റെ മുഴുവൻ പേര് 'വാച്ച്ടെൽ, ലിപ്റ്റൺ, റോസൻ, കാറ്റ്‌സ്' എന്നാണ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ മുൻ സഹപ്രവർത്തകരായ ഹെർബ് വാച്ച്ടെൽ, മാർട്ടിൻ ലിപ്റ്റൺ, ലിയോനാർഡ് റോസൻ, ജോർജ്ജ് കാറ്റ്സ് എന്നിവരിൽ നിന്നാണ് ഈ പേര് വന്നത്.

2. ന്യൂയോർക്ക് സിറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വാച്ച്ടെൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ചെലവേറിയ നിയമ സ്ഥാപനമായി അറിയപ്പെടുന്നു. അതിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, 'യുഎസിലും ലോകമെമ്പാടുമുള്ള ഏറ്റവും വലുതും സങ്കീർണ്ണവുമായ കേസുകളാണ് കൈകാര്യം ചെയ്യുന്നത്.

3. ലയനം, ഏറ്റെടുക്കൽ, തന്ത്രപരമായ നിക്ഷേപങ്ങൾ, പ്രതിരോധം, ഷെയർഹോൾഡർ ആക്ടിവിസം, കോർപ്പറേറ്റ്, സെക്യൂരിറ്റീസ് നിയമം, കോർപ്പറേറ്റ് ഭരണം തുടങ്ങിയ മേഖലകളിൽ അനുഭവ സമ്പന്നരാണ് ഇവർ.

4. 2022-ൽ, സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിനെ വാങ്ങാനുള്ള 44 ബില്യൺ ഡോളറിന്റെ ഇടപാടിൽ നിന്ന് ശതകോടീശ്വരൻ ഇലോണ്‍ മസ്ക് പിന്മാറാൻ ശ്രമിച്ചപ്പോൾ, വാച്ച്ടെൽ മസ്‌കിനെതിരെ ട്വിറ്ററിനെ പ്രതിനിധീകരിച്ചു. ഒടുവിൽ, ഒക്ടോബറിൽ മസ്‌ക് കരാർ പൂർത്തിയാക്കി.

5. നേരത്തെ, മസ്കിന് വേണ്ടിയും വാച്ച്ടെൽ വാദിച്ചിരുന്നു, ടെസ്‌ല ഇങ്കിന്റെ ബോർഡിനെയാണ് പ്രതിനിധീകരിച്ചത്. സോളാർ പാനൽ നിർമ്മാതാക്കളായ സോളാർ സിറ്റിയെ ടെസ്‌ല 2.6 ബില്യൺ ഡോളറിന് ഏറ്റെടുത്തതിനെ തുടർന്നായിരുന്നു കേസ്.