ഓണ്‍ലൈന്‍ പലചരക്ക് വിതരണ രംഗത്തെ അതികായരായ ബ്ലിങ്കിറ്റിനാണ് നടപടി നേരിടേണ്ടി വന്നിരിക്കുന്നത് .
കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങുമ്പോള്‍ അവിടെ എത്രത്തോളം ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ക്ക് നേരിട്ടറിയാം. എന്നാല്‍ ഓണ്‍ലൈനായി പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ ശുചിത്വം പാലിക്കുന്നതില്‍ പലപ്പോഴും പരാജയപ്പെടുന്നുവെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഏറ്റവുമൊടുവിലായി ഓണ്‍ലൈന്‍ പലചരക്ക് വിതരണ രംഗത്തെ അതികായരായ ബ്ലിങ്കിറ്റിനാണ് നടപടി നേരിടേണ്ടി വന്നിരിക്കുന്നത് . പൂനെയിലെ ബാനര്‍-ബാലേവാഡിയിലുള്ള ബ്ലിങ്കിറ്റിന്റെ ഒരു ഒരു സ്റ്റോര്‍ വൃത്തിയില്ലായ്മയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതും കാരണം മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പൂട്ടിച്ചു. അടുത്തിടെ സമാനമായ കാരണങ്ങളാല്‍ സെപ്‌റ്റോയുടെ മുംബൈയിലെ സ്റ്റോറും എഫ്ഡിഎ പൂട്ടിച്ചിരുന്നു.
'ഞെട്ടിക്കുന്ന' കണ്ടെത്തലുകള്‍!
പരിശോധനയില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. സ്റ്റോര്‍ അങ്ങേയറ്റം വൃത്തിഹീനമായിരുന്നു; ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നിടത്ത് കെട്ടിക്കിടക്കുന്ന വെള്ളവും അടഞ്ഞ ഓടകളും ശുചിത്വമില്ലായ്മ വ്യക്തമാക്കുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പല ഭക്ഷ്യവസ്തുക്കളിലും ഫംഗസ് വളര്‍ന്നിരുന്നു, ഇത് ശരിയായ സംഭരണമില്ലായ്മയും മോശം പരിപാലനവും കാരണമായിരുന്നു. കൂടാതെ, താപനില കൃത്യമായി ക്രമീകരിക്കാതെ അശാസ്ത്രീയമായ രീതിയിലാണ് ശീതീകരണ സംവിധാനം ഒരുക്കിയിരുന്നത്. തറ നനഞ്ഞതും വൃത്തിയില്ലാത്തതുമായിരുന്നു; ഭക്ഷ്യവസ്തുക്കള്‍ അലക്ഷ്യമായി നിലത്ത് വലിച്ചിട്ടിരുന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച നടത്തിയ മിന്നല്‍ പരിശോധനയിലാണ് ബ്ലിങ്കിറ്റിന്റെ വിതരണ പങ്കാളികളിലൊന്നായ എനര്‍ജി ഡാര്‍ക്ക്‌സ്റ്റോര്‍ സര്‍വീസസ് നടത്തുന്ന ഈ സ്റ്റോറിന്റെ അവസ്ഥ പുറത്തുവന്നത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ബ്ലിങ്കിറ്റിന്റെ ഈ സ്റ്റോര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ അറിയിച്ചു. സ്ഥാപനം 2024 ജൂണില്‍ ഭക്ഷ്യ ലൈസന്‍സിനായി അപേക്ഷിച്ചിരുന്നുവെങ്കിലും, ആവശ്യമായ രേഖകള്‍ ശരിയായി സമര്‍പ്പിക്കാത്തതിനാല്‍ ലൈസന്‍സ് അനുവദിച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാനത്ത് സുരക്ഷിതമല്ലാത്ത ഭക്ഷണ സംഭരണ രീതികള്‍ക്കെതിരെ എഫ്ഡിഎ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ ബ്ലിങ്കിറ്റ് സ്റ്റോര്‍ അടച്ചുപൂട്ടിയത്. നേരത്തെ, മുംബൈയിലെ ധാരാവിയിലുള്ള ക്വിക്ക്-കൊമേഴ്‌സ് സ്ഥാപനമായ സെപ്‌റ്റോയുടെ മാതൃ കമ്പനിയായ കിരണകാര്‍ട്ട് ടെക്‌നോളജീസിന്റെ ലൈസന്‍സും സമാനമായ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എഫ്ഡിഎ സസ്‌പെന്‍ഡ് ചെയ്തിരുന്നു.