ദില്ലി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യത സംബന്ധിച്ച കണക്ക് രാജ്യസഭയ്ക്ക് മുന്നില്‍ വച്ച് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പൂരി. ഈ വര്‍ഷം മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യത 58,351 കോടി രൂപയാണ്. നിലവില്‍ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. 

ഇതിന്‍റെ ഭാഗമായി എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന നടത്താന്‍  കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചിരുന്നു. ഈ വര്‍ഷം വീണ്ടും എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കാനുളള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ താല്‍പര്യപത്രം ക്ഷണിച്ചപ്പോള്‍ ആരും എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് ശ്രമം പരാജയപ്പെടുകയായിരുന്നു. 

എയര്‍ ഇന്ത്യ എക്സപ്രസിലും എയര്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിലുമുളള ഓഹരികള്‍ വില്‍ക്കാനും സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. രാജ്യസഭയില്‍ എഴുതി തയ്യാറാക്കിയ മറുപടിയിലാണ് മന്ത്രി എയര്‍ ഇന്ത്യയുടെ കടബാധ്യത സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.