Asianet News MalayalamAsianet News Malayalam

പ്രശ്നങ്ങൾ തീരുന്നില്ല; എയർ ഇന്ത്യയിൽ വീണ്ടും സമര കാഹളം മുഴക്കി ജീവനക്കാർ

ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്ത പൊതുമേഖലാ വിമാനക്കമ്പനി എയർ ഇന്ത്യയിലെ ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. ടാറ്റാ ഗ്രൂപ്പ് വിമാനക്കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ് കേന്ദ്രസർക്കാർ തങ്ങൾക്ക്  തരാനുള്ള മുഴുവൻ ശമ്പള കുടിശ്ശികയും നൽകണം എന്നാണ് ജീവനക്കാരുടെ ആവശ്യം

Air India pilots demand settlement of liabilitie
Author
India, First Published Nov 9, 2021, 10:02 PM IST

ദില്ലി: ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്ത പൊതുമേഖലാ വിമാനക്കമ്പനി എയർ ഇന്ത്യയിലെ ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. ടാറ്റാ ഗ്രൂപ്പ് വിമാനക്കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ് കേന്ദ്രസർക്കാർ തങ്ങൾക്ക്  തരാനുള്ള മുഴുവൻ ശമ്പള കുടിശ്ശികയും നൽകണം എന്നാണ് ജീവനക്കാരുടെ ആവശ്യം. അല്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് ജീവനക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

എയർ ഇന്ത്യയിലെ പൈലറ്റുമാരാണ് ഇപ്പോൾ ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുക്കാനുള്ള ടെൻഡർ കരാർ നേടിയശേഷം ഷെയർ പർച്ചേസ് എഗ്രിമെന്റ് കേന്ദ്രസർക്കാരുമായി ഒപ്പിടുകയും ചെയ്തു. ഡിസംബറോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിമാനകമ്പനി ടാറ്റയ്ക്ക് കൈമാറാനാണ് കേന്ദ്രസർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. ഈ ഘട്ടത്തിലാണ് പൈലറ്റുമാർ തങ്ങളുടെ ആവശ്യമുന്നയിച്ച് സമരത്തിന്റെ മുന്നറിയിപ്പു നൽകിയത്.

 എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നിവയിലെ 100 ശതമാനം ഓഹരികളും, എയർ ഇന്ത്യ സാറ്റ്സ് എന്ന കമ്പനിയിൽ 50 ശതമാനം ഓഹരിയുമാണ് ടാറ്റ ഗ്രൂപ്പിന് കിട്ടുക. 18 ആയിരം കോടി രൂപയുടേതാണ് ഇടപാട്. ഇന്ത്യൻ പൈലറ്റ് ഗിൽഡ് ആണ് എയർ ഇന്ത്യയുടെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർക്ക് സമരത്തിന്റെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

 ജീവനക്കാർക്ക് തങ്ങൾ ചതിക്കപ്പെട്ടു എന്ന തോന്നൽ ഉണ്ടാകാൻ കേന്ദ്ര സർക്കാരിന്റെ നിലപാട് കാരണമാകരുതെന്ന് ഇവർ നവംബർ ഏഴിനു നൽകിയ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം എയർ ഇന്ത്യയുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സ്ഥാനം ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. നേരത്തെ ഈ സ്ഥാനത്ത് ഉണ്ടായിരുന്ന രാജീവ് ബൻസൽ ഒക്ടോബർ ഒന്നിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലേക്ക് സെക്രട്ടറിയായി തിരികെ പോയശേഷം ഈ സ്ഥാനത്തേക്ക് മറ്റാരെയും സർക്കാർ നിയമിച്ചിരുന്നില്ല. ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ്  എയർ ഇന്ത്യ.

Follow Us:
Download App:
  • android
  • ios