ഓഹരിയുടെ തന്ത്രപരമായ വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കാനുളള പ്രത്യേക  സമിതി ഉടന്‍ പുനര്‍ രൂപീകരിക്കും. കമ്പനിയുടെ വില്‍പ്പനയ്ക്കായി ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്ത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി, സുരേഷ് പ്രഭു, നിതിന്‍ ഗഡ്കരി തുടങ്ങിയവരെ ചേര്‍ത്ത് പ്രത്യേക സമിതി രൂപീകരിച്ചിരുന്നു.

ദില്ലി: ഒക്ടോബറിന് ശേഷം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണമില്ലാതെ എയര്‍ ഇന്ത്യ പ്രതിസന്ധിയില്‍. ഒക്ടോബര്‍ വരെ മാത്രം ശമ്പളം കൊടുക്കാനുളള പണമേ എയര്‍ ഇന്ത്യയുടെ കൈവശം ബാക്കിയുള്ളു. ഇതിനിടെ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാനുളള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഓഹരി വില്‍പ്പനയിലൂടെ കടം വീട്ടാനാണ് സര്‍ക്കാരിന്‍റെ ആലോചന. 

ഓഹരിയുടെ തന്ത്രപരമായ വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കാനുളള പ്രത്യേക സമിതി ഉടന്‍ പുനര്‍ രൂപീകരിക്കും. കമ്പനിയുടെ വില്‍പ്പനയ്ക്കായി ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്ത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി, സുരേഷ് പ്രഭു, നിതിന്‍ ഗഡ്കരി തുടങ്ങിയവരെ ചേര്‍ത്ത് പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍, അരുണ്‍ ജെയ്റ്റ്‍ലിയും സുരേഷ് പ്രഭുവും ഇപ്പോള്‍ മന്ത്രിസഭയില്‍ ഇല്ലാത്തതിനാല്‍ ഈ സമിതി പുനര്‍ രൂപീകരിക്കേണ്ടതുണ്ട്.

ഇപ്പോഴത്തെ ധനമന്ത്രി നിര്‍മല സീതാരാമനും വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും സമിതിയിലേക്ക് പുതിയതായി എത്തും. നിതിന്‍ ഗഡ്കരി അംഗമായി തുടരാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28 ന് വില്‍പ്പനയ്ക്ക് പറ്റിയ സമയമല്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. ഇന്ധന വില ഉയര്‍ന്ന് നിന്നതും, രൂപയുടെ മൂല്യത്തിലെ ഇടിവുമാണ് വില്‍പ്പനയ്ക്ക് അനുകൂല സമയമല്ലെന്ന വിലയിരുത്തലിലേക്ക് പ്രത്യേക ബദല്‍ സംവിധാന യോഗത്തില്‍ തീരുമാനിക്കാന്‍ കാരണം. 

എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സ്ഥിതിഗതികളില്‍ മാറ്റം വന്നിട്ടുണ്ടെന്ന് വ്യോമയാന മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ വിശദീകരിക്കുന്നു.