വിദേശനാണ്യ ചോർച്ച തടയാൻ ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് നിർത്തണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ തള്ളി. സ്വർണം സാധാരണക്കാരന്റെ നിക്ഷേപമാണെന്നും ആഗോള സാഹചര്യങ്ങൾ കാരണം വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. പകരം പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കുന്നത് പോലുള്ള മാർഗ്ഗങ്ങൾ അവർ നിർദ്ദേശിച്ചു
ദില്ലി: വിദേശനാണ്യ ചോര്‍ച്ച തടയാന്‍ സ്വര്‍ണ്ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം തള്ളി ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്യുമ്പോഴും, സ്വര്‍ണ്ണ വിപണിയെ പൂര്‍ണ്ണമായി മാറ്റിനിര്‍ത്തുന്നത് പ്രായോഗികമല്ലെന്ന് സംഘടന അറിയിച്ചു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണ്ണവില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും സംഘടനയുടെ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.

പ്രതിസന്ധികളില്‍ സാധാരണക്കാരന്റെ ഏക ആശ്രയമാണ് സ്വർണം. സ്വർണത്തെ ആഭരണമായല്ല കാണേണ്ടത്, നിക്ഷേപമായാണ്. അസുഖങ്ങള്‍, അപകടങ്ങള്‍, മക്കളുടെ വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത പ്രതിസന്ധികള്‍ മറികടക്കാന്‍ സാധാരണക്കാര്‍ എന്നും ആശ്രയിക്കുന്നത് സ്വര്‍ണ്ണത്തെയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ സുശക്തമായ അളവുകോല്‍ കൂടിയാണ് സ്വര്‍ണ്ണശേഖരം. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കുക. സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം മെട്രോ, മറ്റ് പൊതുഗതാഗത സംവിധാനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുക, അത്യാവശ്യമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കുക തുടങ്ങിയവ പ്രാവര്‍ത്തികമാക്കുന്നതും നല്ലതായിരിക്കും. ആഗോള വിപണിയിലെ പിരിമുറുക്കം തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും സ്വര്‍ണ്ണവില വര്‍ധിക്കാനാണ് സാധ്യത. അതിനാല്‍ സ്വര്‍ണ്ണത്തെ നിക്ഷേപമായി കണ്ട് വാങ്ങുകയാണ് വേണ്ടതെന്നും എകെജിഎസ്എംഎ സംസ്ഥാന ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍, സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ പാലത്തറ, ജനറല്‍ സെക്രട്ടറി കെ.എം. ജലീല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.


