Asianet News MalayalamAsianet News Malayalam

ഇന്ന് അക്ഷയതൃതീയ; ഉഷാറായി സ്വര്‍ണ വിപണി

സാധാരണ അക്ഷയതൃതീയ ദിനത്തില്‍ മാത്രം കേരളത്തില്‍ ഏകദേശം 1,500 കിലോ സ്വര്‍ണാഭരണ വില്‍പ്പനയാണ് നടക്കുന്നത്. ഏതാണ്ട് 500 കോടി രൂപയുടെ മൂല്യം വരുമിത്. 

akshaya tritiya 2019
Author
Thiruvananthapuram, First Published May 7, 2019, 9:57 AM IST

തിരുവനന്തപുരം: ആഭരണം വാങ്ങുന്നവര്‍ക്ക് നല്ലദിനമായി കണക്കാക്കുന്ന അക്ഷയതൃതീയക്കായി  കേരളത്തിലെ സ്വര്‍ണാഭരണ വിപണി ഒരുങ്ങി. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ വിലയില്‍ കുറവുണ്ടായിട്ടുളളത് പ്രതീക്ഷ നല്‍കുന്നതായി കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍ വ്യക്തമാക്കി. ഇപ്രാവശ്യം 25 ശതമാനം അധിക വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്.

നിരവധി ഓഫറുകളും, പുതിയ ഡിസൈനുകളുമാണ് അക്ഷയതൃതീയുടെ ഭാഗമായി ജ്വല്ലറികള്‍ ഒരുക്കിയിരിക്കുന്നത്. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയങ്ങള്‍ തുടങ്ങിയവും ഒരുക്കിയിട്ടുണ്ട്. ലക്ഷ്മി ലോക്കറ്റുകള്‍, മൂകാംബികയില്‍ പൂജിച്ച ലോക്കറ്റുകള്‍, ഗുരുവായൂരപ്പന്‍ ലോക്കറ്റുകള്‍ എന്നിവയ്ക്കും വന്‍ ഡിമാന്‍റാണ്. ഇവ പലതും ആളുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് കഴിഞ്ഞതായി ജ്വല്ലറി ഉടമകള്‍ അറിയിച്ചു. സാധാരണ വില്‍പ്പനയുടെ അഞ്ച് മടങ്ങ് സ്വര്‍ണ നാണയ വില്‍പ്പന ഇന്ന് നടക്കുമെന്നാണ് കണക്കാക്കുന്നത്.    

സാധാരണ അക്ഷയതൃതീയ ദിനത്തില്‍ മാത്രം കേരളത്തില്‍ ഏകദേശം 1,500 കിലോ സ്വര്‍ണാഭരണ വില്‍പ്പനയാണ് നടക്കുന്നത്. ഏതാണ്ട് 500 കോടി രൂപയുടെ മൂല്യം വരുമിത്. സ്വര്‍ണ നാണയങ്ങളും സ്വര്‍ണ വിഗ്രഹങ്ങളും കൂടാതെയാണ് ഇത്രയും ഉയര്‍ന്ന വില്‍പ്പന നടക്കുന്നത്. സാധാരണ ദിവസങ്ങളില്‍ ഏതാണ്ട് 600 മുതല്‍ 700 കിലോ വില്‍പ്പന നടക്കുന്ന സ്ഥാനത്താണിത്. അതായത് 225 കോടി മുതല്‍ 250 കോടി രൂപ വരെ മൂല്യം. 

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18 നായിരുന്നു അക്ഷയതൃതീയ . അന്ന് 23,200 രൂപയായിരുന്നു നിരക്ക് പിന്നീട് പവന് 25,160 രൂപ വരെ സ്വര്‍ണവില ഉയരുകയുണ്ടായി. എന്നാല്‍, ഈ വര്‍ഷത്തെ അക്ഷയതൃതീയ എത്തിയതോടെ ഈ വില കുറഞ്ഞ് പവന് 23,640 ലേക്ക് എത്തി.

Follow Us:
Download App:
  • android
  • ios