ആമസോൺ ഇന്ത്യയിൽ പിരിച്ചുവിടൽ ആരംഭിച്ചു. പിരിച്ചുവിട്ട ജീവനക്കാരെ ഇമെയിൽ വഴി അറിയിക്കുകയും 5 മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തിട്ടുമുണ്ട്
ദില്ലി: ജീവനക്കാരെ പിരിച്ചുവിടാൻ ആരംഭിച്ച് ആമസോൺ. ഇന്ത്യയിൽ നിന്നുള്ള ജീവനക്കാരെ ഉൾപ്പടെ 18000-ത്തിലധികം പേരെ പിരിച്ചുവിടൽ ബാധിക്കുമെന്ന് ആമസോൺ സിഇഒ ആൻഡി ജാസി വ്യക്തമാക്കി. പിരിച്ചുവിട്ടാതായി അറിയിച്ചുകൊണ്ട് ജീവനക്കാർക്ക് ഇമെയിൽ ലഭിച്ചതായാണ് റിപ്പോർട്ട്.
ടെക്, ഹ്യൂമൻ റിസോഴ്‌സ് തുടങ്ങി വിവിധ വകുപ്പുകളിലായി ആമസോണിന് ഇന്ത്യയിൽ ഏകദേശം 1000 ജീവനക്കാരെ പിരിച്ചുവിടാൻ കഴിയുമെന്ന് ഇതുനു മുൻപ് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ ഭീമന്മാർ പിരിച്ചുവിടൽ നടത്തിയതിന് പിന്നാലെ ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്വിറ്ററും ഫേസ്ബുക്കും പിരിച്ചുവിട്ടതിലും കൂടുതൽ പേരെ പിരിച്ചുവിടുമെന്നായിരുന്നു അന്ന് ആമസോൺ പ്രഖ്യാപിച്ചിരുന്നത്. ആദ്യഘട്ടമായി 10,000 പേരെ പുറത്താക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പിന്നീട് 8000 പേരെ കൂടി ചേർത്ത് 18,000 പേരെ പുറത്താക്കുമെന്നാണ് ആമസോൺ വ്യക്തമാക്കി.
നഷ്ടമുണ്ടാക്കിയ ഡിപ്പാർട്മെന്റുകളെയാണ് പിരിച്ചുവിടുന്നത്. പിരിച്ചുവിട്ട ജീവനക്കാരിൽ പുതുമുഖങ്ങളും പരിചയസമ്പന്നരായ ജീവനക്കാരുമുണ്ട്. ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം നൽകുമെന്ന് കമ്പനി വാഗ്ദാനം ചെയ്തു.
കോവിഡ് പകർച്ചവ്യാധി സമയത്ത് ആമസോൺ അമിതമായി ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും അതിനാൽ വരും ആഴ്ചകളിൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടേണ്ടതുണ്ടെന്നും ആമസോൺ സി ഇ ഒ വ്യക്തമാക്കി. ബാധിക്കപ്പെട്ട ജീവനക്കാർക്ക് ആശ്വാസമെന്ന നിലയിൽ, പിരിച്ചുവിടൽ വേതനം, ആരോഗ്യ ആനുകൂല്യങ്ങൾ, മറ്റ് ആവശ്യമായ പിന്തുണ നൽകുമെന്നും സി ഇ ഒ ആൻഡി ജാസി വ്യക്തമാക്കി.
ഈ തീരുമാനങ്ങളെ ഞങ്ങൾ നിസ്സാരമായി എടുക്കുകയോ ബാധിക്കപ്പെടുന്നവരുടെ ജീവിതത്തെ അവ എത്രത്തോളം ബാധിക്കുമെന്ന് കുറച്ചുകാണുകയോ ചെയ്യുന്നില്ല. ട്രാൻസിഷണൽ ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങൾ, എക്‌സ്‌റ്റേണൽ ജോബ് പ്ലേസ്‌മെന്റ് പിന്തുണ എന്നിവ ഉൾപ്പെടുന്ന പാക്കേജുകൾ നൽകുന്നു,” ആമസോൺ സിഇഒ പറഞ്ഞു.
