മുംബൈ: ആസ്തി വില്‍പ്പനയിലൂടെ 10,000 കോടി രൂപയുടെ നിക്ഷേപം കണ്ടെത്തി കടബാധ്യത കുറയ്ക്കാന്‍ അനില്‍ അംബാനി. ഇതിനുളള നടപടികള്‍ റിലയന്‍സ് ക്യാപിറ്റല്‍ തുടങ്ങിയതായാണ് ലഭിക്കുന്ന വിവരം. 

ആസ്തി വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് ഗ്രൂപ്പിന്‍റെ കടബാധ്യത 50 ശതമാനമെങ്കിലും കുറയ്ക്കാനാണ് അനില്‍ അംബാനി ആലോചിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ ഇത് നടപ്പാക്കും. കടം കൊടുത്ത് തീര്‍ക്കുന്നതിന്‍റെ ഭാഗമായി കമ്പനി ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിലയന്‍സ് ക്യാപിറ്റല്‍ അറിയിച്ചു. 

റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്മെന്‍റ് ലിമിറ്റഡിന്‍റെ മുഴുവന്‍ ഓഹരികളും വില്‍ക്കാനുളള നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്‍റെ 49 ശതമാനം ഓഹരികള്‍ വില്‍ക്കാനും കമ്പനിക്ക് നീക്കമുണ്ട്. റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പിന്‍റെ 42.88 ശതമാനം ഓഹരികളാണ് വില്‍പ്പനയ്ക്ക് വയ്ക്കുക. ഇവയുടെ നിലവില്‍ വിപണി മൂല്യം 5,000 കോടി രൂപയിലധികം വരും.